Sorry, you need to enable JavaScript to visit this website.

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും

തട്ടിപ്പിനെപ്പറ്റി അന്വേഷണം ഉത്തരവായിട്ടുണ്ട്. അന്വേഷിക്കാൻ ഒരു ഡസൻ ആരോപണങ്ങളില്ലെങ്കിൽ, ഭരണം എത്ര ബോറാകും? ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു മാത്രമല്ല, വ്യാജമായ വാർത്തകൾ സർക്കാരിനെതിരെ ആർ, എവിടെ, എങ്ങനെ എയ്തുകൂട്ടി എന്നും അന്വേഷിക്കണം. 

പഴയമൊഴിയാണ്, എന്നാലും പലതുകൊണ്ടും ഇനിയും ശരിയെന്നു തോന്നുന്നു, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം.  കഴിക്കുന്ന ആളുടെ രുചിഭേദമാകാം, സാധനത്തിന്റെ വിശേഷത ആവില്ല അതിനു കാരണം. അകിട്ടിൽ പാലുള്ളപ്പോഴും ചോര തേവി രസിക്കുന്ന കഴിഞ്ഞയാഴ്ചകളിൽ നല്ല കോളായിരുന്നു.
ഹിംസയുടെ വാശിയോടെ ഭൂമിയുടെ അടി ഇളകുകയും മാനം പൊട്ടിച്ചിതറുകയും ചെയ്തപ്പോൾ അതിനവസരമൊരുങ്ങി. 
മരണം വേർപാടിന്റെ കഥകൾ പറഞ്ഞു പരത്തി, അതിജീവനം ധീരതയുടെയും. പക്ഷേ ഒരു വ്യത്യാസം കാണാമായിരുന്നു. ആ കഥകളെയെല്ലാം രസാവഹമാക്കുന്നതായിരുന്നു തട്ടിപ്പിന്റെയും വ്യാജ വാർത്തയുടെയും കുറ്റവും കുറവും പങ്കുവെക്കുന്നതിന്റെയും വിവരണം. 
തട്ടിപ്പിനെപ്പറ്റി അന്വേഷണം ഉത്തരവായിട്ടുണ്ട്. അന്വേഷിക്കാൻ ഒരു ഡസൻ ആരോപണങ്ങളില്ലെങ്കിൽ, ഭരണം എത്ര ബോറാകും? ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നു മാത്രമല്ല, വ്യാജമായ വാർത്തകൾ സർക്കാരിനെതിരെ ആർ, എവിടെ, എങ്ങനെ എയ്തുകൂട്ടി എന്നും അന്വേഷിക്കണം. ആയിരം കൂട്ടം കാര്യങ്ങളിൽ സർക്കാർ സംവിധാനം മുഴുകിയിരിക്കുമ്പോൾ, പായ്യാരവും പരാതിയുമായി ക്യാമറക്ക്ു മുന്നിലെത്തുന്നത് നന്മയല്ല.  
വലിയ വായിൽ സംസാരിച്ചിരുന്ന ബി.ജെ.പി നേതാക്കൾ ലോക്‌സഭയിലേക്കു കയറാൻ കേരളത്തിൽനിന്ന് വഴി കാണാതായപ്പോൾ കുറഞ്ഞൊന്ന് ഇളിഭ്യരാകാതിരുന്നില്ല. വെള്ളം ചേർത്ത പാലും വെള്ളം ചേർക്കാത്ത ആരോപണങ്ങളും കയ്യിൽ കിട്ടിയപ്പോൾ അവർ ഉഷാറായി. കഴിഞ്ഞ തവണ കേന്ദ്രം കേരളത്തിന് പ്രകൃതിക്ഷോഭം നേരിടാൻ കൊടുത്ത പണത്തിൽ പാതി പോലും ഉപയോഗിച്ചിട്ടില്ലത്രേ, അതും അന്വേഷിക്കാം. ആരും അനങ്ങാതിരിക്കരുത്. നിവൃത്തിയില്ലെങ്കിൽ, എന്തെങ്കിലുമൊരു ആരോപണം ഉയരട്ടെ. അതു കൂടിയില്ലെങ്കിൽ 'ജീവിതം എന്ന ബോറ്' സഹിക്കാനാകുമോ?
കേന്ദ്രം കൊടുത്ത പണം ചെലവാക്കാത്തതിനെപ്പറ്റി ഒരു ബി.ജെ.പി നേതാവ് ഒരു മുള്ളു കൊണ്ട് കോറാൻ നോക്കി. ചിലയിടത്തുനിന്ന് അതിനു മറുപടിയെന്നോണം ശബ്ദമുയർന്നു. വിലാപവും നെടുവീർപ്പും ഉയർന്നു. രണ്ടും അടക്കിപ്പിടിച്ച മട്ടിലായിരുന്നു. മറ്റു ചിലർക്ക് രാഷ്ട്രീയ വിനോദമായി. ആർ എന്തു കുറ്റം ചെയ്തു എന്ന വാഗ്വാദമായി മറ്റുള്ളവർ ഇറങ്ങി. കൊതുകുകൾക്ക് ഇഷ്ടം എന്നും അങ്ങനെ ചിലതാണല്ലോ.
ആശങ്ക, ഭയം അതിനെ വലയം ചെയ്തിരിക്കുന്നു. ഇനിയും ഇതാവർത്തിക്കുമോ? അടുത്ത കൊല്ലം, അതിനടുത്ത കൊല്ലം, അതിനടുത്തതും പിന്നത്തേതും കൊല്ലങ്ങൾ? ഇക്കൊല്ലം തന്നെ കഴിഞ്ഞ കൊല്ലത്തിന്റെ തനിയാവർത്തനമാണെന്ന് ചിലർ പറയുന്നുണ്ടല്ലോ. ആയിരം പേർ പോയിരിക്കുന്നു. പലർക്കും വെള്ളം നിറഞ്ഞ കുഴിയിൽ ജീവനോടെയായിരുന്നു സംസ്‌കാരം. ചിലയിടത്ത് കൊച്ചു കൊച്ചു ഭൂഖണ്ഡങ്ങൾ അടർന്നു വീണു. വയനാട്ടിലെ കൊച്ചുകുന്നുകളിൽ വെള്ളം കേറുമെന്നു കരുതിയതല്ല. വെള്ളം അതിന്റേതല്ലാത്ത വഴി നോക്കുകയായിരുന്നു. മണ്ണിൽ കുതിർന്ന കുന്നിൻ നെറുകകൾ ഒലിച്ചിറങ്ങിയപ്പോൾ ബാക്കിയായത് പിറുപിറുക്കുന്ന ശൂന്യത മാത്രം.
കവളപ്പാറയുടെ വിലാസം തന്നെ കാണാതായി. കുട്ടിക്കാലത്ത് കേട്ടു പഠിച്ചതാണ് ആ സ്ഥലനാമം, കവളപ്പാറ. കവളപ്പാറ നായർ എത്രയോ നാടുകൾ അടക്കി വാണിരുന്ന നാടുവാഴിയായിരുന്നു? മറ്റൊരു നായരുണ്ടായിരുന്നു കവളപ്പാറയിൽ, 'കവിളൊട്ടുപ്പറ്റിയ കുഞ്ഞൻ പാപ്പാൻ.' കവളപ്പാറ കൊമ്പന്റെ ഒന്നാം പാപ്പാൻ. മദം പൊട്ടിയ കൊമ്പനെ തളക്കാൻ കുളത്തിലിറങ്ങിയ കുഞ്ഞൻ പാപ്പാനെ വളർത്തുമോൻ കുത്തിക്കൊന്നു. അതൊരു പാട്ടായി, പാട്ട് പുസ്തകമായി, മലയാളത്തിനു മുതൽക്കൂട്ടായി. ആ നാട്ടുപുരാണമാകാം ഞാൻ വായിച്ച ആദ്യത്തെ സാഹിത്യം. ഈ സ്വകാര്യ സ്മൃതിയെയും ഉള്ളിലാക്കിക്കൊണ്ട് കവളപ്പാറ ഭൂമിയുടെ ഗർഭഗൃഹത്തിൽ ഒളിഞ്ഞിരിക്കുന്നു, ഒരിക്കലും ഉണ്ടാകാത്ത പ്രസവവും കാത്തുകൊണ്ട്.
ഇതിന്റെ ആവർത്തനത്തിനു വേണ്ടി നമ്മൾ കാത്തിരിക്കുന്നുവോ? എല്ലാം നിത്യമായ ആവർത്തനത്തിന് വിധേയമായിരിക്കുന്നു എന്നത്രേ നീത്‌ഷേയുടെ സിദ്ധാന്തം. എന്തൊരു ചിട്ടയോടെയായിരുന്നു ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ വരവ്! നാളും പക്കവും ഒത്തുനോക്കി മലയിടിയുകയും മഴ മുഴങ്ങുകയും ചെയ്തതു പോലെ. ദുരൂഹമായ താളത്തിൽ ഇന്നേക്ക് ഒരു കൊല്ലം കഴിഞ്ഞ് ദുരന്തം സടകുടഞ്ഞെഴുന്നേൽക്കുമോ? മരണത്തിന്റെ മണമുള്ള പേടി ഒരു നിത്യതയായിരിക്കുന്നു. പേടിക്കാൻ ന്യായമുണ്ട്. പേടിക്ക് അടിവരയിടുകയും പേടിയെ മൃത്യുയുക്തിയുടെ നിരന്തരമായ ആവർത്തനവും പരസ്പരദായകത്വം ആക്കുകയും ചെയ്തിരിക്കുന്നുവോ ഇത്തവണത്തെ അനുഭവം?
യാദൃഛികമായി രാഹുൽ ഗാന്ധി മത്സരിക്കാൻ തെരഞ്ഞെടുത്തതാണ് വയനാട്. പണ്ടേക്കു പണ്ടേ ചൂഷണം ചെയ്യപ്പെട്ടുവരുന്നതാണ് ആ പ്രദേശം. കേരളത്തിലെ ആഫ്രിക്ക എഴുതിയ കെ. പാനൂർ അതിന്റെ സാമൂഹ്യ ശാസ്ത്രവശം മനസ്സിലാക്കി. കൃഷിക്കും കെട്ടിടത്തിനുമായി മലയിടിച്ചവരും അവരുമായി വ്യവസായത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചങ്ങാത്തം സ്ഥാപിച്ചവരും വയനാടിന്റെ വളർച്ചയിലും തളർച്ചയിലും പറ്റുകാരായിരുന്നു.  തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിൽനിന്നും വയനാട്ടിൽ അടിഞ്ഞുകൂടിയ ഭാഗ്യാന്വേഷികളുടെ മോക്ഷത്തിന്റെയും മോക്ഷ വ്യാഹതിയുടെയും കഥ ഉത്തര കേരളത്തിന്റെ, കോഴിക്കോടിന്റെ, ഒരു ദേശത്തിന്റെ, കാഥികൻ വിഷാദകന്യക എന്ന ആഖ്യായികയാക്കി. കൊടി കെട്ടി കേറാൻ വെമ്പുന്ന മനുഷ്യന്റെ ഇഛയുടെയും ഉദ്യമത്തിന്റെയും ദുരന്തം അന്വേഷിക്കുന്നതായിരുന്നു വിഷകന്യക. 
ഇടുക്കിയിലും വയനാട്ടിലും മനുഷ്യാക്രമണം സഹിച്ച പശ്ചിമഘട്ടത്തിന്റെ ദൈന്യം പഠിച്ച മാധവ് ഗാഡ്ഗിൽ പിന്തുടർന്നത് ഭാവനയുടെ വഴിയായിരുന്നില്ല. പശ്ചിമഘട്ടത്തിന്റെ രമണീയതയിൽ വ്യാമുഗ്ധമായ കാളിദാസ കൽപനയെ സൂചിപ്പിച്ചുകൊണ്ട് തുടങ്ങുന്നു ആ ജൈവ ശാസ്ത്രജ്ഞന്റെ ധ്യാനനിരതമായ പഠനം. അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിയായിരുന്നു കാളിദാസന് പശ്ചിമഘട്ടം. അറിവിന്റെയും അപഗ്രഥനത്തിന്റെയും വെളിച്ചത്തിൽ ആ പർവത നിരക്കു പറ്റിക്കൊണ്ടിരുന്ന വിപര്യയം ഗാഡ്ഗിൽ മിതവും സത്യവുമായ ശൈലിയിൽ അവതരിപ്പിച്ചു.
ഗാഡ്ഗിലിന്റെ വൈരികളായി പശ്ചിമഘട്ടത്തെ ലേലം കൊണ്ട വൈദികരും കൊടിമരക്കാരും. മിതമായി അബദ്ധം പറയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികൾ അദ്ദേഹത്തിന്റെ നിഗമനം അപ്രായോഗികമായി കണ്ടു. 
തീപ്പിടിച്ച വിചാരമുള്ളവർ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ പ്രസ്ഥാനങ്ങൾ ഉരുക്കിയെടുത്തു. എന്നാലും രോഷാകുലയായ ഭൂമിയുടെ സ്വരവും നിറവും മണവും ഉള്ളുകൊണ്ടറിഞ്ഞ മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകി, ഇനിയും വനഭൂമിക്കെതിരെ അക്രമം തുടർന്നാൽ ആപത്താകും. അഞ്ചു കൊല്ലത്തിനകം ആപത്ത് പൊട്ടിയിറങ്ങാം. അത്ര തന്നെ വേണ്ടി വന്നില്ല വയനാടും നിലമ്പൂരും ഇടുക്കിയും ഇടയാനും ഇടിയാനും.
ഭാവിയുടെ ദുർമുഖം സത്യമായി പ്രസ്താവിച്ചിരുന്ന കസാന്ദ്ര എന്ന യവന പ്രവാചകയെ ആളുകൾ വിശ്വസിച്ചില്ല. ആപത്ത് പിണഞ്ഞതിനു ശേഷമേ കസാന്ദ്രക്ക് വിശ്വാസ്യത കൈവന്നുള്ളൂ. പ്രൊഫസർ മാധവ് ഗാഡ്ഗിലിനെ അവിശ്വസിച്ചവർക്ക് വയനാടും ഇടുക്കിയും നേരത്തേ തന്നെ അനുഭവ പാഠം കൊടുത്തു തുടങ്ങിയിരിക്കുന്നു. കടലിൽനിന്ന് കേരളം കടഞ്ഞെടുത്ത പരശുരാമൻ പിന്മുറക്കാർ കരയിലും കാട്ടിലും കടലിലും കാട്ടിക്കൂട്ടുന്നതെല്ലാം നോക്കി അത്ഭുതപ്പെടുന്നുണ്ടാവും.
 

Latest News