Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരിലെ മനുഷ്യാവകാശ ലംഘനം: ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു-ഷെഹ്ല റാഷിദ്

ന്യൂദൽഹി- കശ്മീരിൽ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നുണ്ടെന്ന തന്റെ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ തയ്യാറാണെങ്കിൽ സൈന്യത്തിന് വിവരം നൽകാൻ തയ്യാറാണെന്നും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദ്. സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന ആരോപണത്തിൽ വിശദീകരണം നൽകുകയായിരുന്നു ഷെഹ്ല. ഇന്ത്യൻ സൈന്യത്തിന് വിശദാംശങ്ങൾ നൽകാൻ എനിക്കു സന്തോഷമേയുള്ളൂ. ഞാനെഴുതിയത് വളരെ നിഷ്പക്ഷമായാണ്. ഭരണകൂടത്തിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളും ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് കാര്യങ്ങൾ എഴുതിയതെന്നും ഷെഹ്ല വ്യക്തമാക്കി. 

'ഫോൺ, പത്രം, ഇന്റർനെറ്റ് സേവനങ്ങളുടെ അഭാവത്തിൽ കശ്മീരിൽ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. അത് ലോകത്തിന് കാണാൻ കഴിയില്ല. 4000 മുതൽ 6000 വരെ ആളുകൾ അറസ്റ്റിലായതായി എ.എഫ്.പി റിപ്പോർട്ടുണ്ട്. ജനങ്ങളെ വീട്ടിൽ നിന്നും വലിച്ചിഴച്ച് മർദ്ദിച്ചുകൊണ്ട് അറസ്റ്റു ചെയ്യുകയാണ്. ലോകത്തിൽ നിന്നും സർക്കാറിന് മറ്റൊന്നും ഒളിപ്പിച്ചുവെക്കാനില്ലെങ്കിൽ എന്തിനാണ് ആശയവിനിമയത്തിന് നിരോധനമെന്നും ഷെഹ്്‌ല ചോദിക്കുന്നു.
കശ്മീർ പൂർണമായും സൈന്യത്തിന് കീഴിലാണെന്ന് ഷെഹ്ല ആരോപിച്ചിരുന്നു. 'ക്രമസമാധാന പാലനത്തിൽ ജമ്മുകശ്മീർ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങൾ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആർ.പി.എഫുകാരന്റെ പരാതിയിൽ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സർവ്വീസ് റിവോൾവർ പോലും അവരുടെ പക്കലില്ല. 'സായുധസേന രാത്രി വീടുകളിൽ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നു' ഷോപ്പിയാൻ മേഖലയിൽ നിന്നും നാലുപേരെ സൈന്യം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി. പ്രദേശവാസികളെ ഭയപ്പെടുത്താൻ പിടിച്ചുകൊണ്ടുപോയവർ കരയുന്നത് പുറത്തേക്ക് കേൾക്കാൻ മൈക്ക് സ്ഥാപിച്ചെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു. അതേസമയം, ഷെഹ്‌ലയുടെ ആരോപണങ്ങൾ സൈന്യം തള്ളിയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിതെന്നും സ്ഥിരീകരണമില്ലാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നുമായിരുന്നു സൈന്യത്തിന്റെ മറുപടി.
 

Latest News