സൗദി മലയാളികള്‍ ചികിത്സ തേടാതെ ചത്തു പണിയെടുക്കുന്നുവെന്ന് പഠനം

കോഴിക്കോട്- ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചിട്ടും സൗദിയിലെ മലയാളികള്‍ ആവശ്യമായ ചികിത്സ തേടുന്നില്ലെന്ന് പഠനം. ഭാരിച്ച ചികിത്സാ ചെലവാണ് ഇതിനു പ്രധാന കാരണമെന്നും കാഴിക്കോട് മിംസ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയതെന്ന് ഇതുസംബനധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഗള്‍ഫ് മലയാളികളില്‍ മാനസികസംഘര്‍ഷവും അസുഖങ്ങളും കൂടുതല്‍ സൗദിയിലുള്ളവരിലാണ്. പൊണ്ണത്തടി, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവയെല്ലാം സൗദി മലയാളികളില്‍ കൂടുതലാണ്. ഉറക്കക്കുറവ്, അമിത ഉറക്കം, ഉത്കണ്ഠ, തലവേദന, പേശീവേദന എന്നിവയും കൂടുതലാണ്.
സ്വദേശിവത്കരണം നടപ്പായതോടെ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിരുന്നു. ഇപ്പോഴുള്ള പലരും ജോലി പോകുമെന്ന ആശങ്കയിലാണ്. ഇത്തരം തൊഴില്‍ സമ്മര്‍ദങ്ങളാണ് ആളുകളെ പ്രധാനമായും സമ്മര്‍ദത്തിലാക്കുന്നത്.
സൗദിയിലുള്ളവര്‍ അധികസമ്മര്‍ദം നേരിടുന്നതായി ആദ്യം നിരീക്ഷിച്ചത് മിംസിലെ ഫാമിലി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. ബിജയ് രാജ് ആണ്. തുടര്‍ന്ന് പി.ജി. വിദ്യാര്‍ഥിനി ഡോ. ഇ. സുധന്യ ഇത് പഠനവിഷയമാക്കി. നിരന്തര മദ്യപാനശീലമില്ലാത്ത 600 പുരുഷന്‍മാരെയാണ് പഠനത്തിനു വിധേയമാക്കിയത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ പോകുന്നവരിലേറെയും സാദാ ജോലിക്കാരാണ്. വേതനവും കുറവാണ്. സൗദിയിലെ ഭാരിച്ച ചികിത്സച്ചെലവ് ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ പോലും വ്യക്തിഗത ആവശ്യത്തിനുള്ള ചില മരുന്നുകള്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതില്‍ നിയന്ത്രണമുണ്ട്. മറ്റിടങ്ങളിലേക്ക് മൂന്നുമാസത്തേക്കുള്ള മരുന്നെങ്കിലും ഒരുമിച്ചു കൊണ്ടുപോകാം. എന്നാല്‍, സൗദിയിലേക്ക് ഇങ്ങനെ പറ്റില്ല.
രോഗം ചികിത്സിക്കാനാവാത്തത് പലരെയും മാനസിക സമ്മര്‍ദത്തിലാക്കന്നു. ഉറക്കമില്ലായ്മയും ഉത്കണ്ഠയും പിന്നാലെ പിടികൂടുന്നു. ദീര്‍ഘകാലത്തേക്ക് അവധിയെടുക്കാതെ ജോലിചെയ്യുന്നവരാണ് സൗദി മലയാളികള്‍. ജോലിഭാരവും സമ്മര്‍ദത്തിന് ആക്കംകൂട്ടുമെന്ന് പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

 

Latest News