Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 30 അഭിഭാഷകര്‍ക്കെതിരെ നടപടി; ലൈസന്‍സ് റദ്ദാക്കി

റിയാദ് - നിയമ ലംഘനങ്ങൾക്ക് കഴിഞ്ഞ വർഷം മുപ്പതു അഭിഭാഷകർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായി സൗദി ബാർ അസോസിയേഷൻ വെളിപ്പെടുത്തി. ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് മുപ്പതു പേരുടെ ലൈസൻസ് ബാർ അസോസിയേഷൻ റദ്ദാക്കി.   148 അഭിഭാഷകർക്കെതിരായ കേസുകൾ  നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 
വ്യാജ സാക്ഷി മൊഴി നൽകുന്നതിന് അന്വേഷണ കമ്മിറ്റി നിർബന്ധിച്ചതായി തെളിവില്ലാതെ ആരോപിക്കൽ, നിയമസാധുതയില്ലാതെ കക്ഷികളുടെ ചെക്ക് പിടിച്ചുവെക്കൽ, ജഡ്ജിമാരോട് മോശം രീതിയിൽ സംസാരിക്കൽ, അഭിഭാഷകരായി ആൾമാറാട്ടം നടത്തുന്നതിന് മറ്റുള്ളവരെ അനുവദിക്കൽ, വിചാരണ പൂർത്തിയാകുന്നതിനു മുമ്പായി കേസിനെ കുറിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തൽ, വിചാരണക്കിടെ അച്ചടക്കവും മര്യാദയും പാലിക്കാതിരിക്കൽ, മോശം പെരുമാറ്റം, നിയമം മറികടക്കുന്നതിന് തട്ടിപ്പുകൾ നടത്തൽ, കക്ഷികളായ അന്തരാവകാശികളുടെ സ്വത്തുക്കൾ അനുമതിയില്ലാതെ കൈകാര്യം ചെയ്യൽ, തെറ്റായ കാര്യങ്ങളെ കുറിച്ച പ്രസ്താവന നടത്തൽ, എതിർ കക്ഷിയുടെ സാക്ഷികളെ സ്വാധീനിക്കൽ, സ്വന്തം നിലക്ക് അഭിഭാഷക മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി പൗരന്മാർക്ക് കൂട്ടുനിൽക്കൽ, കോടതിയിൽ ജഡ്ജിക്കെതിരെ കള്ളം പറയൽ, അഭിഭാഷകനായി ആൾമാറാട്ടം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം ചേർന്ന് ലോ ഓഫീസ് സ്ഥാപിക്കൽ, തന്റെ കക്ഷിയുടെ എതിർ കക്ഷിക്ക് അപകീർത്തിയുണ്ടാക്കൽ, നീതിന്യായ സംവിധാനത്തിനും കോടതി വിധിക്കും അപകീർത്തിയുണ്ടാക്കൽ, അപകീർത്തിപരമായ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൽ, കേസ് നടത്തിപ്പിന് കരുതിക്കൂട്ടി കാലതാമസം വരുത്തൽ, ജഡ്ജിയെ തെറിവിളിക്കൽ, സൗദി പൗരന്മാരെ ആക്രമിക്കൽ, ഇന്റർനെറ്റിലൂടെയുള്ള നിയമ-സദാചാര നിയമ ലംഘനങ്ങൾ, പോലീസിനെതിരെ കള്ളം പറയൽ, കേസിലെ എതിർകക്ഷികളായ രണ്ടു വിഭാഗവുമായും കേസ് വാദിക്കുന്നതിന് ധാരണയുണ്ടാക്കൽ, അനുമതിയില്ലാതെ വിചാരണ നടക്കുന്ന മുറിയിൽ പ്രവേശിക്കൽ, ആവശ്യപ്പെടുമ്പോൾ ലൈസൻസ് കാണിച്ചുകൊടുക്കാതിരിക്കൽ, വ്യാജ കരാറുകളുണ്ടാക്കൽ, കർത്തവ്യങ്ങളും ബാധ്യതകളും പാലിക്കാതിരിക്കൽ, കക്ഷികളെ ഭീഷണിപ്പെടുത്തൽ, ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക എഴുത്തുകുത്തുകളുടെ കോപ്പി നിയമ വിരുദ്ധമായി കൈവശപ്പെടുത്തൽ, പഴയ പദവികളെക്കുറിച്ച് ലോ ഓഫീസ് ബോർഡിലും രേഖകളിലും രേഖപ്പെടുത്തൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് അഭിഭാഷകർക്കെതിരെ സൗദി ബാർ അസോസിയേഷൻ അച്ചടക്ക, നിയമ നടപടികൾ സ്വീകരിക്കുന്നത്. 

 

Latest News