Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ സൗദികള്‍ക്കുനേരെ ആക്രമണം; സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ്

റിയാദ് - ഇസ്താംബൂളിലുള്ള സൗദി സന്ദർശകർക്ക് തുർക്കിയിലെ സൗദി എംബസി മുന്നറിയിപ്പ് നൽകി. ഇസ്താംബൂളിൽ രണ്ടു സൗദി പൗരന്മാർ ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. ഇസ്താംബൂളിലെ ഷിഷ്‌ലി ഏരിയയിൽ വെച്ചാണ് സൗദി പൗരന്മാർക്കു നേരെ ആക്രമണമുണ്ടായത്. 
ഇതിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരുടെ ലഗേജുകൾ അക്രമി സംഘം കവരുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഇസ്താംബൂളിലെ സൗദി സന്ദർശകർ ജാഗ്രത പാലിക്കണം. സന്ധ്യാസമയത്തിനു ശേഷം തഖ്‌സീം, ഷിഷ്‌ലി ഏരിയകളിൽ നിന്ന് സൗദി പൗരന്മാർ വിട്ടുനിൽക്കണമെന്നും തുർക്കിയിലെ സൗദി എംബസി ആവശ്യപ്പെട്ടു. 
ഈ വർഷം തുർക്കിയിലെ സൗദി എംബസി പുറപ്പെടുവിക്കുന്ന ആറാമത്തെ മുന്നറിയിപ്പാണിത്. പാസ്‌പോർട്ടുകളും പണവും കവരുന്ന തുർക്കി മാഫിയകൾക്കെതിരെ കഴിഞ്ഞ മാസം തുർക്കിയിലുള്ള സൗദി പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. 
തുർക്കിയിലെ മൂന്നു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വെച്ച് 165 സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ സൗദി പൗരന്മാരുടെ പണവും പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും പോക്കറ്റടിക്കപ്പെട്ട നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാസ്‌പോർട്ടുകളും വിലപിടിച്ച വസ്തുക്കളും സൗദി സന്ദർശകർ നന്നായി സൂക്ഷിക്കണമെന്നും തിരക്കുള്ള പ്രദേശങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. 
അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായും ഇസ്താംബൂളിലെ സൗദി കോൺസുലേറ്റുമായും ബന്ധപ്പെടുന്നതിന് മടിച്ചുനിൽക്കരുതെന്നും സൗദി എംബസി സൗദി പൗരന്മാരോട് പറഞ്ഞു. പാസ്‌പോർട്ടുകളും പണവും മറ്റും നഷ്ടപ്പെടുന്നതിനെ കുറിച്ച് തുർക്കിയിൽ കഴിയുന്ന സൗദി പൗരന്മാരുടെ പരാതികൾ സ്വീകരിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സൗദി എംബസി തുറന്നിട്ടുണ്ട്. 
അക്രമണ, മോഷണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുർക്കിയിലേക്കുള്ള സൗദി സന്ദർശകരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് ഇസ്താംബൂൾ സൗദി കോൺസുലേറ്റ് വൃത്തങ്ങൾ പറഞ്ഞു. 

Latest News