Sorry, you need to enable JavaScript to visit this website.

അല്‍ശൈബ ഡ്രോണ്‍ ആക്രമണം വലിയ ഭീഷണിയെന്ന് യു.എ.ഇ

ദുബായ് - അൽശൈബ എണ്ണപ്പാടത്തിനു നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണം യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എൻ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങളോടുള്ള ഹൂത്തി മിലീഷ്യകളുടെ അവജ്ഞക്ക് മറ്റൊരു ഉദാഹരണമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. യെമനികൾ ഒരുമിച്ചു നിൽക്കുകയും സർക്കാർ പ്രവർത്തനം ശക്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഹൂത്തികൾ ആക്രമണങ്ങൾ തുടരുന്നത് സ്റ്റോക്ക്‌ഹോം സമാധാന കരാറിന് ഏറ്റവും വലിയ ഭീഷണിയാണെന്നും ഡോ. അൻവർ ഗർഗാശ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ഡോ. അൻവർ ഗർഗാശ് പറഞ്ഞു. 
 അൽശൈബ ഭീകരാക്രമണത്തെ അപലപിക്കുന്നതായി യു.എ.ഇ പറഞ്ഞു. മേഖലയിൽ സുരക്ഷാ ഭദ്രതയും സമാധാനവും തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ലോകത്ത് എണ്ണ ലഭ്യതക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം യു.എ.ഇ ആവർത്തിച്ചു. സൗദി അറേബ്യക്കൊപ്പം യു.എ.ഇ ഉറച്ചുനിൽക്കും. രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും തീവ്രവാദവും ഭീകരവാദവും ചെറുക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളെയും യു.എ.ഇ പിന്തുണക്കും. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സുരക്ഷ അവിഭാജ്യമാണ്. സൗദി അറേബ്യ നേരിടുന്ന ഏതു വെല്ലുവിളിയും യു.എ.ഇയുടെ സുരക്ഷാ ഭദ്രതക്കെതിരായ വെല്ലുവിളിയാണെന്നും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അൽശൈബ ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ആക്രമണത്തെ അപലപിച്ച ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കുമൊപ്പം ഒ.ഐ.സി നിലയുറപ്പിക്കുമെന്ന് പറഞ്ഞു. സൗദി അറേബ്യയുടെ സുരക്ഷാ ഭദ്രതയെയും ആഗോള തലത്തിലെ എണ്ണ സുരക്ഷയെയുമാണ് അൽശൈബ ആക്രമണം ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മേഖലയെ കൂടുതൽ സംഘർഷങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതിനും ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ആഗോള സമൂഹം ശക്തമായ നടപടിയെടുക്കണം. രാജ്യരക്ഷ കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കുമൊപ്പം കുവൈത്ത് നിലയുറപ്പിക്കുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഈജിപ്തും ബഹ്‌റൈനും ജോർദാനും ജിബൂത്തിയും അഫ്ഗാനിസ്ഥാനും മറ്റു രാജ്യങ്ങളും അൽശൈബ ആക്രമണത്തെ അപലപിച്ചു. 


 

Latest News