പെഹ് ലുഖാന്റെ നാട്ടില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; 39 കാരന്‍ ആശുപത്രിയില്‍

ജയ്പൂര്‍- ഏറെ വിവാദമായ പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ട കൊലപാതകം നടന്ന രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. പെഹ്‌ലുഖാന്റെ നാടായ ആല്‍വാറില്‍ തന്നെയാണ് പുതിയ സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് അസം സ്വദേശിയായ ചന്ദ്രശേഖര്‍ എന്ന 39 കാരനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കിഷന്‍ഗഡ് ബാസ് താലൂക്കില്‍ മുസാ ഖേര ഗ്രാമത്തിലാണ് സംഭവം.
സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് യുവാവിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തുമ്പോള്‍ യുവാവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും രക്ഷപ്പെടുത്തി  ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. യുവാവിന്റെ തലയ്ക്കാണ് പ്രധാനമായും പരിക്ക്. മര്‍ദനത്തിനിരയായ യുവാവിന്റെ മൊഴി പ്രകാരം 21 പേര്‍ക്കെതിരെ മര്‍ദിച്ചവര്‍ക്കെതിരെ എഫ്.ഐ. ആര്‍ ഫയല്‍ ചെയ്തതായി പോലീസ് പറഞ്ഞു.  ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.  

 

 

Latest News