കാബൂളിനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം; ഒമ്പത് മരണം

കാബൂൾ- ശനിയാഴ്ച്ച രാത്രി വിവാഹ ചടങ്ങിനിടെയുണ്ടായ അതിഭീകര ചാവേർ ആക്രമണത്തിന് പിന്നാലെ ഇന്ന് വീണ്ടും കാബൂളിനെ ഞെട്ടിച്ച് സ്‌ഫോടനം.  ബാല്‍ക്ക് പ്രവിശ്യയിലെ ദൗലത് അബാദ് ജില്ലയിലെ  റോഡരികിലാണ് വീണ്ടും രാജ്യത്തെ വിറപ്പിച്ച രണ്ടാമത് സ്‌ഫോടനം അരങ്ങേറിയത്. ഞായറാഴ്ച രാവിലെയുണ്ടായ  സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  12 മണിക്കൂറിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.
        കാബൂളില്‍ ശനിയാഴ്ച്ച രാത്രി വിവാഹ ചടങ്ങിനിടെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിവാഹ പന്തലിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പാണ് രാജ്യത്തെ ഭീതിയിലാഴ്ത്തി വീണ്ടും സ്‌ഫോടനം അരങ്ങേറിയത്. അഫ്‌ഗാനിസ്ഥാനിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുന്നതിനായി താലിബാനും യു.എസും തമ്മില്‍ അന്തിമചര്‍ച്ച നടക്കുന്നതിനിടെയാണ് അഫ്‌ഗാനിൽ സ്ഥിഗതികൾ കുഴഞ്ഞു മറിയുന്നത്. 

Latest News