ഉപാധികളില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ബ്രിട്ടനില്‍ വരാനിരിക്കുന്നത് ഭക്ഷ്യ, ഇന്ധന ക്ഷാമമെന്ന്

ലണ്ടന്‍- വ്യക്തമായ ഉപാധികളുള്ള ഒരു കരാര്‍ ഉണ്ടാക്കാതെ ബ്രെക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുകയാണെങ്കില്‍ അത് രാജ്യത്ത് ഭക്ഷണ, ഇന്ധന ക്ഷാമത്തിന് വഴിവെക്കുമെന്ന് സര്‍ക്കാര്‍ രേഖകള്‍. സണ്‍ഡെ ടൈംസിലൂടെയാണ് അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ പുറത്തു വന്നത്. തുറമുഖങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുകയും അയര്‍ലന്‍ഡ് അതിര്‍ത്തിയും പ്രശ്‌നമാകുമെന്നും ഈ രേഖകളില്‍ പറയുന്നു. ക്യാബിനെറ്റ് ഓഫീസ് നടത്തിയ പ്രവചനങ്ങള്‍ ബ്രെക്‌സിറ്റിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതമായിരിക്കുമെന്ന് ദി ടൈംസ് റിപോര്‍ട്ട് പറയുന്നു. ചോര്‍ന്ന രേഖകളെ കുറിച്ച് പ്രതികരിക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഓഫീസ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്.

അതിര്‍ത്തി കടക്കുന്ന 85 ശതമാനം ലോറികളും കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും. ഇത് പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും മൂന്ന് മാസങ്ങള്‍ വരെ നീളുന്ന ട്രാഫിക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ടൈംസ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന. ബ്രിട്ടീഷ് പ്രവിശ്യയായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡും യുറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡും തമ്മില്‍ പങ്കിടുന്ന അതിര്‍ത്തിയും കര്‍ശനമാക്കേണ്ടി വരുമെന്ന് ബ്രിട്ടന്‍ കണക്കുകൂട്ടുന്നു. വ്യാപക പരിശോധനയും നിയന്ത്രണങ്ങളും സുസ്ഥിരമാക്കാന്‍ കഴിയുന്നതല്ലെന്നും രേഖകളിലുള്ളതായി ടൈംസ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 

Latest News