ബി.ജെ.പിയുടെ ലഡാക്ക് എം.പിക്ക് ഭിന്നസ്വരം; യു.എന്നില്‍ ചര്‍ച്ചയായത് നന്നായെന്ന്

ന്യൂദല്‍ഹി- കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഭിന്ന നിലപാടുമായി ലഡാക്കില്‍നിന്നുള്ള ബി.ജെ.പി എം.പി. ലഡാക്ക് വിഷയം യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്ന്  ജംയാംഗ് സെറിംഗ്. പറഞ്ഞു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോടാണ് ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായം പ്രകടിപ്പിച്ചത്.  
ജമ്മു കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് ലഡാക്ക് ചര്‍ച്ചയാകാന്‍ കാരണമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ലഡാക്ക് യുഎന്നിലോ പാര്‍ലമെന്റില്‍ പോലുമോ ചര്‍ച്ചയായിരുന്നില്ലെന്നും സെറിംഗ് പറഞ്ഞു.

ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം യു.എന്‍. രക്ഷാസമിതി ചര്‍ച്ച ചെയ്തിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ  ആഭ്യന്തര കാര്യം മാത്രമാണെന്ന് വിശദീകരിച്ച കേന്ദ്ര സര്‍ക്കാര്‍ യു.എന്‍ നടപടിയെ അപലപിച്ചിരുന്നു.  ഇതിനു വിരുദ്ധമായാണ് ബി.ജെ.പി എം.പിയുടെ പരാമര്‍ശം.
ഈ മാസം അഞ്ചിനാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍യിരുന്ന ഭരണഘടനയുടെ അനുഛേദം 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങളനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കാനും  തീരുമാനിച്ചിരുന്നു.

 

Latest News