ന്യൂദല്‍ഹി- ജനുവരിയോടെ തന്നെ വില്‍പന പ്രക്രിയ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതോടെ എയര്‍ഇന്ത്യയെ പകുത്ത് വില്‍ക്കാന്‍ ആലോചന. രണ്ടോ മൂന്നോ ഭാഗമാക്കിയാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നത്. എയര്‍ഇന്ത്യ വില്‍പനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനയാണിത്.
മാറിമാറി വന്ന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിച്ചിട്ടും കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ വിറ്റൊഴിവാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. 1930 കളില്‍ സ്ഥാപിക്കപ്പെട്ട ശേഷം തലമുറകളായി രാജ്യം കൊണ്ടു നടക്കുന്ന മഹാരാജയെ നിലനിര്‍ത്താന്‍ 2012 മുതല്‍ 360 കോടി ഡോളറാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്‌സും വിപണിയില്‍ മുന്നേറുമ്പോഴാണ് എയര്‍ഇന്ത്യയുടെ വിപണിമൂല്യം 13 ശതമാനം ഇടിഞ്ഞത്. വില്‍പനക്ക് തുടക്കം കുറിക്കാന്‍ 2018 ജനുവരി പ്രധാനമന്ത്രി മോഡി സമയം നിശ്ചയിച്ചുവെന്നാണ് വിവരം.
എയര്‍ഇന്ത്യക്ക് ആറ് ഉപവിഭാഗങ്ങളാണുള്ളത്. ഇതില്‍ 460 കോടി ഡോളര്‍ ആസ്തിയുള്ള മൂന്നെണ്ണമാണ് വലിയ നഷ്ടമുണ്ടാക്കുന്നത്. രണ്ട് ഹോട്ടലുകള്‍ ഉള്‍പ്പെടെ 124 കോടി ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് ആസ്തിയുമുണ്ട്. കമ്പനിയുടെ മൊത്തം ആസ്തിയുടെ കണക്ക് നേരാംവണ്ണം കണക്കാക്കിയിരുന്നില്ല. എം.എഫ് ഹുസൈന്റെ ചിത്രങ്ങളടക്കം 30 ദശലക്ഷം ഡോളറിന്റെ കലാവസ്തുക്കളാണ് മുംബൈ ഓഫീസുകളില്‍നിന്ന് കാണാതായതെന്ന് ചെയര്‍മാന്‍ അശ്വനി ലോഹാനി ഈയിടെ വെളിപ്പെടുത്തിയിരുന്നു.
വില്‍പനക്കള്ള അന്തിമരൂപരേഖ തയാറാക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ അഞ്ച് സീനിയര്‍ മന്ത്രിമാരുടെ യോഗം ഈ മാസം ചേരുന്നുണ്ട്. വില്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തന്നെയാവണെന്ന് പ്രധാനമന്ത്രി മോഡിക്കും സര്‍ക്കാരിനും താല്‍പര്യമുണ്ട്. അതാണ് ടാറ്റാ സണ്‍സിനേയും ഇന്‍ഡിഗോയേയും പരിഗണിക്കാനുളള മുഖ്യകാരണം.
വ്യോമയാന മന്ത്രാലയത്തിലേയും പ്രധാനമന്ത്രിയുടെ ഓഫീസിലേയും ഉദ്യോഗസ്ഥര്‍ ഈയിടെ രത്തന്‍ ടാറ്റയുമായി ചര്‍ച്ച നടത്തിയിരുന്നു. 1953 ല്‍ ദേശസാല്‍കരിക്കുന്നതുവരെ എയര്‍ ഇന്ത്യ നടത്തിയിരുന്ന ടാറ്റ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുള്ള കമ്പനിയാണ്. ഇന്ത്യയില്‍ രണ്ട് വിമാന സംയുക്ത സംരംഭങ്ങളുള്ള ടാറ്റക്ക് എയര്‍ ഇന്ത്യയുടെ ഏതു ഭാഗത്തിലാണ് താല്‍പര്യമെന്ന് വ്യക്തമായിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകളിലും ചെലവു കുറഞ്ഞ വിമാനമായ എയര്‍ ഇന്ത്യ എക്‌സപ്രസിലുമാണ് ഇന്‍ഡിഗോ നോട്ടമിടുന്നത്.
മുറിച്ചോ ഭാഗിച്ചോ വില്‍ക്കുന്നതിന് സഹായകമാകും വിധം എയര്‍ഇന്ത്യയുടെ ഉപവിഭാഗങ്ങളുടെ ആസ്തി പ്രത്യേകം കണക്കാക്കാനാണ് മോഡിയുടെ ഓഫീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി പുറമേ നിന്നുള്ള കണ്‍സള്‍ട്ടന്റിന്റെ സഹായം തേടാനും സാധ്യതയുണ്ട്. എയര്‍ഇന്ത്യയെ വിഭജിക്കുന്നത് സര്‍ക്കാരിന് പരമാവധി വില ലഭിക്കാന്‍ സഹായകമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.