Sorry, you need to enable JavaScript to visit this website.

മിനാ-ഹറം റൂട്ടിൽ ഹാജിമാർക്ക് സൗജന്യ ബസ് സർവീസ്

പരീക്ഷണം വിജയം
മക്ക - ഈ വർഷത്തെ ഹജിന് തീർഥാടകർക്ക് ത്വവാഫുൽ ഇഫാദ നിർവഹിക്കുന്നതിന് ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസുകൾ നടത്തി. ആദ്യമായാണ് ദുൽഹജ് 10, 11 ദിവസങ്ങളിൽ മിനായിൽനിന്ന് ഹറമിലേക്കും തിരിച്ചും സൗജന്യ ബസ് സർവീസുകൾ നടത്തുന്നത്. മക്ക ഗവർണറേറ്റിന്റെ നിർദേശാനുസരണമാണ് മിനായിൽനിന്ന് ഹറമിലേക്കും തിരിച്ചും പരീക്ഷണാർഥം സൗജന്യ ബസ് സർവീസുകൾ നടത്തിയതെന്ന് തുർക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാർക്ക് സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിൽ ഗതഗാത കാര്യങ്ങൾക്കുള്ള സൂപ്പർവൈസർ എൻജിനീയർ ആദിൽ ഖാരി പറഞ്ഞു. 
ഹജ് ഗതാഗത നിരീക്ഷണ സുപ്രീം അതോറ്റിയുടെ മേൽനോട്ടത്തിലും ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസ് കമ്പനികളുടെ കൂട്ടായ്മയായ ജനറൽ കാർസ് സിണ്ടിക്കേറ്റുമായി ഏകോപനം നടത്തിയുമാണ് പദ്ധതി നടപ്പാക്കിയത്. 150 ബസുകളിൽ 43,000 ഹാജിമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ദുൽഹജ് പത്തിന് ഒരു മണി മുതൽ പതിനൊന്നിന് മഗ്‌രിബ് വരെ തുടർച്ചയായി 30 മണിക്കൂർ ബസുകൾ ഹറമിലേക്കും തിരിച്ചും സർവീസ് നടത്തി. 
പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സൗജന്യ ഗതാഗത സൗകര്യം ഏർപ്പെടുത്തി തീർഥാടകരുടെ ഭാരം ലഘൂകരിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പെരുന്നാൾ ദിവസങ്ങളിൽ മിനായിൽ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള യാത്രക്ക് തീർഥാടകർ കടുത്ത പ്രയാസമാണ് നേരിടുന്നത്. 
ദുൽഹജ് 12, 13 ദിവസങ്ങളിൽ ത്വവാഫ് കർമം നിർവഹിക്കുന്നതിന് ഹാജിമാർ പ്രത്യേക താൽപര്യം കാണിക്കുന്നതിനാൽ ഹറമിലെ കടുത്ത തിരക്ക് കുറക്കുന്നതിനും പദ്ധതി സഹായിച്ചു. 
മിനായിലേക്കും ഹറമിലേക്കുമുള്ള സൗജന്യ സർവീസുകൾക്ക് വിശുദ്ധ ഹറമിനു സമീപമുള്ള ജർവൽ സ്റ്റേഷനാണ് ഉപയോഗിച്ചത്. സാപ്റ്റ്‌കോ, റവാഹിൽ കമ്പനി ബസുകളാണ് പദ്ധതിക്കു വേണ്ടി ഉപയോഗിച്ചത്. ഹജ് തീർഥാടകർ മാത്രമല്ല, ഹജ് മിഷൻ മേധാവികളും പദ്ധതിയെ പ്രശംസിച്ചതായി എൻജിനീയർ ആദിൽ ഖാരി പറഞ്ഞു.
 

Tags

Latest News