Sorry, you need to enable JavaScript to visit this website.

സുഡാനിൽ അധികാര പങ്കാളിത്ത കരാർ ഒപ്പുവെച്ചു;സൗദി സുഡന്‍ ജനതക്കൊപ്പം  

ഖാർത്തൂം - ഇടക്കാല ഗവൺമെന്റിന് വഴിയൊരുക്കി സുഡാനിലെ പ്രധാന പ്രതിപക്ഷ സഖ്യവും ഭരണത്തിലുള്ള മിലിട്ടറി കൗൺസിലും അധികാര പങ്കാളിത്ത കരാർ ഒപ്പുവെച്ചു. 
സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ ചടങ്ങിൽ സംബന്ധിച്ചു. മാസങ്ങൾ നീണ്ട പ്രതിഷേധ പ്രകടനങ്ങൾക്കൊടുവിൽ ഏപ്രിലിൽ പ്രസിഡന്റ് ഉമർ അൽബഷീറിനെ സൈന്യം പുറത്താക്കിയതു മുതൽ ഇടക്കാല മിലിട്ടറി കൗൺസിലാണ് സുഡാനിൽ അധികാരം കൈയാളുന്നത്. 
മിലിട്ടറി കൗൺസിലും പ്രധാന പ്രതിപക്ഷ സഖ്യമായ ഫോഴ്‌സസ് ഓഫ് ഫ്രീഡം ആന്റ് ചെയ്ഞ്ചും മാസങ്ങളായി അധികാര പങ്കാളിത്ത കരാറിനെ കുറിച്ച് ചർച്ചകൾ നടത്തിവരികയായിരുന്നു. ഓഗസ്റ്റ് നാലിന് കരാറിന് പ്രാഥമിക രൂപം നൽകിയ സുഡാനിലെ മുതിർന്ന സൈനിക ജനറലും മിലിട്ടറി കൗൺസിൽ ഉപമേധാവിയുമായ മുഹമ്മദ് ഹംദാൻ ദഗലുവും പ്രതിപക്ഷ സംഘം പ്രതിനിധി അഹ്മദ് അൽറബീഉം ആണ് ഇന്നലെ കരാറിൽ ഒപ്പുവെച്ചവരിൽ പ്രമുഖർ. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ്, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സൗദി സഹമന്ത്രി അഹ്മദ് ഖത്താൻ, സുഡാനിലെ സൗദി അംബാസഡർ അലി ജഅ്ഫർ, ദക്ഷിണ സുഡാൻ പ്രസിഡന്റ് സൽവ കീർ, ഈജിപ്ഷ്യൻ പ്രസിഡന്റ് മുസ്തഫ മദ്ബൂലി തുടങ്ങിയവരും കരാർ ഒപ്പുവെക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നതിന് എത്തിയിരുന്നു. 
എട്ടു മാസം നീണ്ട ജനകീയ പ്രതിഷേധ പ്രകടനങ്ങൾക്കൊടുവിലാണ് ഉമർ അൽബഷീറിനെ സൈന്യം അധികാര ഭ്രഷ്ടനാക്കിയത്. മുപ്പതു വർഷം നീണ്ട ഉമർ അൽബഷീർ ഭരണത്തിന് ഇതോടെ അന്ത്യമായി. എത്യോപ്യ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് സുഡാനിൽ പ്രധാന പ്രതിപക്ഷ സഖ്യവും ഭരണത്തിലുള്ള മിലിട്ടറി കൗൺസിലും തമ്മിൽ അധികാര പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചത്. 
സർക്കാർ രൂപീകരണത്തിനും 39 മാസക്കാലം നീളുന്ന ഇടക്കാല ഭരണത്തിനും വഴിയൊരുക്കുന്ന ഭരണഘടനാ പ്രഖ്യാപന കരാറാണ് ഒപ്പുവെച്ചത്. കരാർ പ്രകാരം മിലിട്ടറി കൗൺസിൽ, ഫോഴ്‌സസ് ഓഫ് ഫ്രീഡം ആന്റ് ചെയ്ഞ്ച് പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് പരമാധികാര കൗൺസിൽ രൂപീകരിക്കും. നാളെ പരമാധികാര കൗൺസിൽ അംഗങ്ങൾ ചീഫ് ജസ്റ്റിസിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. അടുത്ത ചൊവ്വാഴ്ച പ്രധാനമന്ത്രിയെ നിയോഗിക്കും. തൊട്ടടുത്ത ദിവസം പരമാധികാര കൗൺസിലിനും ചീഫ് ജസ്റ്റിനും മുന്നിൽ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.  സുഡാന്റെ സുരക്ഷയും സ്ഥിരതയുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. 
സുഡാൻ സെൻട്രൽ ബാങ്കിന് 25 കോടി ഡോളറും സുഡാനിലെ വികസന പദ്ധതികൾക്ക് 610 കോടി ഡോളറും സൗദി അറേബ്യ നൽകിയിട്ടുണ്ട്. സുഡാൻ ജനതക്കൊപ്പം സൗദി അറേബ്യ ഉറച്ചുനിൽക്കുമെന്നും ഇന്നലെ ഒപ്പുവെച്ച അധികാര പങ്കാളിത്ത കരാറിനെ സ്വാഗതം ചെയ്യുന്നതായും വിദേശ മന്ത്രാലയം പറഞ്ഞു. സുഡാന്റെ സുരക്ഷാ ഭദ്രത മേഖലാ സുരക്ഷയുടെ അവിഭാജ്യ ഭാഗമാണെന്നും ലോക സുരക്ഷയും സമാധാനവും സാക്ഷാൽക്കരിക്കുന്നതിന് ഇത് സഹായകമാകുമെന്നും വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു.  

 

Latest News