Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന്‌ ഈ വർഷം കയറ്റി അയച്ചത് 113 ബില്യൺ  റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ

റിയാദ് - ഈ വർഷം ആദ്യത്തെ ഏഴു മാസം സൗദി അറേബ്യ 11,300 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചതായി കണക്ക്. ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ 40,000 ടൺ തൂക്കമുള്ള പെട്രോളിതര ഉൽപന്നങ്ങൾ സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു. ചൈന, യു.എ.ഇ, സിംഗപ്പൂർ, ഇന്ത്യ, തുർക്കി. ബെൽജിയം, ഈജിപ്ത്, കുവൈത്ത്, മലേഷ്യ, ജോർദാൻ, അമേരിക്ക, യെമൻ, കൊറിയ, ജപ്പാൻ, ബഹ്‌റൈൻ, ഒമാൻ, പാക്കിസ്ഥാൻ, തായ്‌ലാന്റ്, ഇറ്റലി, ഹോളണ്ട്, ബ്രസീൽ, സ്‌പെയിൻ, ഇറാഖ്, അൾജീരിയ, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌വാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് ഈ വർഷം ഏറ്റവും കൂടുതൽ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചത്. 
കഴിഞ്ഞ കൊല്ലം 23,540 കോടി റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് സൗദി അറേബ്യ കയറ്റി അയച്ചത്. പെട്രോളിതര ആഭ്യന്തരോൽപാദനത്തിന്റെ 12.2 ശതമാനമാണിത്. 2017 ൽ പെട്രോളിതര ആഭ്യന്തരോൽപാദനത്തിന്റെ 10.6 ശതമാനമായിരുന്നു പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി. 2016 ൽ ഇത് 9.9 ശതമാനമായിരുന്നു. 
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കയറ്റുമതി വികസന അതോറിറ്റിയും സ്വകാര്യ മേഖലാ ഉത്തേജന ഓഫീസും സഹകരിച്ച് ഒമ്പതു പ്രോത്സാഹന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 2030 ഓടെ പെട്രോളിതര ആഭ്യന്തരോൽപാദനത്തിന്റെ 50 ശതമാനമായി പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി ഉയർത്തുന്നതിനാണ് വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്. 

Latest News