റസാഖിന്റെ കുടുംബത്തിന് കൈത്താങ്ങായി ലാലേട്ടന്‍

ദുബായ്- മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തി, പ്രളയജലത്തില്‍നിന്ന് മകനെയും അനന്തരവനേയും കൈപിടിച്ചു കയറ്റുന്നതിനിടെ, മുങ്ങിമരിച്ച അബ്ദുല്‍ റസാഖിന് നടന്‍ മോഹന്‍ലാലിന്റെ കൈത്താങ്ങ്. അബ്ദുല്‍ റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസം  മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. മലപ്പുറം കാരത്തൂര്‍ സ്വദേശിയായ അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു ഡയറക്ടര്‍മാരും ശനിയാഴ്ച സന്ദര്‍ശിച്ചു. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപ നല്‍കുകയും റസാഖിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

പ്ലസ് വണ്ണിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍വിദ്യാഭ്യാസ ചിലവാണ് വിശ്വ ശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്ത്.  റസാഖിന്റെ കുട്ടികളുമായി മോഹന്‍ലാല്‍ ഫോണിലൂടെ സംസാരിച്ചിരുന്നു.

സൗത്ത് പല്ലാറ്റിലെ പുഞ്ചപ്പാടത്ത് വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയിലായിരുന്നു അബ്ദുല്‍റസാഖ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അബ്ദുള്‍ റസാഖിന്റെ മകന്‍ അലാവുദ്ദീനും ഭാര്യയുടെ സഹോദരന്റെ മകനും കൂടെ നടന്നു വരുന്നതിനിടെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇരുവരെയും രക്ഷപ്പെടുത്തിയ ശേഷം അബ്ദുല്‍റസാഖ് കുഴഞ്ഞ് വെള്ളക്കെട്ടില്‍ മുങ്ങുകയായിരുന്നു. നസീറയാണ് ഭാര്യ. അല്‍അമീന്‍, അലാവുദ്ദീന്‍, സഹദിയ എന്നിവര്‍ മക്കളും.
ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ ജീവനക്കാരനായിരുന്നു റസാഖ്, റസാഖിന്റെ വീട് കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നന്നാക്കിയെടുത്ത വീട്ടില്‍ കല്യാണാഘോഷം നടത്താനൊരുങ്ങിവന്നപ്പോളാണ് റസാഖിനെ പ്രളയം കൊണ്ടുപോയത്.

 

Latest News