ചെന്നൈ- തമിഴ്നാട്ടിലെ സ്കൂളുകളില്‍ ജാതിവിവേചനം അവസാനിപ്പിക്കുന്നതിന് സ്കൂള്‍ വിദ്യാഭ്യാസ ഡയരക്ടര്‍ സ്വീകരിച്ച നടപടി തിരുത്തി വകുപ്പ് മന്ത്രി.
വിദ്യാര്‍ഥികളെ ജാതി തിരിച്ച് വിവിധ നിറത്തിലുള്ള ഹാന്‍ഡ് ബാന്‍ഡുകള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്കൂളുകള്‍ കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഡയരക്ടര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സ്കൂളുകളില്‍ ഇത്തരത്തില്‍ ജാതിവിവേചനം നിലനല്ക്കുന്നുവെന്ന് 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നായിരുന്നു ഡയരക്ടറുടെ നിര്‍ദേശം. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ തകര്‍ക്കുകയാണെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചു.
ഇങ്ങനെ ഒരു നടപടിയും വിദ്യഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി കെ.എ. സെങ്കൊട്ടയ്യന് രംഗത്തു വന്നരിക്കയാണ്.
പരമ്പരാഗതമായി വിദ്യാര്‍ഥികള്‍ വിവിധ നിറത്തിലുള്ള ബാന്‍ഡുകള്‍ ധരിച്ച് വരുന്നത് തുടരുമെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിദ്യാഭ്യാസ മന്ത്രിയായി രണ്ടവര്ഷമായെന്നും അത്തരത്തിലൊരു വേര്‍തിരിവ് ഒരിടത്തും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച്. രാജ സ്വാഗതം ചെയ്തു.
നെറ്റിയില്‍ കുറിതൊടുന്നതു പോലും നിരോധിക്കുന്ന സര്‍ക്കുലറാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നതെന്നും ഹിന്ദു ചിഹ്നങ്ങളെ നിരോധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുരിശ് ധരിക്കാനും പര്‍ദ ധരിക്കാനും അനുമതിയുള്ളപ്പോഴാണ് ഹിന്ദു ചിഹ്നങ്ങള്‍ മാത്രം നിരോധിച്ചതെന്നു പറഞ്ഞ അദ്ദേഹം സര്‍ക്കുലറിനു പിന്നിലെ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതി വേര്‍തിരിക്കുന്ന ബാന്‍ഡ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്കൂളൂകള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജൂലൈ 31നാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.
ചുവപ്പ്, മഞ്ഞ, പച്ച, കുങ്കുമം നിറങ്ങളിലുള്ള ബാന്‍ഡുകള്‍ വിദ്യാര്‍ഥി താഴ്ന്ന ജാതിയാണോ ഉയര്‍ന്ന ജാതിയാണോ എന്ന് സൂചിപ്പിക്കുന്നു. ഇതിനുപുറമെ, നെറ്റിയിലെ കുറിയും ജാതി അടയാളമാണ്. സ്പോര്‍ട്സ് ടീമിലെ തെരഞ്ഞെടുപ്പ് ക്ലാസ്, ഉച്ചഭക്ഷണ ഇടവേളകളില്‍ വീണ്ടും കൂടിച്ചേരുന്നതിനും ഈ രീതികള്‍ ഉപയോഗിക്കുന്നു.
ഇത്തരം വിവേചനം നടക്കുന്ന സ്കൂളുകള്‍ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്കാന് മുഖ്യ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോടാണ് ഡയരക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്.
ജാതി വ്യക്തമാക്കുന്ന തരത്തില്‍ പലനിറത്തിലുള്ള ബാന്‍ഡ് ധരിക്കാന്‍ മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളില്‍ താഴ്ന്ന ജാതിയിലുള്ള വിദ്യാര്‍ഥികളോട് ഉച്ചഭക്ഷണത്തിനായി സ്വന്തമായി പാത്രങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.






