Sorry, you need to enable JavaScript to visit this website.

പ്രവാസിയും ഭാര്യയും അടിയും ഇടിയും

പ്രവാസിയും ഭാര്യയും തമ്മിലുള്ള സംഘർഷം പലപ്പോഴും അതിരുവിടാറുണ്ട്. രണ്ടു കോണുകളിലിരുന്ന പരസ്പരം പറഞ്ഞൊതുക്കാനാകാത്ത വാക്കുകളുടെ സംഘർഷത്താൽ ഇരുവരും യുദ്ധമുണ്ടാക്കുന്നു. പറഞ്ഞുപറഞ്ഞ് വഴക്കായി ദിവസങ്ങളോളം മിണ്ടാതിരിക്കുന്നു. 
എൺപതുകളോടെ വ്യാപകമായ ഗൾഫ് കുടിയേറ്റം വേർപിരിഞ്ഞിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം പെട്ടെന്ന് പെരുപ്പിക്കുകയായിരുന്നു. വിരഹിണികളും കാമാസക്തകളുമായിക്കഴിയുന്ന ഗൾഫ് ഭാര്യമാരെ മിമിക്രിക്കാരും സിനിമാക്കാരും പണിതുണ്ടാക്കിയിരുന്നു. മനോരോഗികളായി ഗൾഫ് ഭാര്യമാരുടെ എണ്ണവും പെരുപ്പിച്ച് കാണിച്ചിരുന്നു. തൊണ്ണൂറുകളവസാനിക്കുമ്പോൾ ഗൾഫ് ഭാര്യമാരുടെ 'ന്യൂ ജനറേഷൻ' ഉയിർകൊണ്ടു. കരഞ്ഞ് കണ്ണ് ചുവപ്പിച്ചും, തലവിധിയോർത്ത് സർവം സഹിച്ചും കഴിയുന്ന ഗൾഫ് ഭാര്യമാർ കുറേയൊക്കെ ഉന്മൂലനാശം വന്നത് ലോകമറിഞ്ഞിരിക്കുന്നു. പലരും വിദ്യാസമ്പന്നർ. 
അല്ലെങ്കിൽ പഠിക്കുകയും കുടുംബ കാര്യങ്ങൾ നോക്കുകയും ചെയ്യുന്നവർ. പഠിച്ചാലും പണിയെടുത്താലും കുടുംബ കാര്യങ്ങൾ മുഖ്യമായും നിർവഹിക്കേണ്ടത് തങ്ങളുടെ നിയോഗമെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. വേർപിരിഞ്ഞിരിക്കുന്ന അവസ്ഥ കുടുംബത്തിന്റെ ഭദ്രതക്കായി ഏതു വിധം പ്രയോജനപ്പെടുത്താമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ചെറുതല്ലാത്ത ഒരു സ്ത്രീ സമൂഹത്തിന്റെ ഉത്ഭവവും വളർച്ചയും ഗൾഫ് കുടിയേറ്റത്തിന്റെ ഒരു പാർശ്വഫലമാണ്.
വേർപിരിഞ്ഞിരിക്കുന്ന ഭാര്യമാരിൽ ഭൂരിപക്ഷം ഭർതൃഗൃഹത്തിലോ ഭർത്താവുണ്ടാക്കിയ വീട്ടിലോ ആണ് കഴിയുന്നത്. ഭർതൃവീട്ടിലെ കുടുംബ കാര്യങ്ങളിൽ ഇടപെടുകയും കാര്യനിർവഹണം നടത്തുകയും ചെയ്യുന്നവരാണ് പലരും. സ്വന്തം വീട്ടിലാണെങ്കിൽ, ആവശ്യമെങ്കിൽ ഒന്നിലധികം ജോലിക്കാരെവെച്ച്, വീട്ടുകാര്യങ്ങളൊക്കെ നടത്തുന്നവരാണ് ഗൾഫ് ഭാര്യമാർ. അവർ മാതാവിന്റെയും പിതാവിന്റെയും ധർമങ്ങൾ നിർവഹിക്കുന്നു. കുടുംബാംഗങ്ങൾക്ക് മകനോ മരുമകനോ ആയിമാറുന്നു. 
കുട്ടികളുടെ പഠനത്തിൽ അവർ മുഖ്യമായ പങ്ക് വഹിക്കുന്നു. അധ്യാപക-രക്ഷാകർതൃ പ്രവർത്തനങ്ങളിൽ സജീവമായി അവർ പ്രവർത്തിക്കുന്നു. റസിഡൻഷ്യൽ അസോസിയേഷനുകളിൽ അവർ നിശ്ശബ്ദ ജീവികളല്ല. സജീവമായി വിവിധ കാര്യങ്ങളിലേർപ്പെടുന്ന 'പോളിസി മേയ്ക്കറോ' 'ഡിസിഷൻ മേയ്ക്കറോ', 'മാനേജറോ' ആണ് ഗൾഫ് ഭാര്യമാരിൽ പലരും. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കാനും നടപ്പിൽ വരുത്താനും അവർക്കറിയാം. ബാങ്കിംഗ് കാര്യങ്ങളിൽ അവർ ഇടപെടുന്നു. ലോണെടുക്കൽ, കുറിക്ക് ചേരൽ, അടവുകൾ കൃത്യത്തിന് നൽകൽ എന്നിവയിൽ അനുഭവജ്ഞാനമുള്ളവർ. സാമൂഹ്യ ബന്ധങ്ങൾ ഉണ്ടാക്കാനും നിലനിർത്താനും അവർക്കറിയാം. ആവശ്യമെങ്കിൽ സ്‌കൂട്ടറോ കാറോ ഓടിക്കാൻ മിടുക്കരാണ്. കോർപറേഷൻ/പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിലും ട്രാവൽ ഏജൻസിയിലും ഒക്കെ പോകാനും കാര്യനിർവഹണം നടത്താനും ശ്രമിക്കുന്നു. അവധിക്കാലത്ത് കൊച്ചുകുട്ടികളേയുമായി ഗൾഫിലേക്ക് പോയിവരാനും വലിയ വിഷമമില്ല. അധ്യാപകരോ ക്ലാർക്കുമാരോ ഒക്കെയായി ജോലി ചെയ്യുകയും ഗൃഹഭരണം ഒറ്റയ്ക്ക് നടത്തുകയും ചെയ്യുന്ന ഗൾഫ് ഭാര്യമാരുമുണ്ട്. അനുഭവ പരിജ്ഞാന പഠനത്താൽ ഗൾഫ് ഭാര്യമാർ വിദ്യാഭ്യാസത്തിനോ തൊഴിലിനോ മതങ്ങൾക്കോ സാധിക്കാത്ത ശാക്തീകരണം ഗൾഫ് കുടിയേറ്റം കാരണം നേടിക്കൊണ്ടിരിക്കുന്നു. 
പ്രവാസി സംഘടനകളോ സമുദായ സംഘടനകളോ താൽപര്യമെടുക്കാതെ, പരിശീലനമോ ബോധവൽക്കരണ പരിപാടികളോ നടത്താതെ, സ്വയം നേടിയെടുത്ത വ്യക്തിത്വ വികാസമാണ് ഗൾഫ് ഭാര്യമാരുടേത്. സാഹചര്യം അവർക്ക് പുതുവിദ്യാഭ്യാസമായി മാറുകയായിരുന്നു.
ഇതൊക്കെ ഗൾഫ് കുടിയേറ്റത്തിന്റെ പരോക്ഷ നേട്ടങ്ങൾ എന്ന് ചൂണ്ടിക്കാണിക്കാം. ഈവിധം ഗൃഹഭരണം നടത്തുന്ന ഭാര്യമാർ അവധിക്കാലത്ത് വീട്ടിലെത്തുന്ന ഭർത്താവുമായി ഉണ്ടാവുന്ന സംഘർഷമാണ് പ്രശ്‌നം. 
ആറ്റുനോറ്റ് അവധിക്കാലത്ത്, നാട്ടിലെത്തുന്ന ഭർത്താവിനു മേലെ ഭാര്യയുടെ ഭരണമാണ് ചിലരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നത്. നാട്ടിലേക്ക് പുറപ്പെടാൻ വിചാരിക്കുമ്പോൾ തന്നെ ചിലർ അസ്വസ്ഥരാവുന്നു. നാട്ടിലെത്തിയാൽ ഭാര്യാഭരണം സംഘർഷത്തിനിടയാകുമെന്നവർക്ക് ഉറപ്പാണ്. ചിലർ നാട്ടിലെത്തും വെര വിശേഷിച്ചൊരു കുഴപ്പവുമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിലെ കാര്യങ്ങളിലിടപെടുമ്പോൾ പ്രശ്‌നങ്ങളുണ്ടാവുന്നു. മക്കളുടെ പഠനകാര്യങ്ങളിലാണ് ഗൾഫുകാരനും ഭാര്യയും കൂടുതൽ ഇടയുന്നത്. ചിലപ്പോൾ മക്കൾ പഠിക്കുമ്പോൾ ഭാര്യ കർശനമായ ഇടപെടൽ നടത്തുന്നത് ഗൾഫുകാരനിഷ്ടമാവുന്നില്ല. 
അയാളെതിരഭിപ്രായം പറയുന്നു. ഭാര്യയുടെ ശബ്ദമുയരുന്നു: 'നിങ്ങൾ മൂന്നാഴ്ച കഴിയുമ്പോൾ ഗൾഫിലേക്ക് മടങ്ങും. അപ്പോ ഇതൊക്കെ നോക്കാൻ ഞാൻ തന്നേ ഉണ്ടാവൂ'. ഗൾഫുകാരൻ നിശ്ശബ്ദനാവുന്നു. മക്കളോട് ഭാര്യ ഉച്ചത്തിൽ കയർക്കുന്നതോ, കൽപിക്കുന്നതോ കുട്ടികളെ ബോധ്യപ്പെടുത്താനുതകില്ലെന്നും അവരെ കൂടുതൽ ശത്രുക്കളാക്കാനേ വഴിവെക്കൂ എന്നും ഭർത്താവ് പറയുന്നു. ഭാര്യയുടെ ശബ്ദമുയരുന്നു: 'എന്നാ കൊല്ലം മുഴുക്കെ ഇയാളുതന്നെ ബോധ്യപ്പെടുത്തിക്കോ'. മക്കൾക്ക് ഗൾഫുകാരൻ ചിലപ്പോൾ ശിക്ഷ കൊടുക്കുന്നതോ, മക്കളെ ഗൾഫുകാരൻ ശകാരിക്കുന്നതോ ഭാര്യക്ക് അസ്വസ്ഥതയുണ്ടാക്കാം. അതും കലഹത്തിൽ ചെന്ന് കലാശിക്കുന്നു. 
ജോലിക്കാരെ കൈകാര്യം ചെയ്യൽ, വീട്ടിലേക്കുള്ള ഷോപ്പിംഗ്, കുട്ടികളുടെ കളി, ടിവി കാണൽ, കുടുംബ സന്ദർശനം തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തന്റെ അഭിപ്രായത്തിന് യാതൊരു വിലയുമില്ലെന്ന് അയാൾ മനസ്സിലാക്കുന്നു. ഗൾഫുകാരൻ വർഷം 11 മാസവും നാട്ടിലില്ലാത്തതുകൊണ്ട് കാര്യങ്ങൾ എല്ലാം വ്യക്തമായറിഞ്ഞിരിക്കണമെന്നില്ല. അറിയുന്ന കാര്യങ്ങൾ ശരിയാവണമെന്നുമില്ല. പക്ഷേ ഭാര്യ പറയുന്നത് ശരിയല്ലെന്നോ മണ്ടത്തരമാണെന്നോ തോന്നുമ്പോൾ അത് വെളിപ്പെടുത്തുന്നു. 
ഭാര്യ പരിഹാസത്തോടെ പെരുമാറുമ്പോൾ, തന്റെ അഭിപ്രായത്തിന് ഇവിടെ യാതൊരു വിലയുമില്ലെന്ന് ഗൾഫുകാരന് തോന്നുന്നു. ഗൾഫുകാരന്റെ, പുരുഷന്റെ, അഹന്ത നിശ്ശബ്ദനായിരിക്കാൻ തോന്നിക്കുന്നില്ല. അയാളുടെ ശബ്ദമുയരുന്നു. വാക്കാലുള്ള യുദ്ധം അതിന്റെ പാരമ്യതയിലെത്തുന്നു.
വേർപിരിയലിന് ശേഷം വന്നെത്തുന്ന പുനഃസമാഗമം ആഹ്ലാദിപ്പിക്കേണ്ടതാണ്. അത് അടുത്ത വരവുവരെയുള്ള കാലത്തേയ്ക്ക് ഇരുവർക്കും ഊർജമായി മാറേണ്ടതാണ്. മാസങ്ങളുടെ അടക്കിപ്പിടിച്ച മോഹങ്ങളുടെ സഫലീകരണം സാധ്യമാവുക എന്ന പ്രതീക്ഷ അസ്ഥാനത്താവുന്നു. പൊട്ടിത്തെറിയിൽ കലാശിക്കുന്നു. പെട്ടെന്നുണങ്ങാത്ത മുറിവുകൾക്ക് കാരണമാകുന്നു. രണ്ടുപേരും മുറിവേറ്റവരാണ്. ഗൾഫുകാരനായ ഭർത്താവിന് ഒരുപക്ഷം: - ഞാൻ ഗൾഫിൽ കഷ്ടപ്പെട്ട് കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്നു. 
ആവശ്യപ്പെടുന്നതും ആവശ്യപ്പെടാത്തതും നിറവേറ്റിക്കൊടുക്കുന്നു. എന്നിട്ടും ഈ വീട്ടിൽ എനിക്കൊരു സ്ഥാനമില്ല. പെൺപിറന്നോൾ ഭരിക്കാൻ വരുന്നു. അധികാരം കാണിക്കുന്നു. 'ഗൾഫുകാരന്റെ ഭാര്യക്ക് മറ്റൊരു പക്ഷം': വീട്ടിലെ ചെലവിനുള്ളതയക്കുന്നു. പക്ഷേ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നതാരാണ്, കാര്യങ്ങളൊക്കെ ഒരുവിധം കൊണ്ടുനടത്തുമ്പോൾ അവധിക്കാലത്തുവന്ന് ഭരണം നടത്തി എല്ലാം തകർക്കുന്നു. ഗൾഫുകാരനായ ഭർത്താവും ഗൾഫുകാരന്റെ ഭാര്യയും നല്ല നേരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
അർഹതപ്പെട്ട ചില അംഗീകാരങ്ങൾ ഭർത്താവിന് നൽകുക. കാര്യങ്ങളൊക്കെ നടത്തുന്ന ഭാര്യയെ ആദരിക്കുക എന്നിവ ഭാര്യാ ഭർത്താക്കന്മാരിൽ നിന്ന് ഉണ്ടാവുകയാണെങ്കിൽ പ്രശ്‌നങ്ങളുണ്ടാവാനിടയില്ല. പരസ്പരം ആദരിക്കുന്നിടത്താണ് ബന്ധങ്ങൾ ആഹ്ലാദകരമാകുന്നത്. അവധിക്ക് വരുന്ന ഭർത്താവും ഭർത്താവിനെ സ്വീകരിക്കുന്ന ഭാര്യയും പുനഃസമാഗമവും പിന്നീടുള്ള മാസങ്ങളും ആഹ്ലാദകരമാക്കുന്ന കാര്യത്തിൽ തുല്യ പങ്കാളികളാണ്. ഉത്തരവാദികളുമാണ്.

കുറച്ചു ടിപ്പുകൾ..

1. വേർപിരിഞ്ഞിരിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കണം. ഭാര്യ ഭർത്താവിന്റേയും ഭർത്താവ് ഭാര്യയുടേയും സ്ഥാനത്തുനിന്ന് പരസ്പരം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.
2. ഒരു ബന്ധത്തിലുള്ള രണ്ട് വ്യക്തികൾ അവരവരുടെ റോളിൽ ധർമ നിർവഹണം നടത്തുമ്പോഴാണ് ആ ബന്ധം സുദൃഢമാകുന്നത്. സാർത്ഥകമാകുന്നത്. അത് പരസ്പരം അംഗീകരിക്കേണ്ടതുമുണ്ട്. 
3. ഭാര്യാ ഭർതൃ ബന്ധത്തിൽ അധികാരത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടുവരുമ്പോൾ രണ്ടുപേരും ജയിക്കുന്നില്ല. രണ്ടുപേരും പരാജയപ്പെടുന്നില്ല. ഒരാൾ മറ്റൊരാളിന്റെ മേൽ ജയിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ ഉത്ഭവിക്കുന്നത്; സങ്കീർണമാകുന്നതും.
4. ഗൾഫിലേക്ക് പുറപ്പെടുന്ന ഭർത്താവ് അതുവരെയുള്ള കാലം ഭാര്യ ഉണ്ടാക്കിയെടുത്ത ഒരു ലോകം തല്ലിത്തകർക്കാനല്ല ശ്രമിക്കേണ്ടത്. വീട്ടുകാര്യങ്ങളൊക്കെ നിർവഹിക്കുന്ന ഭാര്യയെ അംഗീകരിക്കുക.
5. വേർപിരിഞ്ഞിരുന്ന കുടുംബകാര്യ നിർവ്വഹണത്തിൽനിന്ന് വിട്ടുനിൽക്കാൻ ഒരു ഭർത്താവും ആഗ്രഹിക്കുന്നില്ല. അത് ഒഴിവാക്കാനാവാത്ത ഒരനിവാര്യതയായി തീരുന്നതുകൊണ്ടാണ് വന്നെത്തുന്നത്. അതുകൊണ്ടു തന്നെ ഭർത്താവിന്റെ വേർപിരിഞ്ഞിരിക്കൽ കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെന്ന് ഭാര്യ അംഗീകരിക്കുന്നതാണ് നല്ലത്. 
6. കുടുംബകാര്യ നിർവഹണത്തിൽ ഭാര്യയും ഭർത്താവും വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിൽ, അവർ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് ഒരു പൊതുതീരുമാനത്തിലെത്തണം. ആരോപണ പ്രത്യാരോപണങ്ങൾ പ്രശ്‌നത്തെ സങ്കീർണമാക്കും.
7. ഭർത്താവോ, ഭാര്യയോ പറയുന്ന കാര്യങ്ങൾ അപ്രായോഗികമോ വസ്തുനിഷ്ഠമോ അല്ലെങ്കിൽ പരസ്യമായി കുറ്റപ്പെടുത്തരുത്.
8. ഗൾഫുകാരനായ ഭർത്താവ് ഗൃഹഭരണത്തിൽ ഏക രക്ഷാകർതൃത്വത്തിൽ ഫലപ്രദമായി ധർമനിർവഹണം നടത്തുന്ന ഭാര്യയെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും നന്ദിയറിയിക്കുകയും വേണം.
9. ഗൾഫിലിരിക്കുന്ന ഭർത്താവ് ഭാര്യയിലുണ്ടാകുന്ന വീഴ്ചകളെ ഫോണിലൂടെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. അവ ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
10. ഞാൻ പറയുന്നത് മാത്രം ശരി എന്ന ഭാവം ഭാര്യയോ ഭർത്താവോ വെച്ചുപുലർത്തരുത്. പറഞ്ഞതോ ചെയ്തതോ തെറ്റാണെന്ന് തോന്നിയാൽ അതേറ്റ് പറയുന്നതാണ് വിവേകം.

Latest News