Sorry, you need to enable JavaScript to visit this website.

നിയമവും പോലീസും ഞങ്ങളെ വഞ്ചിച്ചു;  പെഹ്‌ലുഖാന്റെ കുടുംബം

ജയ്പുർ- നീതിന്യായ കോടതി തങ്ങളുടെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വഞ്ചിക്കപ്പെട്ടുവെന്ന് ഹിന്ദുത്വ ഭീകര ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട പെഹ്‌ലുഖാന്റെ കുടുംബം. പോലീസും കോടതിയും സമ്മർദത്തിലായിരുന്നുവെന്നും നീതി ലഭ്യമായില്ലെന്നും കുടുംബം ആരോപിക്കുന്നു. 
ഓരോ വെള്ളിയാഴ്ചയും വൈകിട്ട് ഞങ്ങൾ പിതാവിന്റെ ഖബറിനരികിൽ വരും. അദ്ദേഹത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കും. നീതി ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വഞ്ചിക്കപ്പെട്ടു. രാജസ്ഥാനിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട പെഹ്ലുഖാന്റെ മകൻ ഇരുപത്തിയഞ്ചുകാരനായ മുബാറക് പറയുന്നു. പെഹ്ലുഖാന്റെ എട്ടു മക്കളിൽ ഒരാളാണ് മുബാറക്.
പെഹ്്‌ലുഖാനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചിരുന്നു. വീഡിയോ ദൃശ്യം തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളെ വിട്ടയച്ചത്. കോടതി വിധി വന്നതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായതായി മുബാറക് പറഞ്ഞു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് പെഹ്്‌ലുഖാന്റെ കുടുംബം താമസിക്കുന്നത്. 


പെഹ്്‌ലുഖാന്റെ ഭാര്യ അമ്പത്തിയഞ്ചുകാരിയായ സൈബുന അന്നത്തെ സംഭവം ഓർത്തെടുക്കുന്നത് ഇങ്ങനെ:
ഒരു ചെറിയ കുട്ടി ഓടിവന്ന് എനിക്കൊരു വീഡിയോ കാണിച്ചു. എന്റെ മക്കളായ ആരിഫിനെയും അർഷാദിനെയും ആളുകൾ കൂട്ടംകൂടി മർദിക്കുന്നു. ഭർത്താവ് പെഹ്ലുഖാനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും കണ്ടു. എന്റെ ഹൃദയം നിലച്ചു. വീഡിയോ കാണുന്നതിനിടെ തന്നെ ഞാൻ ആരെയൊക്കെയോ മൊബൈലിൽ വിളിച്ചു. രക്ഷിക്കുമെന്ന് കരുതി. പക്ഷേ ആരും വന്നില്ല. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിന് ശേഷം ഈ വിശ്വാസം നഷ്ടമായിരിക്കുന്നുവെന്ന് കുടുംബം പറയുന്നു. പോലീസും ജഡ്ജിയുമെല്ലാം സമ്മർദത്തിലായിരുന്നു. ആരും അവരുടെ ജോലി കൃത്യമായി ചെയ്തില്ല. ഞങ്ങൾ പാവങ്ങളാണ്. സാധുക്കൾക്ക് നീതി ലഭിക്കില്ലെന്നാണ് ഉത്തരവ് തെളിയിക്കുന്നത്.

അച്ഛനെയും സഹോദരങ്ങളെയും ആക്രമണത്തിന് ഇരയാക്കുമ്പോൾ കൊൽക്കത്തയിൽ ഡ്രൈവറായിരുന്നു മുബാറക്. പെഹ്ലുഖാനെ മറവ് ചെയ്യുന്ന സമയത്ത് മുബാറക് നാട്ടിലുണ്ടായിരുന്നില്ല. നൂഹിലെ ജുമാ മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും പ്രാർഥനക്ക് പെഹ്ലുഖാൻ എത്താറുണ്ടായിരുന്നു. നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പെഹ്ലുഖാന്റെ കൈവശം മക്കൾക്കായി നിറയെ മിഠായികളുമുണ്ടാകാറുണ്ട്. കുർത്തയുടെ പിറകിലെ കീശയിലായിരുന്നു മിഠായി സൂക്ഷിക്കാറുള്ളത്. മുത്തച്ഛൻ ഒരിക്കലും ഒഴിഞ്ഞ കൈകളുമായി വീട്ടിലേക്ക് വരില്ലെന്ന ഉറച്ച വിശ്വാസമുള്ളവരായിരുന്നു കൊച്ചുമക്കൾ. പെഹ്ലുഖാൻ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മക്കൾ എടുത്തു സൂക്ഷിച്ചിരിക്കുകയാണ്. ഈ പെരുന്നാളിന് മക്കൾക്ക് ധരിക്കാൻ പുതിയ വസ്ത്രങ്ങളുണ്ടായിരുന്നില്ല. 
ആബിദ, ഇർഷാദ്, ആരിഫ്, മുബാറക്, സഹാബ്, വാരിസ, ഹുനൈസ, ഇൻഷാദ് എന്നിങ്ങനെ നാലു പെൺകുട്ടികളടക്കം എട്ടു മക്കളാണ് പെഹ്്‌ലു ഖാനുള്ളത്. പെഹ്്ലുഖാനെ ഹിന്ദുത്വ തീവ്രവാദികൾ അടിച്ചു കൊന്നതോടെ ഒരു കുടുംബം മാത്രമല്ല, അവരുടെ നിറമുള്ള സ്വപ്‌നങ്ങൾ കൂടിയാണ് ഇല്ലാതായത്.

Tags

Latest News