ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ 24 ഇന്ത്യക്കാര്‍ക്ക് മോചനം

ന്യൂദല്‍ഹി- ജിബ്രാള്‍ട്ടറില്‍ പിടിയിലായ ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു.
ജിബ്രാള്‍ട്ടര്‍ അധികൃതര്‍ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ജീവനക്കാരുടെ മോചനം സാധ്യമായത്. എന്നാല്‍ അമേരിക്കയുട എതിര്‍പ്പ് തുടരുന്നതിനാല്‍  കപ്പല്‍ വിട്ടുനല്‍കുന്നത് വൈകും.

 

Latest News