Sorry, you need to enable JavaScript to visit this website.

മഴവില്ലഴക് മായുമ്പോൾ...

എല്ലാം നക്കിത്തുടച്ച് പോകുന്ന പ്രളയമാണ് മുന്നിൽ. നോക്കിനോക്കി നിൽക്കേ കൂറ്റൻ മല ഒന്നാകെ ഇടിഞ്ഞുവീണ് ഗ്രാമത്തെ മുഴുവൻ മണ്ണിനടിയിലാക്കുന്നു. മനുഷ്യനും മണ്ണും മരവും പുരയിടവും എല്ലാം ഒന്നാകെ ഒരാർത്തനാദം പോലുമില്ലാതെ മണ്ണിനടിയിലായിപ്പോകുന്നതിന്റെ നിസ്സഹായത. തൊട്ടുമുമ്പു വരെ സുന്ദരമായിരുന്ന ഓരോന്നും അതിവേഗം ഇല്ലാതായി പോകുന്നതിന്റെ ശൂന്യതയിൽ ഓരോ മനുഷ്യനും പകച്ചുനിൽക്കുന്നു. നിസ്സഹായതയുടെ ശൂന്യതയിലേക്ക് ഇന്ത്യയും അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്ന് വർത്തമാനകാല സാഹചര്യം വിളിച്ചുപറയുന്നു. ഇന്ത്യ എന്തിന്റെയെല്ലാം പേരിലായിരുന്നോ അഭിമാനം കൊണ്ടിരുന്നത് അതെല്ലാം ഇടിഞ്ഞുപൊളിഞ്ഞുവീഴുന്നതിന്റെ ദുരന്തത്തിനും സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ ദിനത്തിൽ സാക്ഷിയാകേണ്ടി വരുന്നു. 
പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.ജെ.എസ് ജോർജിന്റെ നാടോടിക്കപ്പലിൽ നാലുമാസം എന്ന പുസ്തകത്തിൽ പറയുന്ന ഒരു സംഭവമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ വർഷങ്ങൾ. വെറുതെ രാജ്യം ചുറ്റിയടിക്കുന്ന സ്വഭാവമുണ്ടായിരുന്നു ടി.ജെ.എസിന്. ആ ഊരുചുറ്റലിലെ കാഴ്ചയാണ്. 
'കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ തെക്കുംവടക്കും നടക്കുകയായിരുന്നു പ്രധാന പരിപാടി. നല്ല വീടുകളുള്ള തെരുവിൽ കൂടിയായിരുന്നു പ്രഭാത സവാരി. വിശാലമായ ഒരു വീടിന്റെ പുൽത്തകിടിയിൽ ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന മാന്യനെ കണ്ട് ഞാൻ നിന്നു. സൂക്ഷിച്ചുനോക്കി. ഷെയിക്ക് അബ്ദുല്ല തന്നെ. സംശയമില്ല. ഞാൻ ഹലോ സാർ എന്നു പറഞ്ഞ് കുശലമന്വേഷിച്ചു. എന്താണ് സംസാരിച്ചതെന്ന് ഓർമയില്ല. എന്തായാലും ഫോട്ടോ എടുത്തു. എത്ര ലളിതമായിരുന്നു അന്നത്തെ രാഷ്ട്രീയം. ഷെയിക്ക് അബ്ദുല്ലയെ പോലെ സമുന്നതനായ ഒരു നേതാവ് വീട്ടുമുറ്റത്തിരുന്ന് വഴിപോക്കരുമായി സംസാരിക്കുന്നു. ചുറ്റിനും ശിങ്കിടികളില്ല. പോലീസും പട്ടാളവുമില്ല.'
കാലം കുറെ കഴിഞ്ഞു. ഏതാനും ദിവസം മുമ്പ് ഫാറൂഖ് അബ്ദുല്ലയുടേതായി ഒരു പ്രസ്താവന വന്നു. 
'ഞാൻ വീട്ടുതടങ്കലിലാണ്. ഇന്ത്യൻ ആഭ്യന്തര മന്ത്രി പാർലമെന്റിൽ കള്ളം പറയുകയാണ്. എനിക്ക് എവിടേക്കും പോകാൻ പറ്റുന്നില്ല. എന്റെ ഇന്ത്യ ഇങ്ങനെയായിരുന്നില്ല. ഞാൻ കണ്ടുവളർന്ന ഇന്ത്യയും ഇതായിരുന്നില്ല.' കശ്മീരിനെ രണ്ടാക്കുകയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുകയും ചെയ്ത ശേഷം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഫാറൂഖ് അബ്ദുല്ലയെ തടവിലാക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം തന്നെ താൻ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കി ഫാറൂഖ് അബ്ദുല്ല പൊട്ടിക്കരഞ്ഞ് രംഗത്തെത്തി. 


ചോരപ്പുഴകൾ ചാലിട്ടൊഴുകിയ വർഗീയ കലാപങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ജനനം. രാജ്യം മുഴുവൻ നഗ്നപാദനായി നടന്ന് മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്ന മഹാത്മാവ് തിരിച്ചുപിടിച്ചതാണ് ഇന്ത്യ എന്ന രാജ്യത്തെ. ഗാന്ധി എവിടെയാണോ അവിടെയാണ് ഇന്ത്യയുടെ തലസ്ഥാനമെന്ന് പറയാൻ ഒരു നെഹ്‌റുവുള്ള കാലത്താണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. 


കശ്മീരിൽനിന്നു തന്നെ ഈ രണ്ടു ഇന്ത്യയുടെയും പാഠങ്ങളുണ്ട്. ആർക്കും എവിടെയും സഞ്ചരിക്കാനും ഇന്ത്യയെ അതിന്റെ വൈവിധ്യത്തോടും ബഹുസ്വരതയോടും സ്വീകരിച്ചിരുന്ന മഴവില്ല് പോലെയുള്ള ഒരു കാലത്തെ അതിവേഗം തള്ളിമാറ്റി എല്ലാറ്റിനെയും തച്ചുടച്ച് പുതിയ ഇന്ത്യയുണ്ടാവുകയാണ്. മനുഷ്യനെ മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെ കുഴിച്ചുമൂടാൻ ഭരണഘടനയെ തച്ചുതകർക്കുകയും രാജ്യത്തിന്റെ ഞരമ്പ് പൊട്ടിക്കാൻ ഇഷ്ടമില്ലാത്ത മനുഷ്യരെയും പ്രത്യയശാസ്ത്രത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.  
രണ്ടാമതും അധികാരത്തിലെത്തിയ മോഡി സർക്കാർ, കാര്യമായ ചർച്ചകളില്ലാതെ പാസാക്കിയത് ഇരുപതിലേറെ ബില്ലുകളാണ്. റൊട്ടി ചുടുന്ന പോലെയാണ് മുഴുവൻ ബില്ലുകളും പാർലമെന്റിലൂടെ കടന്നുപോയത്. യന്ത്രത്തിലൂടെ കയറിയിറങ്ങി റൊട്ടിയുണ്ടാകുന്ന കണക്കെ ഓരോ ബില്ലുകളും സർക്കാർ പാസാക്കിയെടുക്കുന്നു. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ സങ്കൽപം അതിവേഗം ഉടഞ്ഞുവീഴുന്നു. പ്രളയമെടുക്കുന്ന ഭൂമി പോലെ ഇന്ത്യ അതിവേഗം ഇല്ലാതാകുന്നു. 
ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെ ജനിച്ച ഒരു രാജ്യമായിരുന്നില്ല ഇന്ത്യ. ചോരപ്പുഴകൾ ചാലിട്ടൊഴുകിയ വർഗീയ കലാപങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ജനനം. രാജ്യം മുഴുവൻ നഗ്നപാദനായി നടന്ന് മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്ന മഹാത്മാവ് തിരിച്ചുപിടിച്ചതാണ് ഇന്ത്യ എന്ന രാജ്യത്തെ. ഗാന്ധി എവിടെയാണോ അവിടെയാണ് ഇന്ത്യയുടെ തലസ്ഥാനമെന്ന് പറയാൻ ഒരു നെഹ്‌റുവുള്ള കാലത്തായിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ആ നാളുകളിൽ കൊൽക്കത്തയിലും നവഖാലിയിലും ജലന്ധറിലും അമൃത്‌സറിലും അംബാലയിലുമെല്ലാം മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ടായിരുന്നു. ആർക്കും മറക്കാനാകാത്ത കാഴ്ചകളാൽ അന്നത്തെ ഇന്ത്യ ഇപ്പോഴും കണ്ണീർ പൊഴിക്കുന്നു. പക്ഷേ ഇന്ത്യ അതിവേഗം മാറി. ലോകത്തിലെ തന്നെ തലയെടുപ്പുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ കടന്നെത്തിയത് സ്വപ്നസമാന വേഗത്തിലായിരുന്നു. 
ഈ നേട്ടം ഇന്ത്യ കൈവരിച്ചതിലേക്കുള്ള വഴി വെട്ടിയതിന്റെ ഒരുദാഹരണമായിരുന്നു വിഭജനം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷം ലാഹോറിൽ നടന്ന ക്രിക്കറ്റ്. ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്. ക്രിക്കറ്റ് ആരാധകർക്കായി പാക്കിസ്ഥാൻ അതിർത്തികൾ തുറന്നിട്ടു. വിസ ആവശ്യമുണ്ടായിരുന്നില്ല. അമൃത്‌സറിൽനിന്നും ജലന്ധറിൽനിന്നും ആരാധകർ ഒഴുകിയെത്തി. ക്രിക്കറ്റ് കാണുകയായിരുന്നില്ല അവരുടെ ലക്ഷ്യം. ഉപേക്ഷിച്ചുപോയ രാജ്യത്തെയും തങ്ങളുടെ പ്രിയപ്പെട്ടതിനെയും ഒരിക്കൽ കൂടി കാണുക എന്നതായിരുന്നു. ഹൃദ്യമായ സ്വീകരണമാണ് ലാഹോർ ജനത അവർക്കായി ഒരുക്കിയത്. ഭക്ഷണത്തിനോ താമസത്തിനോ പോലും പണം വാങ്ങിയില്ല. മാത്രമല്ല, പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് പോയവർക്ക് അവരുടെ സ്വത്തുക്കളുടെ തുക നൽകുകയും ചെയ്തു. സാധാരണ മനുഷ്യർ എല്ലാം മറക്കാനും പൊറുക്കാനും തയാറായിരുന്നു. ക്രിക്കറ്റിലൂടെ നഷ്ടപ്പെട്ടുപോയ സ്‌നേഹം തിരിച്ചുപിടിക്കുകയായിരുന്നു ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. ഇപ്പോൾ നോക്കൂ, ഇരുരാജ്യങ്ങളും തമ്മിൽ അതാത് രാജ്യത്തെ ക്രിക്കറ്റ് കളികൾ അവസാനിപ്പിച്ചിരിക്കുന്നു. അകന്നുപോയ മനസ്സുകളെ കൂടുതൽ അകറ്റാനായി പുതിയ കാരണങ്ങളുണ്ടാക്കുകയാണ്. ഇന്ത്യയെ നശിപ്പിക്കാൻ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ഒരുഭാഗത്ത്. അവർക്കാവശ്യമായ സഹായം നൽകി പാക്കിസ്ഥാനിലെ സംഘങ്ങൾ. ഒരിക്കലും അവസാനിക്കാത്ത സംഘർഷങ്ങളാൽ ഇരുരാജ്യങ്ങളുടെ അതിർത്തികളിൽ തോക്കുകൾ വിശ്രമിക്കാതെ തീ തുപ്പിക്കൊണ്ടേയിരിക്കുന്നു. ചിതറിത്തെറിക്കുന്ന മനുഷ്യരുടെ വിലാപങ്ങളാൽ അതിർത്തി ഗ്രാമങ്ങൾ തേങ്ങുന്നു. 
രേഖകളില്ലാത്തതിന്റെ പേരിൽ രാജ്യം നഷ്ടപ്പെടുമെന്ന ഭീതിയിൽ ലക്ഷക്കണക്കിനാളുകളാണ് അസമിൽ കഴിയുന്നത്. രാജ്യത്തിന് വേണ്ടി സേവനം ചെയ്ത പട്ടാളക്കാരടക്കം ഏത് രാജ്യത്തെ പൗരൻമാരാണെന്നറിയാതെ അധികാരികൾക്ക് മുന്നിൽ കൈ നീട്ടുന്നു. ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്ന സ്വന്തം ജനതയോട് ദേശസ്‌നേഹത്തിന്റെ പുതിയ വക്താക്കൾ ഇപ്പോഴും അതിർത്തിയിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു. 
ഇതെഴുതുമ്പോഴാണ് രാജസ്ഥാനിൽ ഹിന്ദുത്വ ഭീകരർ കൊലപ്പെടുത്തിയ പെഹ്‌ലുഖാൻ കേസിലെ പ്രതികളെ മുഴുവൻ കോടതി വെറുതെ വിട്ടത്. പശുക്കളെ വാങ്ങിവരികയായിരുന്ന പെഹ്‌ലുഖാനെ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വ ആൾക്കൂട്ടം സംഘടിച്ചെത്തി അടിച്ചുകൊല്ലുകയായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്. ഒരു പെഹ്‌ലുഖാൻ മാത്രമല്ല, എത്രയോ മനുഷ്യർ ഇതര മത വിദ്വേഷത്തിന്റെ പേരിൽ കൊല്ലപ്പെടുന്നു. രാജ്യത്തിന്റെ നന്മകളെല്ലാം പ്രളയത്തിൽ മുങ്ങിപ്പോകുന്നതു കണക്കെ നോക്കിയിരിക്കുന്നതിനിടെയാണ് പുതിയ സ്വാതന്ത്ര്യ ദിനവും എത്തുന്നത്. എല്ലാ പ്രതിസന്ധികളെയും തോൽപിച്ച് പഴയ ഇന്ത്യ പുതിയ കാലത്തിലേക്ക് സഞ്ചരിക്കുമായിരിക്കും. 

Latest News