Sorry, you need to enable JavaScript to visit this website.

രാഷ്ട്രപിതാവിന്റെ സന്ദർശന   ഓർമയിൽ ഇലന്തൂർ ഗ്രാമം

ഇലന്തൂരിലെ ഗാന്ധി ആശ്രമത്തിൽനിന്ന്    

പത്തനംതിട്ട-  നാടെങ്ങും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമം രാഷ്ട്രപിതാവിന്റെ സന്ദർശനത്തിന്റെ ഓർമകൾ അയവിറക്കുന്നു. സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇലന്തൂരിനെ അടയാളപ്പെടുത്തുന്നത് ഗാന്ധിജിയുടെ സന്ദർശനത്തിലൂടെയാണ്. നിരവധി സ്വതന്ത്ര്യസമര സേനാനികൾക്ക് ജന്മം നൽകിയ ഇവിടെ 1937 ജനുവരി 20 നാണ് ഗാന്ധിജി എത്തിയത്. ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്തായിരുന്നു പ്രസംഗവേദി. വൈക്കം, കുമാരനല്ലൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് ഗാന്ധിജി  ഇവിടെ എത്തുന്നത്. മുക്കാൽ മണിക്കൂറോളം പ്രസംഗിച്ച ഗാന്ധിജി ശിഷ്യനായ കുമാർജിയുടെ മാതാവ് കുഞ്ഞുപ്പെണ്ണമ്മ കൊണ്ടുവന്ന ആട്ടിൻപാലും പഴങ്ങളും കഴിച്ചു. പിന്നീട് അടൂർ വഴി തിരുവനന്തപുരത്തേക്ക് പോയി. 
പ്രസംഗത്തിൽ ആവേശഭരിതരായ നിരവധി പേർ സ്വാതന്ത്ര്യസമര രംഗത്ത് അണിനിരന്നു. പത്തനംതിട്ടയുടെ സബർമതിയെന്നാണ് ഇലന്തൂർ അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥാപിക്കപ്പെട്ട ഗാന്ധി ആശ്രമമാണ് ഇതിനു കാരണം. ഗാന്ധി ശിഷ്യന്മാരായ കെ.കുമാർജി, സഹോദരൻ രാമൻ നായർ, ഖദർ ദാസ് ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. സ്വാതന്ത്ര്യസമരം, അയിത്തോച്ചാടനം, ഖാദി പ്രവർത്തനം എന്നി മേഖലയിലെല്ലാം ഇലന്തൂർ ചരിത്രത്തിൽ ഇടം നേടി. 
ദേവികുളത്തെ പാർവത്യകാർ ജോലി രാജിവെച്ച് ഖദർദാസ് ഗോപാലപിള്ള 1941 ലെ ഗാന്ധിജയന്തി ദിനത്തിലാണ് സ്വന്തം സ്ഥലത്ത് ഖാദി ആശ്രമം സ്ഥാപിച്ചത്. ഖാദി മേഖലയിലെ സേവനങ്ങൾ മാനിച്ചാണ് ഇദ്ദേഹത്തിനു ഖദർദാസ് പദവി നൽകിയത്. ആചാര്യ വിനോബാഭാവേ, ജയപ്രകാശ് നാരായണൻ, കെ.കേളപ്പൻ തുടങ്ങിയവർ ഇലന്തൂരിലെത്തി പ്രവർത്തനങ്ങൾക്ക് ആവേശം പകർന്നു. 1944 ൽ ടി.പി.ഗോപാലപിള്ള വാർധയിലെ സേവാശ്രമത്തിൽ ചെന്ന് ഗാന്ധിജിയെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഖാദി ആശ്രമം വിപുലീകരിച്ചു. പരിശീലനം നൽകിയ പ്രവർത്തകരെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. മാന്നാർ, കിടങ്ങൂർ, വെട്ടിപ്പുറം, ഓമല്ലൂർ, വകയാർ, ചങ്ങനാശ്ശേരി, തിരുവല്ല, വാഴൂർ എന്നിവടങ്ങളിൽ ഖാദി കേന്ദ്രങ്ങൾ തുറന്നു. പിന്നീട് ഇലന്തൂരിലെ ഖാദി സേവാശ്രമം ഖദർദാസ് സംസ്ഥാന സർക്കാറിനു കൈമാറി. പത്തനംതിട്ടയുടെ ജില്ല ഖാദി കേന്ദ്രവും ഇലന്തൂരിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഏക്കർ സ്ഥലമുണ്ടായിരുന്നെങ്കിലും ഒരേക്കറിലേറെ ഇപ്പോൾ അന്യാധീനപ്പെട്ടു. ഗാന്ധിജിയുടെ സന്ദർശനത്തിൻെറ സ്മാരകമാണ് ഇലന്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗാന്ധി സ്മൃതി മണ്ഡപം. ഗാന്ധിജി ചർക്കയിൽ നൂൽ നൂൽക്കുന്ന പ്രതിമ, ചുവർ ചിത്രങ്ങൾ എന്നിവയുണ്ട്. 
ഗാന്ധിജിയുടെ സന്ദർശനത്തിനിടെ സ്ഥാപിച്ച ഇലന്തൂർ പട്ടിക ജാതി കോളനി മാതൃകാ കോളനിയാണ്. ഗാന്ധിജിയുടെ സന്ദർശനത്തോടെ ഹരിജനോദ്ധാരണ പ്രവർത്തനവും സജീവമായി. 1938 ൽ കുമാർജിയുടെ നേതൃത്വത്തിൽ ഹരിജനോദ്ധാരണ പ്രവർത്തനം തുടങ്ങി. 1939 ൽ ശ്രീനാരായണപുരം ഹരിജൻ സ്‌കൂൾ ആരംഭിച്ചു. കേരളത്തിൽ ആരംഭിച്ച 100 ഹരിജൻ സ്‌കൂളുകളുടെ മാനേജറും കെ.കുമാർജിയായിരുന്നു. തിരുവിതാംകൂറിൽ ആരംഭിച്ച മൂന്ന് ഹരിജൻ കോളനികളിൽ ആദ്യത്തേത് ഇലന്തൂരിൽ സ്ഥാപിക്കാനും കുമാർജി മുൻകൈയെടുത്തു. ഹരിജനോദ്ധാരണ നേതാക്കളായ ടണ്ഡൽ, രാമേശ്വരി നെഹ്‌റു, ബാച്ചീനിസു താക്കർ, ബാപ്പ എന്നിവർ ഈ സമയം ഇലന്തൂർ സന്ദർശിച്ചു.

Latest News