Sorry, you need to enable JavaScript to visit this website.

സേവനങ്ങളിലെ വീഴ്ച ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതരെ പിരിച്ചുവിട്ടു

മക്ക - ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ രണ്ടു ഫീൽഡ് ഓഫീസ് ഡയറക്ടർമാരെ പിരിച്ചുവിട്ട് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ ഉത്തരവിട്ടു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ ഫീൽഡ് ഓഫീസ് ഡയറക്ടർമാർക്കെതിരെയാണ് നടപടി. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഇരുവർക്കുമെതിരായ കേസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുമുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് ഹാജിമാർക്ക് സേവനങ്ങൾ നൽകുന്നത് നിരീക്ഷിക്കാൻ മറ്റു രണ്ടു ഫീൽഡ് ഓഫീസ് ഡയറക്ടർമാരെ മന്ത്രി ഇടപെട്ട് നിയമിച്ചിട്ടുമുണ്ട്.  
ഇരുവരും ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി മക്ക ഗവർണറേറ്റിനു കീഴിലെ ഫീൽഡ് കമ്മിറ്റികൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്യാൻ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ നിർദേശം നൽകിയിരുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തുന്നതിനും പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് ഹാജിമാർക്ക് എല്ലാവിധ സേവനങ്ങളും നൽകുന്നതിനും ഹജ്, ഉംറ മന്ത്രാലയത്തോട് ഡെപ്യൂട്ടി ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ഫീൽഡ് ഓഫീസ് ഡയറക്ടർമാരെ പിരിച്ചുവിട്ടത്. 
ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ രണ്ടു ഫീൽഡ് സർവീസ് ഓഫീസുകൾക്കു കീഴിലെ ഹാജിമാർ സേവനങ്ങളിലുള്ള വീഴ്ചകളിൽ പരാതിപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹജ് തീർഥാടകരുടെ പ്രതിനിധികളുമായി ഡെപ്യൂട്ടി ഗവർണർ നേരിട്ട് കൂടിക്കാഴ്ച നടത്തി സംസാരിച്ചതിൽ നിന്ന് രണ്ടു ഫീൽഡ് ഓഫീസുകൾക്കു കീഴിലെ ഹാജിമാർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകളുണ്ടായതായി ബോധ്യമായിരുന്നു. തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സ്ഥാപനത്തിനുമെതിരെ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ നടപടികൾക്ക് നിർദേശം നൽകിയത്. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകൾ വരുത്തിയതിന് വിവിധ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകളിലെ അധികൃതർക്കെതിരെ ഹജ്, ഉംറ മന്ത്രി നേരത്തെ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
 

Tags

Latest News