Sorry, you need to enable JavaScript to visit this website.

തീർഥാടകയുടെ ഉപഹാരം നിരസിച്ച സൈനിക വിദ്യാർഥിക്ക് പാരിതോഷികം

മാജിദ് ബിൻ നാദിർ  അൽഅബ്ദുൽ അസീസ് 

മക്ക - വിദേശ ഹജ് തീർഥാടക സ്‌നേഹപൂർവം നിർബന്ധിച്ച് നൽകാൻ ശ്രമിച്ച പണം നിരസിച്ച സൈനിക പരിശീലന വിദ്യാർഥി മാജിദ് ബിൻ നാദിർ അൽഅബ്ദുൽ അസീസിന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ഉപഹാരം. വിദ്യാർഥിയുമായി ഫോണിൽ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി ആത്മാർഥമായും സ്തുത്യർഹമായും കൃത്യനിർവഹണം നടത്തിയതിന് മാജിദിന് നന്ദി പറഞ്ഞു. വിദ്യാർഥിക്ക് ഒരു ലക്ഷം റിയാലും പുതിയ മോഡൽ കാറും പാരിതോഷികമായി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. വ്യവസായ സുരക്ഷാ സേനാ ഇൻസ്റ്റിറ്റിയൂട്ടിലെ പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് വിദ്യാർഥിയെ ആഗ്രഹിക്കുന്ന നഗരത്തിൽ നിയമിക്കാനും മന്ത്രി നിർദേശിച്ചു. ഹജും സൈനിക പരിശീലനവും പൂർത്തിയായ ശേഷം തന്നെ നേരിട്ട് സന്ദർശിക്കാനും അദ്ദേഹം മാജിദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  
മിനായിൽ മശാഇർ മെട്രോ ഒന്നാം നമ്പർ സ്റ്റേഷനിൽ കടുത്ത തിരക്കിൽ ബാരിക്കേഡിൽ കയറി നിന്ന് മാർഗനിർദേശങ്ങൾ നൽകി തീർഥാടകരുടെ നീക്കം ക്രമീകരിക്കുന്നതിനിടെയാണ് സൈനിക പരിശീലന വിദ്യാർഥി മാജിദ് ബിൻ നാദിർ അൽഅബ്ദുൽ അസീസിന് അറബ് വംശജയായ തീർഥാടക ഉപഹാരമെന്നോണം നോട്ടുകൾ കൈമാറാൻ ശ്രമിച്ചത്. ഇത് തന്റെ ഡ്യൂട്ടിയാണെന്നും ഇതിന് ഒരു തീർഥാടകനോടും പണം വാങ്ങില്ലെന്നും പറഞ്ഞ് തീർഥാടകയെ മാജിദ് പിന്തിരിപ്പിച്ചു. ഉപഹാരം നിരസിച്ച മാജിദിന് തീർഥാടക ആവർത്തിച്ച് നോട്ടുകൾ കൈമാറാൻ ശ്രമിച്ചു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിന്ന മാജിദ് സൗമ്യമായും അനുകമ്പയോടെയും തീർഥാടകയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് മറ്റൊരു തീർഥാടകനാണ് സൈനിക വിദ്യാർഥിയോ തീർഥാടകയോ അറിയാതെ ഈ രംഗം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 
വ്യവസായ സുരക്ഷാ സേനാ കമാണ്ടർ മേജർ ജനറൽ ഹാമിദ് അൽതുവൈരിഖി ജോലിയിൽ ആത്മാർഥതയും സത്യസന്ധതയും കാണിച്ച മാജിദ് അൽഅബ്ദുൽഅസീസിന് 20,000 റിയാൽ പാരിതോഷികം നൽകി. മക്ക നഗര സമിതി വൈസ് പ്രസിഡന്റ് ഫഹദ് മുഹമ്മദ് അൽറൂഖി സൈനിക വിദ്യാർഥിക്ക് വീടു വെക്കാനുള്ള സ്ഥലം തായിഫിൽ സൗജന്യമായി നൽകുമെന്നും പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിൽ വ്യവസായ സുരക്ഷാ സേനാ ഇൻസ്റ്റിറ്റിയൂട്ടിലാണ് മാജിദ് അൽഅബ്ദുൽ അസീസ് പഠിക്കുന്നത്. മിനായിൽ മശാഇർ മെട്രോ ഒന്നാം നമ്പർ സ്റ്റേഷനിലാണ് മാജിദിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
 

Tags

Latest News