Sorry, you need to enable JavaScript to visit this website.

കുത്തിയൊഴുകുന്ന നദിയിലേക്ക് ചാടി, മരിച്ചെന്നു വിധിയെഴുതി, രണ്ടാം ദിനം ജീവനോടെ ഉയത്തെഴുന്നേൽപ്പ്

ബംഗളുരു- പ്രളയത്തിനിടെ നദിയിലേക്ക് എടുത്തു ചാടിയ അറുപതുകാരൻ രണ്ടു ദിവസത്തിനു ശേഷം തിരിച്ചെത്തി. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് എടുത്തു ചാടിയ ഇദ്ദേഹം മരിച്ചെന്നു വിധിയെഴുത്തുകയും പ്രളയക്കെടുതിയില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണു ഏവരെയും ആശ്ചര്യപ്പെടുത്തി ഇയാൾ രണ്ടു ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്. കുത്തിയൊഴുകുന്ന കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ച നഞ്ചന്‍കോട് സ്വദേശിയായ വെങ്കടേഷ് മൂര്‍ത്തിയാണ് ഏവരെയും കബളിപ്പിച്ച് ഇപ്പോൾ തിരിച്ചു വന്നത്. .
           വിവിധ ഡാമുകള്‍ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു. ഈ സമയത്താണ് ഇയാൾ ആരെയും വകവെക്കാതെ നദിയിലേക്ക് എടുത്ത് ചാടിയിരുന്നത്. നദിയിലേക്ക് ചാടിയ വെങ്കിടേഷ് മൂര്‍ത്തിയെ നിമിഷനേരം കൊണ്ട് കാണാതായി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇതോടെ, ഇയാള്‍ മരച്ചിട്ടുണ്ടാകുമെന്ന് അധികൃതര്‍ വിധിയെഴുതി. കര്‍ണാടകയിലെ വാര്‍ത്താചാനലുകളും മൂര്‍ത്തി മരിച്ചെന്ന് വാര്‍ത്ത നല്‍കുകയും ചെയ്‌തതോടെ ഇയാളെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. എന്നാല്‍, സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറ്റുചില വിവരങ്ങള്‍ പുറത്തുവന്നത്. മൂര്‍ത്തിയെ നേരിട്ട് കണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെ നഞ്ചന്‍കോട് റൂറല്‍ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. വെങ്കടേഷ് മൂര്‍ത്തി തിങ്കളാഴ്ച വൈകിട്ട് പൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്‌തെന്നും അറിയിച്ചു.
        എന്നാൽ, നേരത്തെയും നിരവധി തവണ ഇങ്ങനെ നദിയിൽ ചാടിയ ഇയാൾ ഇത്തവണ രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തുന്നത് കാണാതായതോടെ ആശങ്കയിലായെന്നു സഹോദരി മഞ്ജുള പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ മൂര്‍ത്തി ഇങ്ങനെ പലതവണ സാഹസികത കാണിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാധാരണ പാലത്തിന്റെ മധ്യത്തിലൂടെ നീന്തിക്കയറാറുള്ള തനിക്ക് ഇത്തവണ കുത്തൊഴുക്ക് കാരണം തൂണില്‍ പിടിച്ചുനില്‍ക്കേണ്ടിവന്നു. പക്ഷേ, നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തില്‍ കുടുങ്ങിപ്പോയെന്നും മൂര്‍ത്തി ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. നേരത്തെ, വെങ്കടേഷ് മൂര്‍ത്തി കശ്‌മീർ മുതല്‍ കന്യാകുമാരി വരെ സൈക്കിളില്‍ സഞ്ചരിച്ച് വാര്‍ത്തകളിലിടം നേടിയിരുന്നു. പതിനായിരം കിലോമീറ്ററിലേറെ ദൂരം താണ്ടിയാണ് അദ്ദേഹം കശ്‌മീർ - കന്യാകുമാരി യാത്ര പൂര്‍ത്തിയാക്കിയത്. 

Latest News