Sorry, you need to enable JavaScript to visit this website.

പി.എസ്.സിക്കും കൊടുക്കണം ഒരു റാങ്ക്

1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് മന്ത്രിസഭ കേരളത്തിൽ ജന്മി - കുടിയാൻ വ്യവസ്ഥിതിയെ വേരോടെ പിഴുതെറിഞ്ഞത് മലയാളിയുടെ മനസ്സിൽ വസന്തം വിടർത്തുന്ന ഓർമയാണ്. എന്നാൽ അന്നത്തെ ജന്മി കുടിയാൻ ബന്ധം ഇന്നും പല രംഗങ്ങളിലും നിഴലിച്ചു നിൽക്കുന്നു. അതിന് തെളിവാണ് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടന സ്ഥാപനമായ പി.എസ്.സി പരീക്ഷയിൽ നടന്ന അട്ടിമറികൾ. ഇന്നത്തെ ജന്മിമാർ രാഷ്ട്രീയ പാർട്ടി നേതാക്കളും കുടിയന്മാർ ഊണും ഉറക്കവുമിളച്ചു പഠിച്ച് ജോലി നേടാൻ ശ്രമിക്കുന്നവരുമാണ്. എന്തും സഹിക്കാൻ വിധിക്കപ്പെട്ടവർ.  
കേരളത്തിൽ ലക്ഷക്കണക്കിന് തൊഴിൽ രഹിതർ പി.എസ്.സി പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ ഗുണ്ടകൾ കുറുക്കുവഴിയിലൂടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നത്. ഇത്ര ഗൗരവമുള്ള വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്ന പി.എസ്.സി ചെയർമാനടക്കമുള്ളവർ നിരത്തുന്ന മുടന്തൻ ന്യായങ്ങൾ പരീക്ഷയെഴുതി കാത്തിരിക്കുന്നവരുടെ സ്വപ്‌നങ്ങൾ തകർക്കുന്നതാണ്. 
രാഷ്ട്രീയ രംഗത്തുള്ള കുറെ പുഴുക്കുത്തുകൾ സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായാൽ അവിടെ സത്യവും നീതിയും നടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. ഇവർ രഹസ്യമായി നടപ്പാക്കുന്ന കാര്യങ്ങൾ പുറത്താരുമറിയില്ല. ഇവരുടെ തലതൊട്ടപ്പന്മാരാകട്ടെ അവരെ തള്ളിപ്പറയില്ല. അതിനാൽ തന്നെ നീതിപൂർവകമായ പരിശോധനകൾ അട്ടിമറിക്കപ്പെടുന്നു. ഇപ്പോൾ പരീക്ഷയെഴുതി കാത്തിരുന്നവർ കുറ്റവാളികളും പി.എസ്.സി കുറ്റമറ്റവരുമാകുന്നു. അവർ ഈ രംഗത്തെ വിശുദ്ധന്മാരെന്ന് പേര് ചാർത്തി കൊടുക്കുന്നവരുമുണ്ട്. 
പി.എസ്.സിയിലെ ഈ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇക്കാര്യത്തിൽ എനിക്ക് വ്യക്തമായി ബോധ്യമുള്ള സംഭവങ്ങളുണ്ട്. എന്റെ ഒരു ബന്ധു, പത്താം ക്ലാസിൽ തോറ്റവൻ. ഒരു പ്രമുഖ രാഷ്ട്രീയ മേലാളന്റെ തണലിൽ അയാൾക്ക് പോലീസിൽ ജോലി കിട്ടി. കൈക്കൂലി കൊടുത്തതായറിയാം. എത്രയെന്ന് അറിയില്ല. ഇന്നവൻ പോലീസിൽനിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ഇതുപോലെ സർക്കാർ ജോലിക്കായി നടക്കുന്ന അട്ടിമറികൾ പലപ്പോഴും പുറംലോകമറിയുന്നില്ല. ഈ കൈക്കൂലി കൊടുത്തവൻ പിന്നീട് കൈക്കൂലിക്കാരനായി മാറുന്നു. 
ഈ സ്ഥാപനത്തിൽ കാലാകാലങ്ങളിലായി തുടരുന്ന തട്ടിപ്പ് ഇപ്പോൾ പുറത്തു വരാൻ കാരണം ഒരാളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയതുകൊണ്ടാണ്. എന്നിട്ടും എത്ര ലാഘവത്തോടയാണ് ഈ രംഗത്തുള്ളവർ പ്രതികരിക്കുന്നത്. 
പഠിക്കാൻ പോകുന്ന കുട്ടികൾ രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമെടുക്കണമെന്ന് നിർബന്ധ ബുദ്ധി എന്തിനാണ്? അതിലൂടെ അവർ പഠിപ്പിക്കുന്നത് അസഹിഷ്ണുത, കല്ലേറ്, പക, കഞ്ചാവ്, മദ്യം, കത്തിക്കുത്ത്, പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുക മുതലായവയാണ്. ഈ കുട്ടികൾക്ക് പഠിപ്പിക്കുന്ന ഗുരുക്കന്മാരെയോ മറ്റുള്ളവരെയോ ബഹുമാനിക്കാൻ അറിയില്ല. എതിർപ്പിന്റെ, അസഹിഷ്ണുതയുടെ നീതി ശാസ്ത്രമാണ് അവർ പഠിക്കുന്നത്. ഇതിന്റ ഗുണഭോക്താക്കൾ രാഷ്ട്രീയ പാർട്ടികളല്ലാതെ മറ്റാരാണ്? 
ക്ലാസ് മുറികളിൽ നിന്നും കുട്ടികളെ പിടിച്ചിറക്കി മുദ്രാവാക്യം വിളിക്കാനും സമരങ്ങളിൽ പങ്കെടുക്കാനും അനുവദിക്കുന്നതിലൂടെ ഒരു കുട്ടിയുടെ ഭാവിയാണ് ഈ ബൂർഷ്വ മുതലാളി നേതാക്കന്മാർ നശിപ്പിക്കുന്നത്.   കേരളത്തിൽ തന്നെയാണോ ഈ അനീതി നടക്കുന്നത്? ഈ പൗര സമരങ്ങളിൽ പങ്കെടുത്തു കല്ലേറ് നടത്തി ഒന്നും രണ്ടും റാങ്കുകൾ കിട്ടിയവർ പി.എസ്.സി പരീക്ഷ ഹാളിൽ ഒന്നും രണ്ടും റാങ്കുകൾ കിട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല. പോലീസിന്റെ തല്ലു വാങ്ങിയ ഈ 'ചുണക്കുട്ടി'കളാണ് പോലീസിൽ ചേർന്ന് പാവങ്ങളെ ഉരുട്ടിക്കൊല്ലുന്നതും പീഡിപ്പിക്കുന്നതും കൊടിയുടെ നിറം നോക്കി കേസുകൾ വളച്ചൊടിക്കുന്നതും. മാത്രമല്ല  ഭരണത്തിലിരിക്കുന്ന തമ്പുരാക്കന്മാർക്ക് പാദസേവ ചെയ്താൽ നല്ല പദവികൾ കിട്ടുകയും ചെയ്യും. അതുകൊണ്ടാണ് കോടതി പറഞ്ഞിട്ടും ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെ സേനയിൽ നിന്നും മാറ്റാത്തത്. 
വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്നവർ പരീക്ഷകൾ എഴുതിയിട്ടുള്ളത് ഇപ്പോൾ നടന്ന പി.എസ്.സി പരീക്ഷ പോലെയെന്ന് ആരോപണമുയർത്തിയാൽ തെറ്റ് പറയാൻ സാധിക്കില്ല. അവർ പഠിച്ചു വളർന്നത് അക്ഷരമോ അറിവോ അല്ല. അതിനേക്കാൾ സമരങ്ങളും കത്തിക്കുത്തും കല്ലേറും അക്രമങ്ങളുമാണ്. ഇവരാണ് പിന്നീട് നാട് ഭരിക്കാൻ വരുന്നത്. ഇത് ഒരു ജനത്തിന്റ ദുർവിധിയാണ്. ഇതിനു പുറമെയാണ്  കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും ആളുകൾ സർക്കാർ ജോലി തരപ്പെടുത്തുന്നത്. കൈക്കൂലിയുടെ ഒരു പങ്ക് പാർട്ടിക്കും കിട്ടും. 
കുട്ടികളെ നേർവഴിക്ക് നടത്തേണ്ട അധ്യാപകർ പാർട്ടി താൽപര്യങ്ങളെ സംരക്ഷിക്കുന്നവരാകുന്നു. ഇതും സമൂഹം നേരിടുന്ന ദുരന്തമാണ്. നല്ലൊരു പറ്റം സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ പോലും ഈ കൂട്ടരുടെ ഭാഗമായി മാറിക്കഴിഞ്ഞു. കാലങ്ങൾക്ക് മുമ്പ് മാതൃകാപരമായ ഗുരുകുല വിദ്യാഭ്യാസം എത്രയോ നന്നെന്ന് ഇപ്പോൾ പലർക്കും തോന്നുന്നു.
പി.എസ്.സി അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ജനസേവനത്തേക്കാൾ ഓരോ പാർട്ടികൾക്ക് അടിമപ്പണി ചെയ്യുന്ന പാർട്ടിത്തൊഴിലാളികളാണ്. അവർക്ക് നീതിയും സത്യവും നിലനിർത്താനാകില്ല. ഈ സംഭവത്തോടെ കേരളത്തിലെ ഡോക്ടറേറ്റ് അടക്കമുള്ള എല്ലാ പരീക്ഷകളിലും ദുരൂഹതകൾ ഏറുകയാണ്. വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങൾ കമ്പോളങ്ങളാക്കി മാറ്റിയിരിക്കുന്നു. കുറ്റം ചെയ്തവരെ തള്ളിപ്പറയുകയല്ല, അവരെ ശിക്ഷിക്കുകയാണ് നല്ല ഭരണാധികാരികൾ ചെയ്യേണ്ടത്. 
ഇവിടെ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും മൂലം എത്രയോ മലയാളികളാണ് ഒരു തൊഴിൽ കിട്ടാൻ മാർഗമില്ലാതെ പ്രിയപ്പെട്ടവരെ വേർപിരിഞ്ഞു ജന്മനാടിനോട് വിട പറയുന്നത്. ഈ ബൂർഷ്വ പരിഷ്‌കരണ പ്രസ്ഥാനത്തിൽ നിന്നും രക്ഷപ്പെട്ടവരാണ് പ്രവാസികളായ മലയാളികൾ. ജീവിക്കാനായി, വിശപ്പടക്കാനായി പലായനം ചെയ്ത അഭയാർത്ഥികൾ. അവരിന്നു ലോകത്തിന്റ എല്ലാ ഭാഗത്തുമുണ്ട്. ഒരു തൊഴിൽ കൊടുക്കാതെ  മലയാളികളെ പിഴുതെറിയുന്നതിൽ അവരെ കയറ്റുമതി ചെയ്യുന്നതിൽ ഭരണകൂടങ്ങൾക്കും ഈ സ്ഥാപനത്തിനും നല്ലൊരു പങ്കുണ്ട്. അതിനാൽ തന്നെ ഈ സ്ഥാപനത്തിന് ഒരു റാങ്ക് കൊടുക്കുന്നതിൽ തെറ്റില്ല. 
ഏത് പാർട്ടിയായാലും ഇന്ന് തുടരുന്നത് ജന്മി - കുടിയാൻ വ്യവസ്ഥിതിയാണ്. അതിനെ ജനാധിപത്യം, മതേതരത്വമെന്ന ഓമനപ്പേരുകളിൽ മനുഷ്യരെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും അറിവുള്ള ഒരു ജനത അധികകാലം തുടരാൻ അനുവദിക്കരുത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കക്ഷി രാഷ്ട്രീയക്കാരെ ഒഴിവാക്കാൻ കോടതി നിയമങ്ങൾ അനിവാര്യമാണ്. ഇപ്പോൾ നടക്കുന്നത് നീതിനിഷേധങ്ങളാണ്. ഒരു പൗരന് നീതി നിഷേധിക്കുമ്പോൾ കോടതികൾ നോക്കുകുത്തികളാകരുത്. ഓരോ സ്ഥാപനങ്ങളും രാഷ്ട്രീയക്കാരുടെ സ്വകാര്യ സമ്പത്തും സ്ഥാപനങ്ങളുമാക്കുന്ന സാമൂഹ്യ സാംസ്‌കാരിക ജീർണത അവസാനിപ്പിക്കണം.   

Latest News