Sorry, you need to enable JavaScript to visit this website.

ഓണം റിലീസിനൊരുങ്ങി അഞ്ച് ചിത്രങ്ങൾ

മലയാള സിനിമ എന്നും വൻ സാമ്പത്തിക വിജയം പ്രതീക്ഷിക്കുന്ന റിലീസിംഗ് സീസണാണ് ഓണം. ഫെസ്റ്റിവൽ മൂഡുള്ള ചിത്രങ്ങളാണ് ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തുക. ഇത്തവണ റിലീസ് ചെയ്യുന്നത് അഞ്ചു ചിത്രങ്ങളാണ്. മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി, പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ, നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ലൗ ആക്ഷൻ ഡ്രാമ, ടൊവിനൊ തോമസിന്റെ കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, രജിഷ വിജയൻ നായികയാവുന്ന ഫൈനൽസ് എന്നിവ. മെഗാ സ്റ്റാർ മമ്മൂട്ടിക്കും ദിലീപിനും ദുൽഖറിനും ഫഹദിനും ജയസൂര്യക്കും ഈ ഓണത്തിന് ചിത്രങ്ങളില്ല. 

ലൗ ആക്ഷൻ ഡ്രാമ
നയൻതാരയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം.  വർഷങ്ങൾക്കു മുമ്പെത്തിയ അച്ഛന്റെ സിനിമയായ വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനെയും ശോഭയെയും ധ്യാൻ ആദ്യ ചിത്രത്തിൽ കൂടെക്കൂട്ടി. തളത്തിൽ ദിനേശനായി നിവിൻ പോളിയും ശോഭയായി നയൻതാരയും അഭിനയിക്കുന്നു. എങ്കിലും വടക്കുനോക്കി യന്ത്രത്തിന്റെ രണ്ടാം ഭാഗമല്ല ലൗ ആക്ഷൻ ഡ്രാമ. എന്നാൽ ഹ്യൂമർ ഏറെയുണ്ടുതാനും. ശ്രീനിവാസൻ, ഉർവ്വശി, അജു വർഗീസ്, ധന്യ ബാലകൃഷ്ണൻ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫൺടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ രചനയും ധ്യാൻ ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് സംഗീതമൊരുക്കിയത് ഷാൻ റഹ്മാൻ. ജോമോൻ ടി. ജോൺ, റോബി വർഗീസ് രാജ് എന്നിവരാണ്ഛായാഗ്രഹണം. 

രജിഷയുടെ ഫൈനൽസ്
രജിഷ വിജയൻ നായികയാകുന്ന ചിത്രമാണ് ഫൈനൽസ്. അനുരാഗകരിക്കിൻവെള്ളം, ജൂൺ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ രജിഷയുടെ പുതിയ ചിത്രവും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒളിംപിക്‌സിന് തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് ഫൈനൽസിൽ രജിഷയുടേത്. സുരാജ് വെഞ്ഞാറമൂട്, മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ്, ടിനി ടോം, സോന നായർ, കുഞ്ചൻ, മാല പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നു നിർമിക്കുന്ന ഫൈനൽസിന്റെ തിരക്കഥയും സംവിധാനവും പി.ആർ. അരുൺ. കൈലാസ് മേനോൻ ആണ് സംഗീതം. നടി പ്രിയ പ്രകാശ് വാര്യർ ഗായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്
ടൊവിനോയെ നായകനാക്കി ജിസോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്'. മലയാളികൾ എന്നും ചിരിയോടെ മാത്രം ഓർക്കുന്ന പ്രിയദർശൻ ചിത്രം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിൽ  ശ്രീനിവാസനും മോഹൻലാലും മത്സരിച്ച് അഭിനയിച്ച സീനിലെ ഡയലോഗാണിത്. ഈ ഡയലോഗ് ചിത്രത്തിന്റെ പേര് തന്നെയാവുകയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു റോഡ് മൂവിയാണ്. ജിസോ ബേബിയും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഗോപി സുന്ദറാണ് സംഗീതം.
ടൊവിനോ ആദ്യമായി നിർമാതാവിന്റെ കുപ്പായം അണിയുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ടൊവിനൊ തോമസിനൊപ്പം നിർമാതാക്കളുടെ റോളിൽ സംഗീത സംവിധായകൻ ഗോപി സുന്ദർ, ഛായാഗ്രാഹകൻ സീനു സിദ്ധാർത്ഥ്, റാംഷി എന്നിവരുമുണ്ട്. 

മോഹൻലാലിന്റെ ഇട്ടിമാണി

മോഹൻലാൽ നായകനായ 'ഇട്ടിമാണി മെയിഡ് ഇൻ ചൈന'യാണ് ഈ ഓണക്കാലത്തെ വമ്പൻ റിലീസ്. കലക്ഷൻ റെക്കോഡുകൾ ഭേദിച്ച ലൂസിഫറിനു ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും ഇട്ടിമാണിക്കുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചൈനയിൽ എത്തുന്ന കുന്നംകുളത്തുകാരൻ അച്ചായന്റെ കഥയാണിത്. മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണി ആയാണ് ലാൽ എത്തുന്നത്. ചൈനയിലെ സിനിമാ നഗരമായ ഹെങ്ദിയാനിലാണ് ഇട്ടിമാണിയും സംഘവും പത്തു ദിവസത്തെ ഷൂട്ടിംഗിനായി പോയത്. തൂവാനത്തുമ്പികൾക്കു ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. 
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതരായ ജിബി ജോജുവാണ്.
വൻ താരനിരയുള്ള ഇട്ടമാണിയിൽ ഹണി റോസാണ് നായിക. രാധിക ശരത്കുമാർ ശക്തമായ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. കെ.പി.എ.സി ലളിത, മാധുരി, സിദ്ദീഖ്, അജു വർഗീസ്, ധർമ്മജൻ, ഹരീഷ് കണാരൻ, സിജോയ് വർഗീസ്, കൈലാസ്, വിനു മോഹൻ, സലിംകുമാർ, പാഷാണം ഷാജി, അശോകൻ, നന്ദു, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി, ശ്രീജിത്ത് രവി, സാജു കൊടിയൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഷാജി കുമാറാണ് ഛായാഗ്രഹണം. സന്തോഷ് വർമ്മ, മനു മഞ്ജിത്ത് എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഫോർ മ്യൂസിക്‌സും കൈലാസ് മേനോനുമാണ്. ദീപക് ദേവാണ് പശ്ചാത്തല സംഗീതം.

ബ്രദേഴ്‌സ് ഡേയിൽ പൃഥ്വിരാജ്
നടൻ കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാവുന്ന ബ്രദേഴ്‌സ് ഡേ. അടി, ഇടി,ഡാൻസ്, ബഹളം ഇതാണ് ബ്രദേഴ്‌സ് ഡേ. ആക്ഷനും കോമഡിയും ഇടകലരുന്ന ചിത്രം. 'ലുക്കുണ്ടെന്നേയുള്ളൂ, ഞാൻ വെറും ഊളയാണ്' ഈ ഡയലോഗ് അടങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വൈറലായിരുന്നു. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായി. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വമ്പൻ വിജയത്തിനു ശേഷം താരം വീണ്ടും അഭിനയ രംഗത്തെത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഷാജോൺ തന്നെ. 
തമിഴ് സൂപ്പർ താരം പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേക്കുണ്ട്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. വിജയരാഘവൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, സ്ഫടികം ജോർജ്, ശിവജി ഗുരുവായൂർ, തമിഴ് താരം സച്ചിൻ, സുനിൽ സുഖദ, പ്രേം പ്രകാശ്, പൗളി വിൽസൺ, വിനോദ് കെടാമംഗലം തുടങ്ങിയവരും വേഷമിടുന്നു.
ഫോർ മ്യൂസിക് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അഞ്ച് പാട്ടുകളുണ്ട്. വിജയ് യേശുദാസ്, അന്തോണി ദാസൻ എന്നിവരാണ് ഗായകർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് അഖിലേഷ് മോഹനും നിർവഹിക്കുന്നു. ഡോ. മധു വാസുദേവൻ, ബി.കെ. ഹരിനാരായണൻ, ജിസ് ജോയി, നെല്ലായി ജയന്ത് എന്നിവരാണ് ഗാനങ്ങൾ രചിച്ചത്. 


 

Latest News