Sorry, you need to enable JavaScript to visit this website.

ആശുപത്രി തേടി പ്രസവ വേദനയിൽ പുളഞ്ഞു കിലോമീറ്ററുകൾ നടന്നു, ഒടുവിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

ഇൻശയും കുഞ്ഞും ആശുപത്രിയിൽ 

 

കശ്‌മീരിലെ ദുരവസ്ഥ വ്യക്തമാക്കുന്ന യുവതിയുടെ കഥ

       ശ്രീനഗർ- ദിവസങ്ങളായി പുകയുന്ന കശ്‌മീരിലെ അതിഭയാനക അവസ്ഥ വെളിപ്പെടുത്തുന്ന കഥയുമായി യുവതി പെൺകുഞ്ഞിന് ജന്മം നൽകി. കർഫ്യു ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രസവ വേദനയുമായി ഊടു വഴികളിലൂടെ അഞ്ചു മണിക്കൂറിലധികം സമയം കിലോമീറ്ററുകൾ താണ്ടി ആശുപത്രി തേടിയുള്ള അലച്ചിൽ. ഒടുവിൽ ഉദ്ദേശിച്ച ആശുപത്രിയിലേക്ക് എത്തിപ്പെടാൻ ഇനിയും സഞ്ചരിക്കണമെന്നറിഞ്ഞപ്പോൾ തൊട്ടടുത്ത ചെറിയ ആശുപത്രിയിൽ കയറി. ഏതാനും നിമിഷങ്ങൾക്കകം പെൺകുഞ്ഞിന് ജന്മം. എന്നാൽ, കുഞ്ഞിനെ സ്വീകരിക്കാൻ ഇവരുടെ കയ്യിൽ ഒരു കഷ്‌ണം തുണി പോലുമില്ലായിരുന്നു. ഒടുവിൽ ഉമ്മ തന്റെ തട്ടം അഴിച്ചു അതിൽ സ്വീകരിച്ചു. കശ്‌മീരിലെ ഇൻശാ അഷ്‌റഫ് എന്ന 26 കാരിയുടെ കടിഞ്ഞൂൽ പ്രസവത്തിന്റെ ദുരിത കഥകളാണിത്. കശ്‌മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കടുത്ത കർഫ്യു ഇവരുടെ ജീവിതത്തിൽ ഏൽപ്പിക്കുന്ന ഭയപ്പാടുകളും ദുരിതങ്ങളും വ്യക്തമാക്കുന്നതാണ് യുവതിയുടെ അനുഭവം. 
               ഏതൊരമ്മയെയും പോലെ, ജീവിതത്തിലേക്കെത്തുന്ന വിരുന്നുകാരിയെ സ്വീകരിക്കാൻ  ഇവരും പലതും കരുതി വെച്ചിരുന്നു. അതിനിടെയാണ് ഇടിത്തീ പോലെ കശ്‌മീരിലെ കാര്യങ്ങൾ കുഴഞ്ഞു മറിയുന്നത്. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ എല്ലാവരും പുറത്തേക്കിറങ്ങാൻ ഭയപ്പെടുന്ന സമയത്താണ് ഇൻശാ അഷ്‌റഫിന് പ്രസവ വേദന അനുഭവപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചു മുതൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. വാർത്താവിതരണ സംവിധാനം നിരോധിച്ചതിനാൽ ആരെയും വിളിക്കാനും മാർഗമില്ല. ഈ സമയത്ത് നിസ്സാഹയാവസ്ഥയിൽ മുഖത്തോട് മുഖം നോക്കി നിൽക്കാനെ ഇൻശക്കും അമ്മ മുബീനയ്ക്കും കഴിഞ്ഞുള്ളു. പ്രസവത്തിനായി ശ്രീനഗറിൽ നിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള ലാൽ ദേഡ് ആശുപത്രിയിൽ എത്തിയതിനെക്കുറിച്ച് ചോദിച്ചാൽ ഇൻഷയുടെ കണ്ണുകളിൽ ഇപ്പോഴും അമ്പരപ്പാണ്. അത്രയക്ക് ദുർഘടമായ അവസ്ഥകൾ അതിജീവിച്ചാണ് അവർ ആശുപത്രിയിലെത്തിയത്. ഓഗസ്റ്റ് ഒമ്പത് ശനിയാഴ്ച്ച പുലർച്ചെയാണ് പൂർണ ഗർഭിണിയായ ഇൻശക്ക് പ്രസവ വേദന കൂടിയത്. പെട്ടെന്ന് ആശുപത്രിയിലെത്താതെ വേറെ മാർഗമില്ലായിരുന്നു.
             മകൾക്ക് പ്രസവവേദന കൂടിയതോടെ ഉമ്മ മുബീന അയൽവീട്ടിലേക്ക് ഓടി. അവിടെയുള്ള ഓട്ടോറിക്ഷയിൽ മകളെ കയറ്റി. ഒപ്പം ഇൻഷയുടെ സഹോദരി നിഷയുമുണ്ടായിരുന്നു. എന്നാൽ ഏതാനും മീറ്ററുകൾക്ക് അപ്പുറത്ത് സൈനികർ ഓട്ടോറിക്ഷ തടഞ്ഞുവെച്ചു. സുരക്ഷാഭീഷണിയുണ്ടെന്നും ഇതുവഴി പോകാനാകില്ലെന്നും സൈനികർ പറഞ്ഞു. ഇതോടെയാണ് ഇവർ അവർ ഓട്ടോറിക്ഷ ഉപേക്ഷിച്ചു ഊടു വഴിയിലൂടെ കാൽനടയായി യാത്ര തുടർന്നത്. ഓരോ അഞ്ഞൂറ് മീറ്ററിലും സൈനികർ ചെക്പോസ്റ്റുകളിൽ തടഞ്ഞെന്ന് അവർ പറയുന്നു. അഞ്ചര മണിക്കൂർ നീണ്ട ദുരിത യാത്രക്കിടെ രാവിലെ 11 മണിയായപ്പോൾ ഇൻശക്ക് വേദന കൂടി. എന്നാൽ ഇവർക്കെത്തേണ്ട ലാൽദേഡ് ആശുപത്രിയിലേക്ക് ഇനിയും ഒരുകിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഇതോടെ അവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയായ ഖാനത്തിലേക്ക് പോയി. അപ്പോഴേക്കും ആറ് കിലോമീറ്റർ ദൂരം അവർ നടന്നു തീർത്തിരുന്നു. ഖാനം ആശുപത്രിയിലെത്തി 15 മിനിറ്റിനകം ഇൻശ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
         എന്നാൽ, പ്രസവത്തിന് ശേഷം നഴ്‌സ് കുഞ്ഞിനെ കൈയിലേക്ക് നീട്ടിയപ്പോൾ അവളെ മാറോടണക്കാൻ ഇൻശ അഷ്റഫ് എന്ന അമ്മയുടെ കൈയിൽ ഒരു ഉടുപ്പ് പോലുമില്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അവൾ മിഴിച്ചുനിന്നു. അടുത്തുണ്ടായിരുന്ന ഉമ്മ മുബീനയുടെ മുഖത്തേക്ക് നോക്കി. ഒടുവിൽ മുബീന തന്റെ ശിരോവസ്ത്രം ഊരി അതു പൊതിഞ്ഞുകെട്ടി കുഞ്ഞിനെ വാങ്ങിയാണ് കുഞ്ഞിനെ തന്റെ മാറോടണച്ചത്‌. കടകൾ പൂർണ്ണമായും അടഞ്ഞു കിടന്നതിനാൽ തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിക്ക് വേണ്ടി ഒരു കുഞ്ഞുടുപ്പ് ഇൻശയുടെ സഹോദരി കുറെ അലഞ്ഞതിനു ശേഷമാണു ലഭിച്ചത്. പക്ഷെ, ഇപ്പോഴും കുഞ്ഞിന്റെ പിതാവ് ഇർഫാൻ അഹമ്മദ് ശൈഖ് ഇക്കാര്യങ്ങളൊന്നും അറിയാതെ കശ്‌മീരിന്റെ മറ്റൊരു ഭാഗത്താണ്. സന്തോഷം പങ്ക് വെക്കാനും വിവരം പറയാനും ഒരു മാർഗ്ഗവുമില്ലാത്തതാണ് ഇവരെ അലട്ടുന്നത്. 

 

Latest News