Sorry, you need to enable JavaScript to visit this website.

പശ്ചിമ ബംഗാളിൽ ചാക്കിട്ടു പിടുത്തം തുടരുന്നു; ഒരു എം എൽ എ കൂടി ബിജെപിയിലേക്ക്

കൊൽക്കത്ത- പശ്ചിമ ബംഗാളിൽ ബി ജെ പി യുടെ ചാക്കിട്ടു പിടുത്തത്തിൽ ഒരു എം എൽ എ കൂടി വീണു. മുൻ കൊൽക്കത്ത മേയറും തൃണമൂൽ എം എൽ എയുമായ സോവൻ ചാറ്റർജിയാണ്‌ ബി ജെ പിയിലേക്ക് കളം മാറിച്ചവിട്ടുന്നത്. ഈയാഴ്ച്ച അവസാനം ദൽഹിയിലെത്തി അദ്ദേഹം ബി ജെപി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. രാഷ്ട്രീയ ജീവിതത്തിൽ  കളങ്കം കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി സ്ഥാനത്ത് നിന്നും കൊൽക്കത്ത മേയർ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ മമതാ ബാനർജി നേരത്തെ ഒഴിവാക്കിയിരുന്നു. തുടർന്ന് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും ഏതാനും മാസങ്ങളായി അകന്നു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹം ബി ജെ പിയിലേക്ക് കൂടു മാറുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. 
             ഏതാനും മാസങ്ങളായി ഇദ്ദേഹം ബി ജെ പി നേതാക്കളുമായി ചർച്ചകൾ നടത്തി വരികയായിരുന്നുവെന്നും ഈയാഴ്ച്ച അവസാനത്തോടെ തന്നെ ഇദ്ദേഹം പാർട്ടിയിൽ ചേരുമെന്നും മുതിർന്ന ബി ജെ പി നേതാവ് പി ടി ഐ യോട് വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്താൻ ബി ജെ പി ശക്തമായ നീക്കങ്ങളാണ് ബംഗാളിൽ നടത്തുന്നത്. ഇതേ തുടർന്ന് ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റിൽ 18 എണ്ണം ബി ജെ പി നേടിയിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം തൃണമൂൽ കോൺഗ്രസിൽ നിന്ന് ആറും കോൺഗ്രസ്, സി പി എം പാർട്ടികളിൽ നിന്നും ഓരോ എം എൽ എ മാരും അടക്കം എട്ടു എം എൽ മാർ ബി ജെ പിയിലേക്ക് ചേക്കേറിയിട്ടുണ്ട്.
 

Latest News