മഴയിൽ കുളിച്ച്, ചെളിയിൽ പുതഞ്ഞ്

ഫുട്‌ബോളിലെ ശാസ്ത്രീയ തന്ത്രങ്ങളെക്കാൾ കരുത്തിനാണ് മഡ് ഫുട്‌ബോളിൽ പ്രാധാന്യം. പന്തുമായി ഓടുമ്പോൾ ചെളിയിൽ കാലുകൾ താഴ്ന്ന് കളിക്കാർ താഴെ വീഴും. വീഴ്ചയെ അതിജീവിച്ച് മുന്നേറുന്നതാണ് മഡ് ഫുട്‌ബോളിലെ മിടുക്ക്. കളിക്കാർ കൂട്ടത്തോടെ വീഴുമ്പോൾ ഉയർന്നു തെറിക്കുന്ന ചെളിയാണ് അതിന്റെ സൗന്ദര്യം. കാണികളിൽ ആവേശത്തോടൊപ്പം പെയ്തിറങ്ങുന്നത് പൊട്ടിച്ചിരികളും.

കുറുകിത്തെറിക്കുന്ന ചെളിയിൽ ചടുലമായി നീങ്ങുന്ന കാലുകൾ. ആ കാലുകൾ ലക്ഷ്യമിടുന്നത് ചേറിൽ കുതിർന്നു നിൽക്കുന്ന ഗോൾവലകൾ. തലയിലൂടെ ഊർന്നിറങ്ങുന്ന മഴ ശരീരമാകെ മരവിപ്പിക്കുമ്പോഴും കാൽപന്തിന്റെ ചൂടിൽ അവർ മുന്നേറുകയാണ്. പേമാരിയുടെ പ്രഹരങ്ങളെ തട്ടിമാറ്റി ആവരമുയർത്താൻ കാണികളും. പരിസരമാകെ മണ്ണും മഴയും ചേർന്നലിഞ്ഞ ചേറിന്റെ ഗന്ധം. ഇത് മഡ് ഫുട്ബാൾ.
മെയ് മാസച്ചൂടിൽ സെവൻസ് ഫുട്ബാളിന് തിരശീല വീഴുമ്പോൾ കാൽപന്തിനെ വിട്ടൊഴിയാൻ മടിക്കുന്ന മലപ്പുറത്തുകാരുടെ പുതിയ ശീലം. വേനലിൽ വിണ്ടു കീറിയ പാടത്ത് മഴ നിറച്ചു വക്കുന്ന വെള്ളത്തെ മൈതാനമാക്കുന്ന കളിപ്രേമം. കർക്കിടകത്തിനും തോൽപ്പിക്കാനാകാത്ത ഫുട്ബാൾ കമ്പം.
മഴക്കാല ഫുട്ബാൾ മലപ്പുറത്തുകാരുടെ വിനോദമാണിപ്പോൾ. രണ്ടു വർഷം മുമ്പ് തുടങ്ങി വച്ച മഡ് ഫുട്ബാൾ ടൂർണമെന്റുകൾ ഇത്തവണ കൂടുതൽ കിട്ടിയപ്പോൾ കളിക്കാരുടെ ആവേശം കൂട്ടി. ഗ്രാമങ്ങളിൽ യുവാക്കൾ തട്ടിക്കൂട്ടുന്ന ചെറിയ ടൂർണമെന്റുകൾ മുതൽ മറ്റു ജില്ലകളിൽ നിന്ന് പോലും ടീമുകളെത്തുന്ന വലിയ ടൂർണമെന്റുകളിലേക്ക് മലപ്പുറത്തെ മഡ് ഫുട്ബാൾ വളരുകയാണ്. യൂറോപ്യൻ ഫുട്ബാളിന്റെ ആരാധകരേറെയുള്ള മലപ്പുറത്ത് യൂറോപ്പിൽ നടക്കാറുള്ള റെയിൻ ഫുട്ബാളിന്റെ നാട്ടുപതിപ്പിനും ആരാധകരേറെ. വയനാട്, കോഴിക്കോട് ജില്ലകളിലും മഴക്കാല ഫുട്ബാളിന് പ്രചാരം വർധിച്ചു വരികയാണ്.
നിയതമായ ഏതെങ്കിലും നിയമത്തിലല്ല ഈ കളി മുന്നോട്ടു പോകുന്നത്. എങ്കിലും ആവേശത്തിന് കുറവില്ല. സെവൻസും ഇലവൻസും കണ്ട് ശീലിച്ച ഫുട്ബാൾ പ്രേമികൾക്ക് ഇതൊരു പുതിയ അനുഭവമാണ്. കനത്ത മഴയിലും കുടയെടുത്തും അല്ലാതെയും നൂറുകണക്കിന് പേർ കളികാണാനെത്തുന്നു.
ഫുട്ബാളില്ലാതെ ജീവിതമില്ലാത്ത മലപ്പുറത്തെ യുവാക്കളാണ് മഴക്കാലത്തെ പാഴാക്കാനാകാതെ മഡ് ഫുട്ബാളിലേക്കിറങ്ങിയത്. നേരത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നടന്നിരുന്ന കളി പിന്നീട് വ്യാപകമായി. ടൂർണമെന്റുകളിലേക്ക് വളർന്നു. മങ്കടയിലാണ് ജില്ലയിൽ ആദ്യമായി മഡ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിലും അരങ്ങേറി. കഴിഞ്ഞ വർഷം പത്തിടങ്ങിളിൽ ടൂർണമെന്റുകൾ നടന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കഴിഞ്ഞ വർഷം മറ്റു ജില്ലകളിലെ ടീമുകളെ കൂടി പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്തിയതോടെയാണ് മഡ് ഫുട്ബാളിനെ കുറിച്ച് കൂടുതൽ പേരഞ്ഞിത്. അതോടെ വിവിധ കേന്ദ്രങ്ങളിൽ ടൂർണമെന്റ് കമ്മിറ്റികൾ സജീവമായി.
ചെറിയ മൈതാനമൊരുക്കിയാണ് മഡ് ഫുട്ബാൾ ടൂർണമെന്റുകൾ നടത്തുന്നത്. പാടത്ത് മുട്ടറ്റം വെള്ളം നിർത്തി ട്രാക്ടർ കൊണ്ട് മണ്ണിളക്കും. 30 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് മൈതാനമൊരുക്കുന്നത്. പോസ്റ്റുകൾക്ക് വലുപ്പം കുറയും. അഞ്ചു പേരാണ് ഒരു ടീമിൽ. മൂന്നു പകരക്കാരും. 20 മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്നതാണ് മൽസരം. ജഴ്‌സിയണിഞ്ഞാണ് മൽസരം തുടങ്ങാറുള്ളതെങ്കിലും അൽപ്പം കഴിയുമ്പോഴേക്കും എല്ലാ കളിക്കാർക്കും ചേറിന്റെ നിറമാകും. റഫറിമാർക്ക് ടീമുകളെ തിരിച്ചറിയാൽ താരങ്ങൾ തലയിൽ വ്യത്യസ്ത നിറങ്ങളിലുള്ള റിബ്ബൺ കെട്ടാറാണ് പതിവ്. ഷോട്‌സ് മാത്രമിട്ട് കളത്തിലിറങ്ങുന്ന ടീമുകളുമുണ്ട്.
ഫുട്‌ബോളിലെ ശാസ്ത്രീയ തന്ത്രങ്ങളെക്കാൾ കരുത്തിനാണ് മഡ് ഫുട്‌ബോളിൽ പ്രാധാന്യം. പന്തുമായി ഓടുമ്പോൾ ചെളിയിൽ കാലുകൾ താഴ്ന്ന് കളിക്കാർ താഴെ വീഴും. വീഴ്ചയെ അതിജീവിച്ച് മുന്നേറുന്നതാണ് മഡ് ഫുട്‌ബോളിലെ മിടുക്ക്. കളിക്കാർ കൂട്ടത്തോടെ വീഴുമ്പോൾ ഉയർന്നു തെറിക്കുന്ന ചെളിയാണ് അതിന്റെ സൗന്ദര്യം. കാണികളിൽ ആവേശത്തോടൊപ്പം പെയ്തിറങ്ങുന്നത് പൊട്ടിച്ചിരികളും.
ചെളിവെള്ളത്തിൽ ആഞ്ഞടിച്ചാലും പന്ത് നീങ്ങില്ലെങ്കിലും ഗോളുകൾക്ക് കുറവില്ല. ചെളിയിലെ കളിമിടുക്ക് പുറത്തെടുക്കുന്ന താരങ്ങൾ മൂന്നും നാലും ഗോളുകൾ സ്‌കോർ ചെയ്യും. കളിക്കിടെ കണ്ണിലേക്ക് ചെളി തെറിച്ചാൽ റഫറിയുടെ അനുവാദമില്ലാതെ തന്നെ പുറത്ത് കയറി നിൽക്കാം. തെളിഞ്ഞ വെള്ളത്തിൽ കണ്ണുകഴുകി അവർ വർധിച്ച വീര്യത്തോടെ വീണ്ടും ചെളി തെറിപ്പിച്ച് പന്തിനെ ലക്ഷ്യമാക്കി ഓടും. 
ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്നതാണ് ടൂർണമെന്റുകൾ. രാവിലെ ഒമ്പതിന് തുടങ്ങിയാൽ വൈകീട്ട് അഞ്ചോടെ അവസാനിക്കും. പത്തിലേറെ കളികളുണ്ടാകും. വൈകുന്നേരത്തോടെ സെമിയും ഫൈനലും അവസാനിപ്പിച്ച് ചെളിനിറഞ്ഞ മൈതാനത്തു വച്ചു തന്നെ ജേതാക്കൾക്ക് ട്രോഫി നൽകും. വിജയശ്രീലാളിതരായി ചേറിലൂടെ കപ്പുമായി ഓടുന്ന താരങ്ങൾ അനുസ്മരിപ്പിക്കുന്നത് ഊർച്ചക്കണ്ടത്തിലെ ജേതാക്കളെയാണ്.
ജില്ലയിലെ അറിയപ്പെടുന്ന സെവൻസ് താരങ്ങളൊക്കെ മഡ്ഫുട്ബാളിലും ഇറങ്ങാറുണ്ട്. പ്രതിഫലമൊന്നും ലഭിക്കില്ലെങ്കിലും ഈ വേറിട്ട കളിയുടെ ആവേശം അവരിലുമുണ്ട്. മഴക്കാലത്ത് ജോലിത്തിരക്ക് കുറയുന്ന നിർമാണത്തൊഴിലാൡകൾ, ഓട്ടോ ഡ്രൈവർമാർ എന്നിവരാണ് ചെളി പുരളാൻ ഏറെയും മൈതാനത്തിറങ്ങാറുള്ളത്.
മലപ്പുറത്തിന്റെ മായാത്ത ഫുട്ബാൾ പ്രേമത്തിന്റെ പുതിയ മുഖമാണ് മഡ് ഫുട്ബാൾ. മഴയത്തും വെയിലത്തും മാറാത്ത പ്രേമം. കാറ്റും പേമാരിയും അവർക്ക് മുന്നിൽ തടസ്സമാകുന്നില്ല. ചേറിനൊപ്പം നുരഞ്ഞു പൊന്തുന്നത് കാൽപ്പന്തിന്റെ ആത്മഹർഷം.


 

Latest News