വീട്ടില്‍ കെ.ബി.സി കളിക്കുമെന്ന് അമിതാഭ് ബച്ചന്‍; ഐശ്വര്യയും ശ്വേതയും പങ്കെടുക്കും, കാണിയായി ജയ

മുംബൈ- നീണ്ട 19 വര്‍ഷമായി താന്‍ അവതരിപ്പിച്ചുവരുന്ന കോന്‍ ബനേഗാ ക്രോര്‍പതി (കെ.ബി.സി) വീട്ടിലും കളിക്കാറുണ്ടെന്ന് വെളിപ്പെടുത്തി മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍. ഷോയുടെ ഏറ്റവും പുതിയ സീസണ്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകള്‍ ശ്വേത, മകന്റെ ഭാര്യ ഐശ്വര്യ റായി എന്നിവരാണ് വീട്ടില്‍ കെ.ബി.സി കളിക്കുക. എന്തു തിരക്കുണ്ടായാലും ഭാര്യ ജയാ ബച്ചന്‍ ഷോ കാണാനിരിക്കും. ഏഴു വയസ്സായ പേരമകള്‍ ആരാധ്യക്കും ഇപ്പോള്‍ കെ.ബി.സി ഗെയിമില്‍ താല്‍പര്യം കൂടിവരികയാണ്. അവളും കണ്ടിരിക്കും.

ചിലപ്പോള്‍ ശ്വേതയായിരിക്കും കളിക്കുക. മറ്റു ചിലപ്പോള്‍ ഐശ്വര്യ. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ച ചെയ്യും. ആരാധ്യയും ഇപ്പോള്‍ അതേക്കുറിച്ച് ചോദിക്കുന്നു. ചിലപ്പോള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അവളും ശ്രമിക്കും- ബച്ചന്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ വെച്ചു മാത്രമേ കെബിസി കളിക്കാന്‍ പറ്റൂ. സോണി ചാനലിന്റെ ചട്ടങ്ങള്‍ പ്രകാരം എന്റെ കുടുംബത്തിന് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല- 76 കാരനായ ബച്ചന്‍ പറഞ്ഞു.

 

 

Latest News