Sorry, you need to enable JavaScript to visit this website.

രാജസ്ഥാൻ രാജ്യ സഭാ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്നും ബി ജെ പി പിന്മാറി 

ഇതോടെ മൻമോഹൻ സിങ് ഇവിടെ നിന്നുള്ള രാജ്യസഭാ എംപിയാകും  

       ജയ്‌പൂർ- രാജസ്ഥാനിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പിന്മാറി. ഇതോടെ കോൺഗ്രസിന്റെ ഡോ: മൻമോഹൻ സിങ് ഇവിടെ നിന്നുള്ള എം പി യായി തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതി ചൊവ്വാഴ്ച്ചയായിരുന്നു. എന്നാൽ, തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താതെ മൻമോഹൻ സിംഗിനെ രാജ്യസഭയിലേക്കയക്കാൻ തങ്ങൾ തീരുമാനിക്കുകയാണെന്നു ബി ജെ പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവ് ഗുലാബ് ചാന്ദ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ചൊവാഴ്ച്ച രാവിലെ മൻമോഹൻ സിങ് ജയ്‌പൂരിലെത്തി പത്രിക സമർപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ 24 നു അന്തരിച്ച ബി ജെ പി രാജ്യസഭാ എം പി യായിരുന്ന മദൻലാൽ സൈനിയുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 26 നു നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം അന്ന് തന്നെയുള്ള പ്രഖ്യാപനത്തോടെ 2024 ഏപ്രിൽ 3 വരെ മൻമോഹൻ സിങ് രാജ്യസഭാ എം പി യായി തുടരും. 
       മുതിർന്ന കോൺഗ്രസ്സ് നേതാവായ മൻമോഹൻ സിങ് മൂന്ന് പതിറ്റാണ്ടായി ആസാമിൽ നിന്നുള്ള രാജ്യസഭാ എംപി യായിരുന്നു. 1991 മുതൽ 2019 വരെയായി തുടർച്ചയായി അഞ്ചു തവണ രാജ്യസഭാ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മൻമോഹൻ സിങ് 2004 മുതൽ 2014 വരെയുള്ള രണ്ടു ഘട്ടങ്ങളിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രിയുമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹത്തിന്റെ രാജ്യസഭാ എം പി കാലയളവ് പൂർത്തിയായത്. അസാമിൽ നിന്നും വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ കോൺഗ്രസിന് ആവശ്യമായ ശക്തിയില്ലാത്തതിനെ തുടർന്നാണ് ഇദ്ദേഹം പുറത്തായത്. 26 നാണു രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ്. അതെ ദിവസം തന്നെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

Latest News