Saturday , December   07, 2019
Saturday , December   07, 2019

സൗദി അറേബ്യക്ക് നേരെ വിട്ട ഹൂത്തി ഡ്രോണ്‍ യെമനില്‍തന്നെ തകര്‍ന്നു

സൗദി അറേബ്യന്‍ അതിര്‍ത്തിയിലേക്ക് ഹൂത്തി മിലീഷ്യകള്‍ തൊടുത്ത ഡ്രോണ്‍ യെമനില്‍ അല്‍ഇംറാന്‍ മേഖലയില്‍ തകര്‍ന്നുവീണപ്പോള്‍

റിയാദ്- സൗദി അറേബ്യന്‍ അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വീണ്ടും ഹൂത്തി മിലീഷ്യകളുടെ ഡ്രോണ്‍ ആക്രമണ ശ്രമം.  ഹൂത്തി തലസ്ഥാനമായ സന്‍ആയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു വിട്ട ഡ്രോണ്‍ 35 കിലോ മീറ്റര്‍ മാത്രം പിന്നിട്ട് അല്‍ഇംറാനില്‍ തകര്‍ന്നു വീണുവെന്ന് സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
തകര്‍ന്നു വീണ ഡ്രോണ്‍ കാണുന്നതിന് നിരവധി നാട്ടുകാര്‍ തടിച്ചുകൂടി. അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ഹൂത്തി അവകാശവാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ എതിര്‍ക്കുന്ന പക്ഷം സമ്പൂര്‍ണ നാശവും മരണവുമായിരിക്കും ഫലമെന്ന് യെമനിലെ ഗോത്രവര്‍ഗക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഹൂത്തി ഭീകരര്‍ ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നതെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. ഹൂത്തി ആക്രമണത്തില്‍നിന്ന് യെമന്‍ അതിര്‍ത്തിയിലെ സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതിന് സഖ്യസേന ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേണല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.