Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകനെ ആസൂത്രിതമായി കൊലപ്പെടുത്തി?. വിവാദ വെളിപ്പെടുത്തലുമായി മുൻ എസ്.പി

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കാറപകടം ആസൂത്രിതമെന്ന സംശയം ഉന്നയിച്ച് മുൻ പോലീസ് സൂപ്രണ്ട് ജോർജ് ജോസഫ്. ബഷീർ മരിക്കാനിടയാക്കിയ അപകടത്തിലേക്ക് നയിച്ചത് കാർ ചേയ്‌സായിരുന്നുവെന്നും ബാക്കി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തണമെന്ന് മാതൃഭൂമി ചാനലിന്റെ ഞങ്ങൾക്കും പറയാനുണ്ട് പരിപാടിയിൽ ജോർജ് ജോസഫ് വെളിപ്പെടുത്തി. കേസിൽ നിർണായക തെളിവാകുമായിരുന്ന മൊബൈൽ ഫോൺ ഇതേവരെ കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ചുമത്തിയ 304 എയിൽ ഉൾപ്പെടുത്താവുന്ന കേസല്ല ഇത്. വെള്ളയമ്പലം മുതൽ അപകടം നടന്ന സ്ഥലം വരെ ഒന്നേകാൽ കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. 140 കിലോമീറ്റർ വേഗത്തിലാണ് ഈ വണ്ടി ഓടിയത്. ഇത് ഒരു ചെയ്‌സായിരുന്നു. ആരെയോ തപ്പിയുള്ള ഒരു ചെയ്‌സ്. അവിടെ ഒരു കോഫി ഷോപ്പുണ്ട്. ഡ്രൈവിംഗ് സീറ്റിലിരുന്ന കുട്ടി കാറിന്റെ ഉള്ളിലൂടെ തന്നെ മറുഭാഗത്തേക്ക് മാറിയിരിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ പുറത്തൂടെ ഓടിയിറങ്ങി മുൻവശത്തിരുന്നു വണ്ടി സ്പീഡിൽ ഓടിച്ചു. അതൊരു ചെയ്‌സായിരുന്നു. ബാക്കി ഞാൻ പറയുന്നില്ല. ഇനി വരുന്ന പോലീസ് ഉദ്യോഗസ്ഥർ അക്കാര്യം അന്വേഷിക്കട്ടെ. വഫ ഫിറോസ് ഐ.എ.എസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് മൂന്നുവട്ടം കവടിയാർ മുതൽ വെള്ളയമ്പലം വരെ കറങ്ങി. വിവേകാനന്ദ സ്റ്റാച്യൂവിന് സമീപം തല കുമ്പിട്ടിരിക്കുന്ന ശ്രീറാമിനെ വഫ കാറിൽ കയറ്റിക്കൊണ്ടുപോയി. അവിടെനിന്ന് കയറ്റി അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ശ്രീറാം ഡ്രൈവിംഗ് സീറ്റിൽ മാറിയിരുന്നു. ഇത് സ്വാഭാവികമല്ല. ഇതിന് ചുമത്തിയ വകുപ്പ് 304 എ യിലോ 304 ലോ ഉൾപ്പെടുത്താനാകില്ല. വണ്ടിയോടിച്ച് ആർക്കെങ്കിലും അപായമുണ്ടാകുമെന്ന അറിവുള്ളയാളെ 304-ൽ കൊടുക്കണമെന്ന് ആദ്യം പറഞ്ഞത്. ഇപ്പോൾ ഞാൻ അതിൽനിന്നും മാറി. നിർണായക തെളിവ് ലഭിക്കുമായിരുന്ന ഫോൺ ഇതേവരെ കിട്ടിയിട്ടില്ലെന്നും ജോർജ് ജോസഫ് പറഞ്ഞു.
 

Latest News