Sorry, you need to enable JavaScript to visit this website.

ഹിന്ദു പാക്കിസ്ഥാന്‍: ശശി തരൂര്‍ എം.പിക്ക് കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറന്റ്

കൊല്‍ക്കത്ത- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നടത്തിയ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ അദ്ദേഹത്തിനെതിരെ മെട്രോപ്പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തരൂര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശത്തിനെതിരെ അഭിഭാഷകന്‍ സുമീത് ചൗധരിയാണ്  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹരജി നല്‍കിയത്.  
2019- ല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നുമായിരുന്നു തരൂര്‍ കഴിഞ്ഞ ജൂലൈയില്‍ നടത്തിയ പരാമര്‍ശം. ഇത് ബി.ജെ.പി അപ്പോള്‍ തന്നെ വിവാദമാക്കിയിരുന്നു.
കോടതിയില്‍ കേസ് എത്തിയപ്പോഴും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഇന്നത്തെപ്പോലെ നിലനില്‍ക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കു കല്‍പ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അത്- തരൂര്‍ പറഞ്ഞു. ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസും അതൃപ്തി അറിയിച്ചിരുന്നു.

 

 

Latest News