Sorry, you need to enable JavaScript to visit this website.

മൽബുവിന്റെ രണ്ടാം വരവ് 

കൃത്യം ഒരു വർഷത്തെ ഇടവേളക്കു ശേഷം മൽബു വരികയാണ്. വീണ്ടുമൊരു പ്രവാസം ഉദ്ദേശിച്ചതല്ല. പക്ഷേ, മടങ്ങാതെ നിർവാഹമില്ലാതായി. പലരോടും പറഞ്ഞതാണ്, ഇനി പോകുന്നില്ല നിർത്തിപ്പോന്നതാണെന്ന്. എന്നാലും കാണുമ്പോൾ ആളുകൾ ചോദിക്കും. ഇനീം പോയില്ലേ... എപ്പോഴാ മടക്കം?
ഗ്രാമത്തിൽ ആർക്കും തന്നെക്കൊണ്ട് ഒരു ആവശ്യവുമില്ലെന്ന് മൽബുവിനു തോന്നിയ സംഭവങ്ങൾ ഒന്നല്ല, പലതാണ്. ഗ്രാമത്തിലുള്ളവരെ മാത്രം കുറ്റം പറയണ്ട. കുടുംബക്കാർക്കും ഇപ്പോൾ മൽബു എടുക്കാച്ചരക്ക് തന്നെ. 
അങ്ങനെ പലരോടും കെഞ്ചി ലഭിച്ചതാണ് പുതിയൊരു വിസ. ജോലി കിട്ടുമെന്ന് ഒരുറപ്പുമില്ല. എത്തിയ ഉടൻ സ്‌പോൺസർഷിപ്പ് മാറണമെന്ന് വിസ സംഘടിപ്പിച്ചു തന്ന ചങ്ങാതി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. 
15 വർഷം കയിലു കുത്തിയതല്ലേ. എന്തെങ്കിലുമൊക്കെ ഒപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ട്. എന്നാൽ ആത്മവിശ്വാസം വലിയൊരു സംഭവമൊന്നുമല്ല. അതു മൽബുവിന്റെ ജീവിതത്തിൽ തെളിഞ്ഞു കഴിഞ്ഞതാണ്. 
നിങ്ങൾക്ക് നൽകുന്ന ശമ്പളത്തിന് രണ്ടു ജോലിക്കാരെ വെക്കാമെന്നും ഔട്ട്പുട്ട് കൂടുമെന്നും പറഞ്ഞ് മിസ്‌രി മാനേജർ പിരിച്ചുവിട്ടപ്പോൾ മാന്യത കാണിച്ചിരുന്നു. എൻഡ് ഓഫ് സർവീസ് ബെനഫിറ്റ് കൃത്യമായി കണക്കുകൂട്ടി അധികം കളിപ്പിക്കാതെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു തന്നു.
നാട്ടിലെത്തി എന്തെങ്കിലും സ്വന്തമായി തുടങ്ങണം. ഇതുവരെയുള്ള തൊഴിൽ പരിചയത്തിൽ ആത്മവിശ്വാസമുണ്ട്. സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ എല്ലാവരും ഉണർത്തിയതാണ്. സാവകാശം മതീട്ടോ. പോയി ഒരു വർഷമെങ്കിലും സ്ഥിതിഗതികൾ നന്നായി പഠിക്കണം. പഴയ നാടല്ല. ചുളുവിൽ കാശുണ്ടാക്കാൻ നടക്കുന്നവരുടെ നാടാണ്. എടുത്തു ചാടിയാൽ വാഹനങ്ങൾ ചീറിപ്പായുന്ന മദീന റോഡിലേക്ക് ചാടിയതു പോലാകും.
ഉപദേശങ്ങളെയൊക്കെ മറികടക്കുന്നതായിരുന്നു മൽബുവിന്റെ ആത്മവിശ്വാസം. പെട്ടിയിൽ പ്രത്യേകം കരുതിയിരുന്ന പെർഫ്യൂം തീർന്നതോടെ മൽബു സ്വന്തം സംരംഭത്തിലേക്ക് എടുത്തു ചാടി. കൈയിലുണ്ടായിരുന്ന കാശ് തികയില്ലെന്ന് ബോധ്യമായപ്പോൾ വായ്പക്കു പിന്നാലെ പാഞ്ഞു. പരസ്യത്തിൽ കാണുന്നതു പോലെ എളുപ്പമല്ല വായ്പയെന്നു ബോധ്യപ്പെട്ടപ്പോൾ പാർട്ണറെ കൂട്ടി. പിന്നെയും കാശ് ഇറക്കാനില്ലാതെ വന്നപ്പോൾ പർട്ണർ ഓണറും മൽബു പണിക്കാരനുമായി. 
നല്ല സമയത്തല്ല തുടങ്ങിയതെന്ന് പലരും പറഞ്ഞു. കണക്കുവെച്ച് നോക്കാത്തതിന്റെ കുഴപ്പമെന്നാണ് മൽബിയുടെ കാരണവർ കണ്ടെത്തിയത്. കണക്കുകൾ ശരിക്കും നോക്കിയിരുന്നെങ്കിലും അങ്ങേര് പറഞ്ഞ കണക്കുനോട്ടം വേറെ ആയിരുന്നു. 
ഒന്നരപ്പതിറ്റാണ്ട് മുമ്പ് അത്തരം അന്ധവിശ്വാസങ്ങളെയൊക്കെ തള്ളിയാണ് കടൽ കടന്നിരുന്നത്. അന്ന് യാത്ര പുറപ്പെടുമ്പോൾ വാഴാപ്പിടച്ചി നബീസു തിരിച്ചുവിളിച്ച കാര്യം പെൺകാരണവർ ഇപ്പോഴും പറയും. പക്ഷേ, കന്നി യാത്ര തനിക്ക് സന്തോഷമേ നൽകിയിട്ടുള്ളൂ. 
നല്ല ജോലി, മോശമല്ലത്ത ശമ്പളം. കടബാധ്യതയാൽ പിന്നീട് വിൽക്കേണ്ടി വന്നുവെങ്കിലും നല്ലൊരു വീടു കയറ്റാൻ പറ്റി. 
ദുരനുഭവങ്ങൾ മനുഷ്യനെ അന്ധവിശ്വാസങ്ങളിലേക്കും ചൂഷണത്തിനു വേണ്ടി കാത്തിരിക്കുന്ന പുരോഹിതന്മാരിലേക്കും എത്തിക്കുമെന്ന യാഥാർഥ്യമുണ്ടെങ്കിലും അതൊക്കെ തള്ളിക്കളയാനുള്ള മൽബുവിന്റെ വിപ്ലവ വീര്യം ഇപ്പോഴും ചോർന്നിട്ടില്ല. 
അതുകൊണ്ടാണ് യാത്ര വഴിയിൽ മുടങ്ങുമെന്ന് കാരണവർ താക്കീത് ചെയ്തിട്ടും മൽബു ദേശീയ വിമനക്കമ്പനക്കു തന്നെ ടിക്കെറ്റെടുത്തത്.
യാത്ര പുറപ്പെട്ടയാളെ പിറകിൽനിന്ന് ആരെങ്കിലും വിളിച്ചാൽ തിരിഞ്ഞുനോക്കാൻ പാടില്ലെന്നതു പോലെ തന്നെ പ്രധാനമാണ് യാത്രക്ക് പാതിവഴിയിൽ വിഘ്‌നമുണ്ടാകരുത് എന്നതും.
ഇതിലൊക്കെ അൽപം വിശ്വസിച്ചാലെന്താ തരക്കേട് എന്നു ചോദിച്ച മൽബിയോട് കയർത്തിട്ടുണ്ട്. എന്നാലും വിമാനം മുടങ്ങിയാൽ ഇവർക്കൊക്കെ വിമർശിക്കാൻ പിന്നെയും അവസരമുണ്ടാകുമല്ലോ റബ്ബേ എന്ന് പറഞ്ഞ് മൽബി തലയിൽ കൈവെച്ചു. 
ആ റബ്ബിന്റെ തൗഫീഖുണ്ടാകട്ടെ, ഇന്ന് മുടങ്ങുന്നത് നമ്മുടെ വിമാനം ആയിരിക്കില്ല, നീ കണ്ടോ? 
എന്നും കൈമുതലായുള്ള ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് മൽബു എയർപോർട്ടിലേക്ക് തിരിച്ചത്. അവിടെ എത്തിയപ്പോൾ മൽബുവിനു പോകാനുള്ള വിമാനം റൈറ്റ് ടൈം. കൃത്യതക്ക് ആളുകൾ പാടിപ്പുകഴ്ത്താറുള്ള വിമാനം എട്ടു മണിക്കൂർ ലേറ്റ്. 
ഭൂമിയിലോ ആകാശത്തോ തങ്ങാതെയും മുടങ്ങാതെയും മൽബു പ്രവാസ മണ്ണിൽ വീണ്ടും കാലുകുത്തി. ബീഫും അച്ചാറും ചിപ്‌സുമടങ്ങുന്ന ബാഗേജിനു വേണ്ടി കാത്തുനിൽക്കുമ്പോൾ നാട്ടിലേക്ക് വിളിച്ചു. മൽബിയുടെ സമീപം കാരണവരുണ്ടായിരുന്നു. ഫോൺ വാങ്ങിയ അദ്ദേഹം പറഞ്ഞു. 
എടങ്ങേറില്ലാതെ അങ്ങെത്തി അല്ലേ? വെള്ളിയാഴ്ച യതീംഖാനയിൽ തേങ്ങോച്ചോറ് കൊടുക്കുന്നുണ്ട്. 
ഈ തേങ്ങാച്ചോറ് കാരണമാണോ വിമാനം കൃത്യസമയം പാലിച്ചത് എന്നൊന്നും മൽബു ആലോചിച്ചില്ല. കൊടുത്തോളൂ, കാശ് മൽബിയുടെ കൈയിലുണ്ട് എന്നു മാത്രം പറഞ്ഞു.
 

Latest News