തിരുവനന്തപുരം- ഇന്നസെൻറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ നടിമാരോട് മോശമായി പെരുമാറുന്ന രീതികളൊന്നും ഇപ്പോൾ സിനിമയിൽ നിലവിലില്ലെന്നും സ്വയം മോശക്കാരായവരാണു കിടക്ക പങ്കിടുന്നതെന്നുമായിരുന്നു അമ്മ പ്രസിന്റും എം.പിയുമായ ഇന്നസെൻറിന്റെ വിവാദ പ്രസ്താവന. റോളുകൾക്കുവേണ്ടി കിടക്ക പങ്കിടണമെന്ന ഒരു നടിയുടെ ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. അക്കാലമെല്ലാം സിനിമയിൽ കഴിഞ്ഞുവെന്നും നടി അത്തരക്കാരിയാണെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ നടക്കുമായിരിക്കുമെന്നുമാണ് ഇരിങ്ങാലക്കുടയിലെ വസതിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇന്നസെന്റ് പറഞ്ഞത്. ഇതിനെതിരെ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. സമൂഹത്തിലുള്ളതു പോലെയുള്ള പ്രശ്‌നങ്ങൾ സിനിമയിലുമുണ്ട്. അവസരങ്ങൾ ചോദിച്ചെത്തുന്ന പല പുതുമുഖങ്ങളും ചൂഷണത്തിനു വിധേയരാവുന്നുണ്ടെന്നും സംഘടന ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.






