തിരുവനന്തപുരം- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ വളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റെസ്‌ക്യൂ പോർട്ടൽ വഴി ഒരു ലക്ഷത്തിലധികം പേരാണ് സന്നദ്ധ വളണ്ടിയർമാരായി രജിസ്റ്റർ ചെയ്തതെന്ന് മഴക്കെടുതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇവരിൽ 415 പേർ ഡോക്ടർമാരാണ്. സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മഴ പൊതുവിൽ കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനമാകെ ജാഗ്രത തുടരണമെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചു. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയ്ക്ക് സാധ്യത യുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ശൗചാലയങ്ങൾ കുറവുള്ള ക്യാമ്പുകളിൽ അതിനുള്ള സൗകര്യം ഒരുക്കാനും നിർദേശം നൽകി. ഇത്തവണ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾക്ക് കുടുംബശ്രീയുടെ 3,000 ലേറെ പരിശീലനം ലഭിച്ച വളണ്ടിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ അവർ വെള്ളം കയറിയ വീടുകളിൽ സേവനത്തിനുണ്ടാകും.
ക്യാമ്പുകളിലെല്ലാം സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. 7.38 കോടിയുടെ ഭക്ഷ്യസാധനങ്ങൾ ഇന്നലെ വിതരണം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് വരെ 15,000 ൽ ഏറെ വീടുകൾ ശുചിയാക്കി. 920 വ്യാപാര സ്ഥാപനങ്ങളും 64 പൊതുസ്ഥാപനങ്ങളും ശുചിയാക്കി. 2,960 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. അഞ്ചു ജില്ലകളിൽ നിന്ന് ലഭിച്ച 866 മൃഗങ്ങളുടെ ശവശരീരങ്ങൾ സംസ്‌കരിച്ചു. ഇത്തരത്തിൽ മഴക്കെടുതിയിൽ ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശുചീകരണത്തിന് മാത്രം 14,000 വളണ്ടിയർമാർ മുന്നോട്ടു വന്നിട്ടുണ്ട്. മിക്കയിടത്തേയും വൈദ്യുതി തകരാർ പരിഹരിച്ചിട്ടുണ്ട്. തകരാറായ 54 സബ്‌സ്റ്റേഷനുകളിൽ 42 ഉം പൂർവസ്ഥിതിയിലാക്കി. ബാക്കിയുള്ളവയുടെ പ്രശ്‌നം പരിഹരിക്കാൻ തീവ്രശ്രമം തുടരുകയാണ്. വൈദ്യുതി തകരാർ മൂലം പമ്പിംഗ് തടസ്സപ്പെട്ട പമ്പുഹൗസുകൾ മിക്കതും തകരാർ പരിഹരിച്ചിട്ടുണ്ട്. എൽ.പി.ജി, പെട്രോളിയം ഇന്ധന വിതരണം സാധാരണ നിലയിലായിട്ടുണ്ട്. വയനാട്ടിലും ആവശ്യമായ ഇന്ധനം ലഭ്യമാക്കിയിട്ടുണ്ട്. ശിരുവാണി ഡാമിലേക്കുള്ള റോഡ് തകരാറിലായത് പരിഹരിക്കാനും യോഗം നിർദേശം നൽകി.