Sorry, you need to enable JavaScript to visit this website.

പേടിപ്പെടുത്തുന്നത് ദുരന്തങ്ങളുടെ ചാക്രികത

ഞാറ്റുവേലകൾ കേരളത്തിന്റെ സ്വകാര്യ ആഹ്ലാദമായിരുന്നു. ചാക്രികമായി വന്നുകൊണ്ടിരുന്ന പ്രകൃതിയുടെ മനം മയക്കുന്ന കാലമായിരുന്നു അത്. അതൊക്കെ മെല്ലെ മാറിമറിയുകയാണോ? കഴിഞ്ഞ കൊല്ലം പ്രളയം പെയ്തിറങ്ങിയ അതെ കാലത്ത് തന്നെ ദുരന്തം വന്നു ഭവിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ആശങ്ക ഈ വഴിക്കും നീങ്ങുന്നത്.  
നാനൂറിലേറെ മനുഷ്യ ജീവനും പതിനായിരക്കണക്കിന് വീടുകളും ആയിരക്കണക്കിന് കന്നുകാലികളും കേരളത്തിലെ കൃഷിഭൂമിയുടെ നല്ലൊരു ഭാഗവും ഇല്ലാതാക്കിയാണ് കഴിഞ്ഞ കൊല്ലം പ്രളയം അവസാനിച്ചത്. നദീതടങ്ങളിലെ പല പട്ടണങ്ങളും ഒട്ടനവധി ഗ്രാമങ്ങളും അന്ന് ഒറ്റപ്പെട്ടു. ചെങ്ങന്നൂർ, പന്തളം, ആലുവ, കാലടി, പറവൂർ, മൂവാറ്റുപുഴ തുടങ്ങിയ പട്ടണങ്ങൾ അന്ന് ഒരുപാട് വേദന തിന്നു. ആരെങ്കിലും ഒന്നു വന്ന് സഹായിക്കൂ... എന്ന ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാന്റെ നിലവിളി ഇപ്പോഴും കേരളത്തിന്റെ ചെവിയിലുണ്ട്.  
ഇപ്പോഴിതാ ഉരുൾപൊട്ടലായും മഴക്കെടുതിയായും വന്നു ഭവിച്ച പ്രകൃതി ദുരന്തം കഴിഞ്ഞ ദിവസങ്ങളിലായി 76 ജീവനെടുത്തുവെന്നാണ് ഇതെഴുതുമ്പോൾ പുറത്തുവന്ന ഔദ്യോഗികമല്ലാത്ത കണക്ക്. നോക്കി നിൽക്കേയാണ് രണ്ട് ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. ഇന്നലെ വരെ എല്ലാം ഉണ്ടായിരുന്നവർ ഇപ്പോൾ ഉടുതുണിക്ക് മറു തുണിയില്ലാത്തവരായി ക്യാമ്പുകളിൽ കഴിയുന്നു.  മഴക്കാലം ഇങ്ങനെയാവുന്നത് കേരളത്തിന് എന്തുകൊണ്ടും പുതിയ അനുഭവമാണ്. മഴക്കാലത്തെ വെള്ളപ്പൊക്കമൊക്കെ സർവ സാധാരണമായിരുന്നുവെങ്കിലും ഈ വിധത്തിൽ കൃത്യമായ ഇടവേളക്ക് ശേഷം വലിയ ദുരന്ത രൂപത്തിൽ അതാവർത്തിച്ചതാണ് ആശങ്കയുളവാക്കുന്നത്. കഴിഞ്ഞ വർഷം ദുരന്തമുണ്ടായ പ്രദേശങ്ങളിലുള്ളവർ മനസാ ആശങ്കപ്പെട്ട കാര്യമായിരുന്നു ഇനിയും വരുമോ? എന്നത്. ഇല്ല, അങ്ങനെയൊന്നും ഉണ്ടാകില്ല എന്ന് മുൻകാല ദുരന്തത്തിന്റെ കണക്ക് നോക്കി ആശ്വസിച്ചിരിക്കുന്നതിനടയിലാണ് പേടിപ്പെടുത്തും വിധം ദുരന്തം ആവർത്തിക്കുന്നത്.  
ബംഗ്ലാദേശിലും മറ്റുമുണ്ടാകുന്ന നിരന്തര പ്രകൃതി ദുരന്തത്തെപ്പറ്റി മലയാളി മാധ്യമങ്ങളിലും അല്ലാതെയും അറിഞ്ഞവരാണ്. വർഷത്തിൽ പകുതി കാലവും പ്രളയത്തിൽ ജീവിക്കേണ്ടി വരുന്ന ബംഗ്ലാദേശ് ജനതയുടെ ദുരിതം കേരളത്തെയും തേടിയെത്തുമോ എന്ന ആശങ്ക മലയാളിയുടെ ഉറക്കം കെടുത്തുന്നു. ഉരുൾ പൊട്ടൽ കാരണവും, പുഴകൾ വഴി മാറിയുമൊക്ക ഉണ്ടാകുന്ന ദുരന്തം തികച്ചും   അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയുമാണ് ഇത്തവണ ഏറ്റവും കൂടുതൽ ദുരന്തമുണ്ടായ സ്ഥലങ്ങൾ. കവളപ്പാറയിലും, അമ്പിട്ടാം പൊട്ടിയിലും പുത്തുമലയിലുമെല്ലാമുണ്ടായത് സമാനതകളില്ലാത്ത ദുരന്തം. 
കഴിഞ്ഞ വർഷത്തെ ദുരന്തത്തിൽനിന്ന് പഠിച്ച പാഠങ്ങൾ കൊണ്ടൊന്നും പിടിച്ചു നിൽക്കാനാകില്ലെന്ന് പുതിയ അനുഭവങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്. പ്രളയവും മഴയുമെല്ലാം അവസാനിച്ചാൽ എല്ലാവരും എല്ലാം മറക്കും. മനുഷ്യ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനെങ്കിലും എന്തെങ്കിലും ചെയ്യാനാവുമോ എന്നാലോചിക്കേണ്ടത് ആ രംഗം നന്നായി പഠിച്ചവരാകണം. അതല്ലാതെ, കേരളം അതിജീവിക്കും എന്നൊക്കെയുള്ള കേട്ടുതേഞ്ഞ കാൽപനികത കൊണ്ടൊന്നും ഇനി ഒരു കാര്യവുമില്ല. അടുപ്പിച്ച് രണ്ട് തവണ ദുരന്തം വന്ന സ്ഥിതിക്ക് ഇനിയെല്ലാ കാര്യങ്ങളിലും മാറിയ ചിന്ത അനിവാര്യമാണ്. 
2017 ലെ കേരളമല്ല ഇപ്പോഴുള്ളതെന്ന് ഇതിനോടകം മനസ്സിലായിക്കഴിഞ്ഞു. ഭാവനാ പൂർണമായ മുന്നൊരുക്കങ്ങളിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ. ഞങ്ങളന്നേ പറഞ്ഞതല്ലേ എന്നാഘോഷിക്കുന്ന പരിസ്ഥിതി വാദികളുടെ നിലപാടും, ഹോ പരിസ്ഥിതിക്കാരോ, അവരെ ഒഴിവാക്കി ബാക്കി വല്ലതും പറയൂ എന്ന വിരുദ്ധ ചിന്തയുമൊന്നും ആർക്കും ഒരു ഗുണവും ചെയ്യില്ല. 

Latest News