ന്യൂദൽഹി- കശ്‌മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചെത്തിയ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മഗ്‌സസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെയെയും ഭാര്യ അരുന്ധതി ധുരുവിനെയും സർക്കാർ വീട്ടുതടങ്കലിലാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലഖനൗവില്‍ ധര്‍ണ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് യുപി പൊലീസാണ് അറസ്‌റ്റ് ചെയ്‌ത ശേഷം വീട്ടുതടങ്കലിലാക്കിയത്. "കശ്‌മീരിനായി നിലകൊള്ളുക" എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവർ ധർണ്ണ സംഘടിപ്പിച്ചിരുന്നത്. ഞായറാഴ്ച്ച വൈകീട്ട് ഉത്തർ പ്രദേശ് തലസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രമായ ഹസ്‌റത്ത് ഗഞ്ചിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ മെഴുകുതിരി മാർച്ച് നടത്തനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്.
എന്നാൽ നിരോധനാജ്ഞ നിലനിൽക്കെ ധർണ്ണ സംഘടിപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇരുവരെയും അറസ്‌റ്റ് ചെയ്‌തു വീട്ടുതടങ്കലിലാക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം മാത്രമേ നിരോധനാജ്ഞ മാറ്റുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ അതിന് ശേഷം ധര്‍ണ സംഘടിപ്പിക്കുമെന്ന് പൊലീസിനോട് പറഞ്ഞതായി സന്ദീപ് പാണ്ഡെ ടെലിഫോണിലൂടെ വ്യക്തമാക്കി. സന്ദീപ് പാണ്ഡയെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.