Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്വേഷണ ഗതി മാറിമറിയുന്നു,  വില്ലൻ പൾസർ സുനി തന്നെ?

കൊച്ചി- പ്രമുഖ നടൻ അടക്കമുള്ളവർ അറസ്റ്റിലാകുമെന്ന് കരുതപ്പെട്ട പീഡനക്കേസിൽ പോലീസ് അന്വേഷണം വീണ്ടും വഴിതിരിയുന്നു. പൾസർ സുനിയിലേക്ക് തന്നെ അന്വേഷണം കേന്ദ്രീകരിച്ചതോടെയാണ് പോലീസ് ഇതുവരെ നൽകിയ സൂചനകളെല്ലാം അസ്ഥാനത്താകുകയാണെന്ന സംശയം ബലപ്പെടുന്നത്. നടിയെ കാറിൽ ആക്രമിച്ച സംഭവത്തിൽ പ്രമുഖ താരങ്ങളെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഗൂഡാലോചന നടന്നെന്ന സൂചനയാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്നത്. കേസിലെ മുഖ്യ പ്രതി പൾസർ സുനിയെന്ന സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ആരെല്ലാം പങ്കെടുത്തുവെന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. 
കേസിൽ നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിന്റെ ഭാര്യ കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യ, ദിലീപിന്റെ സിനിമകൾ എന്നിവ കോർത്തിണക്കി കത്തെഴുതിയതും ഇതിന്റെ ഭാഗമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. പൾസർ സുനിയുടെയും സഹതടവുകാരുടെയും മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ ഇത്തരം ഒരു നിഗമനത്തിലേക്കെത്തിച്ചിരിക്കുന്നത്. പൾസർ സുനി അടിക്കടി മൊഴി മാറ്റുന്നുവെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. നടൻ ദിലീപിന് കത്തെഴുതുകയും ഫോണിലൂടെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും നാദിർഷായെയും വിളിച്ച പൾസർ സുനി പക്ഷേ അന്വേഷണ സംഘത്തോട് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സമ്മതിക്കാൻ തയ്യാറായിട്ടില്ല. ചോദ്യങ്ങൾക്ക് വ്യത്യസ്ത ഉത്തരം നൽകുന്നതും അന്വേഷണ ഉദ്യോഗസ്ഥന്മാരെ കുഴയ്ക്കുന്നു. കാശിനു വേണ്ടിയാണ് ഫോൺ വിളിച്ചതെന്നും കത്തെഴുതിയതെന്നും പറഞ്ഞ പൾസർ സുനി പക്ഷേ എന്തിനാണ് ഇവരോട് തന്നെ പണം ചോദിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല.
തനിച്ചുള്ള ചോദ്യം ചെയ്യലിലെ മൊഴികളും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലെ മൊഴികളും പോലീസ് പ്രത്യേകം പരിശോധിക്കും. ഇവ പഠിച്ച ശേഷമായിരിക്കും കേസിൽ ആരോപണ വിധേയരായവരെ വീണ്ടും ചോദ്യം ചെയ്യുക. അതേസമയം തന്നെ പൾസർ സുനിയും ജയിൽ അധികൃതരും നിർബന്ധിച്ചതിനെ തുടർന്നാണ് കത്തെഴുതിയതെന്ന് വിപിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. ചോദ്യം ചെയ്യലിലും ഇയാൾ ഇതു തന്നെ ആവർത്തിച്ചിട്ടുണ്ടെങ്കിലും ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. 
 

Latest News