മസ്‌കത്ത്- ഒമാനിലെ മുസ്‌ലിം സമൂഹം തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. സൗദിയിലും യു.എ.ഇയിലും ഉള്‍പ്പടെ മറ്റു ജി.സി.സി രാഷ്ട്രങ്ങളിലും ഞായറാഴ്ചയായിരുന്നു പെരുന്നാള്‍. കേരളത്തിലെ നിലവിലെ മഴക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് പ്രവാസി മലയാളികള്‍.
ബലിപെരുന്നാളിനോടുബന്ധിച്ച് പ്രഖ്യാപിച്ച അവധി ഞായര്‍ മുതല്‍ ആരംഭിച്ചിരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിനായി രാജ്യത്തെ മസ്ജിദുകള്‍ തയാറെടുത്തു. ഈദ് ഗാഹുകളും ചില സ്ഥലങ്ങളില്‍ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ പള്ളികളിലും ഏര്‍പ്പെടുത്തി.
തെരുവോരങ്ങളിലും പൊതു സ്ഥലങ്ങളിലും ബലി നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ബലിയര്‍പ്പിക്കാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്നത് ഒഴിവാക്കാന്‍ ജനങ്ങളും അറവുശാലകളിലെ തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.