ന്യൂദൽഹി- ബിസിനസുകാരനെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ച കേസിൽ അന്താരാഷ്ട്ര റെസ്ലിങ് സ്വർണ്ണ ജേതാവടക്കം നാല് റെസ്ലിങ് താരങ്ങളെ പോലീസ് പിടികൂടി. അന്താരാഷ്ട്ര റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ലക്ഷയി (22) യെ കൂടാതെ ദിനേശ് (30), ഹർദീപ് (27), റോബിൻ (28) എന്നിവരെയാണ് ദൽഹി പോലീസ് പിടികൂടിയത്. 2017 ൽ തായ്ലൻഡിൽ നടന്ന ഇന്തോ-തായി റെസ്ലെ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവാണ് ലക്ഷയി. തോക്കിൻ മുനയിൽ നിർത്തി സൂപ്പർ മാർക്കറ്റ് ഉടമയെയാണ് സംഘം കൊള്ളയടിച്ചത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സംഭവം. കടയടച്ച് തൊഴിലാളി വരുന്നതും കാത്ത് പുറത്ത് കാറിൽ കാത്തിരുന്ന കടയുടമയെ നാലംഗ സംഘം തോക്കുമായെത്തി കയ്യിലുള്ള 60,000 രൂപയും ഏതാനും പ്രമാണങ്ങളും കവരുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലംഗ സംഘം ഒരേ കാറിലാണ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തുകയും കാർ ഡ്രൈവറായ റോബിൻ ഈ പ്രദേശത്ത് ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്നയാളുമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പരിചയം വെച്ചാണ് സമയവും ആളെയും ഇവർ തിരഞ്ഞെടുത്തത്. റസ്ലെ താരങ്ങളായ ഇവരുടെ ശരീരം നല്ല രീതിയിൽ മെച്ചപ്പെടുത്തിയെടുത്തതിനാൽ ആർക്കും തന്നെ ഇവരെ പെട്ടെന്ന് കീഴടക്കാൻ കഴിയുമായിരുന്നില്ലെന്നു പോലീസ് പറഞ്ഞു.