Sorry, you need to enable JavaScript to visit this website.

മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കുടുങ്ങും

തിരുവനന്തപുരം- പേമാരിയും പ്രളയവും കനത്ത ദുരിതം വിതച്ചിരിക്കെ, ആശങ്ക വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക് സെല്‍ എന്നിവക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍  വ്യക്തമാക്കി.

പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും റോഡുകള്‍ തടസ്സപ്പെട്ടുവന്നും വാര്‍ത്താ വിനിമയം സംവിധാനങ്ങള്‍ തകരാറിലായെന്നുമുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.
ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പാക്കണം. വ്യാജ സന്ദേശങ്ങള്‍ വീണ്ടും മറ്റുള്ളവരിലേക്ക് കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ഥിച്ചു.

സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 0471 2722500, 9497900999

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ സംസ്ഥാനം ദുരിതത്തിലായ ഈ അവസ്ഥയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ചിലര്‍ സമൂഹത്തില്‍ കിംവദന്തികളും തെറ്റായ വാര്‍ത്തകളും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും റോഡുകളില്‍ ഗതാഗത സംവിധാനമില്ലെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ പരിഭ്രാന്തി പരത്തുന്നതാണ്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫീസുകളുമായോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള്‍ റൂമുമായോ (ഫോണ്‍ നമ്പര്‍: 0471 2722500, 9497900999) ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരളാ പോലീസ് കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരം വ്യാജസന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താന്‍ സംസ്ഥാന പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. ഇത്തരം തെറ്റായ വ്യാജസന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ആരും തന്നെ അത് മറ്റുള്ളവര്‍ക്ക് കൈമാറി സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന്അഭ്യര്‍ത്ഥിക്കുന്നു.

 

Latest News