വര്‍ക്കല സ്വദേശിക്ക് 10 ലക്ഷം ദിര്‍ഹം സമ്മാനം

അബുദാബി- അബുദാബിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്ക് 10 ലക്ഷം ദിര്‍ഹം (രണ്ടു കോടിയോളം രൂപ) സമ്മാനം. 43 കാരനായ വര്‍ക്കല വെട്ടൂര്‍ സ്വദേശി ഷാനവാസ് അബ്ദുല്‍ സലാമാണ് ഭാഗ്യവാന്‍. കുലീനമായ വേഷവിധാനങ്ങളോടെ മുന്തിയ കാറിലാണ് സംഘാടകര്‍ ഷാനവാസിനെ സമ്മാന വേദിയിലേക്ക് ആനയിച്ചത്.
ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് പ്രോപര്‍ട്ടി എന്ന കമ്പനി അവരുടെ എട്ട് മാളുകളില്‍ നടത്തിയ മാള്‍ മില്യനയര്‍ മത്സരത്തിലാണ് ഷാനവാസ് വിജയിയായത്. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് സംഘടിപ്പിച്ച റീട്ടെയ്ല്‍ അബുദാബി എന്ന വേനല്‍ക്കാല ഷോപ്പിംഗ് ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഖാലിദിയ മാളില്‍നിന്ന് 200 ദിര്‍ഹം മുടക്കിയെടുത്ത ടിക്കറ്റാണ് ഷാനവാസിന് ഭാഗ്യമായി മാറിയത്.
സമ്മാനം നേടിയതില്‍ ഏറെ ആഹ്ലാദവാനായി കാണപ്പെട്ട ഷാനവാസ് തന്റെ ഞെട്ടല്‍ മറച്ചുവെക്കുന്നില്ല. 'അമ്പതു വര്‍ഷം ഞാനിവിടെ ജോലി ചെയ്താലും ഈ തുക സമ്പാദിക്കാനാവില്ല. 1997 ല്‍ വെറും കൈയോടെ, എന്നാല്‍ ഏറെ പ്രതീക്ഷകളോടെയാണ് ഞാന്‍ ഇവിടെയെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സെടുത്ത് ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്തു. എന്നാലത് വേണ്ടത്ര വരുമാനം നല്‍കാതെ വന്നപ്പോള്‍ അബുദാബിയില്‍ ഹൗസ് ഡ്രൈവറായി വരികയായിരുന്നു. 2500 ദിര്‍ഹമാണ് ശമ്പളം.'
താന്‍ വിജയിച്ച വിവരം ഓഗസ്റ്റ് അഞ്ചിന് തന്നെ സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുടുംബത്തോട് പോലും വിവരം പറഞ്ഞില്ല. വലിയൊരു അത്ഭുതം വരാനിരിക്കുന്നുവെന്ന് ഭാര്യയോട് മാത്രം പറഞ്ഞു. പതിനാലും ഏഴും വയസ്സായ രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് ഷാനവാസ്.
നറുക്കെടുപ്പിന് രജിസ്റ്റര്‍ ചെയ്ത ശേഷം തനിക്ക് ലഭിച്ച എസ്.എം.എസ് മൊബൈലില്‍നിന്ന് ഡിലീറ്റ് ചെയ്തത് അബദ്ധമായിരുന്നു. സമ്മാനമടിച്ചപ്പോള്‍ ഈ എസ്.എം.എസ് കാണിക്കണമായിരുന്നു. ഭാഗ്യം വഴിമാറിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എങ്കിലും ഞാന്‍ തന്നെയാണ് ടിക്കറ്റ് വാങ്ങിയതെന്ന് അവര്‍ക്ക് ഉറപ്പിക്കാനായി- ഷാനവാസ് പറഞ്ഞു.
തന്റെ സമ്പാദ്യമുപയോഗിച്ച് കുറച്ച് വസ്തു വാങ്ങിയിരുന്നു. അതിലൊരു വീട് പണിയുന്നതിന് ഈ പണം ഉപകരിക്കും-ഷാനവാസ് പറഞ്ഞു.

 

Latest News