Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗാൾ ഫുട്‌ബോൾ ജ്വരം നൂറ്റാണ്ടിന്റെ നിറവിൽ 

1975 ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ മോഹൻ ബഗാനെ 5-0 ന് തോൽപിച്ച ഈസ്റ്റ് ബംഗാൾ ടീം
2001 ലെ ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ മത്സരത്തിൽ നിന്ന്

ഐ.എഫ്.എ ഷീൽഡ് തുടർച്ചയായി മൂന്നു തവണ ജയിച്ച ആദ്യ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ബംഗാളിലെ അവഗണിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയാണ് ഒരു നൂറ്റാണ്ടോളമായി ഈസ്റ്റ് ബംഗാൾ പ്രതിനിധീകരിക്കുന്നത്....


ബോംബെയിലെ ബ്രിട്ടീഷ് കുബേര വർഗത്തിൽ നിന്നാണ് ഇന്ത്യക്കാരിലേക്ക് ക്രിക്കറ്റ് ഭ്രമം സന്നിവേശിച്ചത്. ഫുട്‌ബോൾ ഇന്ത്യൻ രക്തത്തിലലിഞ്ഞത് കൊൽക്കത്തയിലെ ഇംഗ്ലീഷ് സാധാരണക്കാരിൽ നിന്നും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഫുട്‌ബോൾ ജ്വരം ബംഗാളിന്റെ കിഴക്കും പടിഞ്ഞാറും അലയടിച്ചു. 1888 ൽ മോഹൻ ബഗാൻ സ്ഥാപിതമായി. ലോക ഫുട്‌ബോളിലെ തന്നെ പഴക്കമേറിയ ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നാണ് ബഗാൻ. ദേശീയ വികാരവും ഫുട്‌ബോൾ ഭ്രമവും ഇന്ത്യയിൽ ഇഴചേർന്നു കിടന്നു. 1911 ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ ബ്രിട്ടീഷ് ആർമി ടീമായ ഈസ്റ്റ് യോർക്‌സിനെ മോഹൻ ബഗാൻ അട്ടിമറിച്ചത് ദേശീയ പ്രസ്ഥാനത്തിന് ഊർജം പകർന്നു. കൊൽക്കത്തയിലേക്ക് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ഫുട്‌ബോൾ പ്രതിഭകളെത്തി. കൊൽക്കത്ത ഫുട്‌ബോൾ ലീഗ്, ഐ.എഫ്.എ ഷീൽഡ്, കൂച്ച്ബിഹാർ കപ്പ്, ട്രെയ്ഡ്‌സ് കപ്പ് തുടങ്ങി എണ്ണമറ്റ മുൻനിര ടൂർണമെന്റുകൾക്ക് നഗരം സാക്ഷിയായി. 
കിഴക്കൻ ബംഗാളിലെ കളിക്കാരോടുള്ള ചിറ്റമ്മ നയമാണ് ഒരു നൂറ്റാണ്ട് മുമ്പ് ഈസ്റ്റ് ബംഗാൾ ക്ലബ്ബിന്റെ ഉദയത്തിന് കാരണമായത്. കിഴക്കൻ ബംഗാളുകാർ ബംഗാളുകാരാണെങ്കിലും സംസാരഭാഷയിലും ഭക്ഷണ രീതിയിലും ആചാരങ്ങളിലും അപരന്മാരായിരുന്നു. അവഗണിക്കപ്പെട്ട ജനത കൊൽക്കത്തയിലെ മൈതാനങ്ങളിൽ സ്വത്വം തെളിയിച്ചതാണ് ഈസ്റ്റ് ബംഗാളിന്റെ കഥ.  
1920 ജൂലൈ 28 ലെ കൂച്ച് ബിഹാർ കപ്പ് സെമി ഫൈനലാണ് വഴിത്തിരിവായത്. മോഹൻ ബഗാനെതിരായ മത്സരത്തിൽ കിഴക്കൻ ബംഗാളുകാരായ രമേശ് സെന്നിനെയും സൈലേഷ് ബോസിനെയും അകാരണമായി ജോറാബഗാൻ ക്ലബ് ടീമിൽ നിന്ന് തഴഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ജോറാബഗാൻ ക്ലബ് വൈസ് പ്രസിഡന്റ് സുരേഷ് ചന്ദ്ര ചൗധരിയാണ് പുതിയ ക്ലബ്ബിന് തുടക്കമിട്ടത്. പത്മ നദിക്കപ്പുറത്തെ കളിക്കാർക്ക് അഭിമാനത്തോടെ കളിക്കാൻ ഈസ്റ്റ് ബംഗാൾ അവസരം നൽകി. 
സിക്‌സ് എ സൈഡ് ടൂർണമെന്റായ ഹെർക്കുലിസ് കപ്പിൽ കളിച്ചാണ് ഈസ്റ്റ് ബംഗാൾ തുടങ്ങിയത്. ബംഗാൾ ഫുട്‌ബോൾ ഭരിക്കുന്ന ഐ.എഫ്.എയുടെ ഭരണ സമിതിയിൽ വൈകാതെ ഈസ്റ്റ് ബംഗാളിന് അംഗത്വം കിട്ടി. 1921 ലെ കൊൽക്കത്ത ഫുട്‌ബോൾ ലീഗ് രണ്ടാം ഡിവിഷനിൽ അവർ പ്രയാണം തുടങ്ങി. ഭയരഹിതമായി ആക്രമിക്കുന്ന ടീമെന്ന ഖ്യാതി എളുപ്പം ഈസ്റ്റ് ബംഗാളിനെ ജനപ്രിയമാക്കി. കൊൽക്കത്തയിലെ ഉന്നത വർഗത്തിന്റെ മുൻധാരണകളെ തിരുത്തുകയെന്ന ദൗത്യം കളിക്കാർ സ്വയം ഏറ്റെടുത്തു. 
1925 ൽ ഈസ്റ്റ് ബംഗാൾ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി. മെയ് 28 ന് ബദ്ധവൈരികളായ മോഹൻ ബഗാനെതിരായ ആദ്യ മത്സരത്തിൽ ആവേശം വാനോളമുയർന്നു. കരുത്തരായ ബഗാനായിരുന്നു കളിയിൽ ആധിപത്യം. പക്ഷേ ഗോളി പി. ദാസ് വൻമതിലായി നിന്നു. കളിയുടെ ഗതിക്കെതിരെ നേപ്പാൾ ചക്രവർത്തി നേടിയ ഗോളിൽ ഈസ്റ്റ് ബംഗാൾ ജയിച്ചു. നൂറുകണക്കിന് ഈസ്റ്റ് ബംഗാൾ ആരാധകർ ഗ്രൗണ്ടിലിറങ്ങി കളിക്കാരെ ചുമലിലേറ്റി. ബഗാനെതിരെ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യത്തിന്റെ തുടക്കമായിരുന്നു അത്. 1975 ലെ ഐ.എഫ്.എ ഷീൽഡ് ഫൈനലിൽ ബഗാനെ 5-0 ന് തകർത്തത് ഈസ്റ്റ് ബംഗാൾ ആരാധകർ ഒരിക്കലും മറക്കില്ല. ബഗാന് ഇന്നും അത് ദുരന്ത ദിനമാണ്. 
വിഭജനത്തിനു ശേഷം കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് അഭയാർഥികളായി എത്തിയവരുടെ ആത്മാഭിമാനമായി ഈസ്റ്റ് ബംഗാൾ. ഈസ്റ്റ് ബംഗാളിന്റെ വിജയങ്ങൾ വീടും നാടും നഷ്ടപ്പെട്ട് വന്നവരുടെ ദുരിത ജീവിതത്തിൽ സാന്ത്വനം പകർന്നു. അഭയാർഥി കോളനികൾ പകർന്നു നൽകിയ ആവേശമാണ് ദശകങ്ങളോളം ഈസ്റ്റ് ബംഗാളിന് ജീവവായു ആയത്. ഈ കാലയളവിൽ ഈസ്റ്റ് ബംഗാൾ വൻ വിജയങ്ങൾ സ്വന്തമാക്കി. നാൽപതുകളിലും അമ്പതുകളിലുമായി ഈസ്റ്റ് ബംഗാൾ 21 ട്രോഫികൾ സ്വന്തമാക്കി. 1949 മുതൽ 1953 വരെ 'പഞ്ചപാണ്ഡവ'ന്മാരായ അഹ്മദ് ഖാനും അപ്പാറാവുവും പി. വെങ്കിടേഷും പി.ബി സാലിഹും ധനരാജും ക്ലബ്ബിന്റെ ആക്രമണം നയിച്ചു. 


വിഭജനത്തിന്റെ മുറിവുകൾ ഉണങ്ങിത്തുടങ്ങിയതോടെ ഈസ്റ്റ് ബംഗാളിനെ ബന്ധിച്ചു തുടങ്ങിയ കണ്ണികൾ അയഞ്ഞു. എങ്കിലും ബഗാനെതിരായ വൈരം ഇന്നും ഈസ്റ്റ് ബംഗാൾ ആരാധകരെ ത്രസിപ്പിക്കുന്നു. എൺപതുകളുടെ മധ്യത്തോടെ കൊൽക്കത്ത ഫുട്‌ബോളിന്റെ പ്രതാപ കാലം അസ്തമിച്ചു തുടങ്ങി. അപ്പോൾ പോലും ശനിയാഴ്ചകളിലെ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം കൊൽക്കത്തക്ക് ഫുട്‌ബോളിന്റെ ഉത്സവമായിരുന്നു. ക്ലബ്ബിനോടുള്ള ആരാധന ബസ്തികളെയും സൗഹൃദക്കൂട്ടായ്മകളെയും എന്തിന് കുടുംബങ്ങളെപ്പോലും വിഭജിപ്പിച്ചു നിർത്തി. ഈസ്റ്റ് ബംഗാൾ എന്ന പഴയ ആ നാടിൻപ്രദേശം ഇന്ന് ക്ലബ്ബിന്റെ പേരിലും ആരാധനയിലും മാത്രമാണ് നിലനിൽക്കുന്നത്. 
ഈസ്റ്റ് ബംഗാളിനോടുള്ള ആരാധന സാധാരണക്കാരിൽ നിന്ന് ഉന്നത വർഗങ്ങളിലേക്ക് പടർന്നു. പ്രശസ്ത സംഗീതജ്ഞരായ സചിൻ ദേവ് ബർമനും മകൻ രാഹുൽ ദേവ് ബർമനും ഈസ്റ്റ് ബംഗാൾ ആരാധകരായിരുന്നു. ബോംബെയിൽ ഈസ്റ്റ് ബംഗാൾ റോവേഴ്‌സ് കപ്പ് കളിക്കാനിറങ്ങുമ്പോൾ എസ്.ഡി ബർമൻ ഓരോ കളിക്കാരന്റെയും തലയിൽ കൈവെച്ച് ആശീർവദിച്ചു. 1975 ൽ എസ്.ഡി മസ്തിഷ്‌ക മരണം സംഭവിച്ച് കിടപ്പിലായി. ബഗാനെ 5-0 ന് ഈസ്റ്റ് ബംഗാൾ തകർത്ത സന്തോഷ വാർത്ത രാഹുൽ ദേവ് ബർമൻ അറിയിച്ചപ്പോൾ അച്ഛൻ സന്തോഷത്തോടെ പ്രതികരിച്ചുവെന്ന് വാർത്ത പരന്നു. 
ഇന്ത്യൻ ഫുട്‌ബോളിലെ ഏതാണ്ടെല്ലാ പ്രമുഖ കളിക്കാരും ഈസ്റ്റ് ബംഗാളിന്റെ ചുവപ്പും സ്വർണ വർണവുമുള്ള കുപ്പായമിട്ടിട്ടുണ്ട്. നാൽപതുകളിൽ സോമണയും സുനിൽ ഘോഷും അഹ്മദ് ഖാനും മുതൽ പിന്നീട് സുർജിത് സെൻഗുപ്തയും ശ്യാം ഥാപ്പയും സുഭാഷ് ഭൗമിക്കുമുൾപ്പെട്ട ഫോർവേഡുകൾ ക്ലബ്ബിന്റെ ആക്രമണം നയിച്ചു. രാംബഹദൂറിനെയും സുധീർ കർമാകറിനെയും പോലുള്ള ഡിഫന്റർമാർ പ്രതിരോധത്തിന് ചുക്കാൻ പിടിച്ചു. ടി. ബലറാമിനെയും ഇറാൻകാരനായ മജീദ് ബക്‌സറിനെയും പോലുള്ള അതുല്യ കളിക്കാർ പിന്നീട് ക്ലബ്ബിലെത്തി. കിഷാനുഡേയും ബൈചുംഗ് ബൂട്ടിയയും ആരാധകരുടെ മനം കവർന്നു. ഒളിംപിക്‌സിൽ ഗോളടിച്ച മൂന്നു പേർ കളിച്ച ഒരേയൊരു ഇന്ത്യൻ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ -അഹ്മദ് ഖാൻ (1952), ജെ. കിട്ടു (1956), ബലറാം (1960). ദേശീയ ലീഗിൽ ഏറ്റവുമധികം ഗോളടിച്ചത് ബൂട്ടിയയാണ് (49). യൂറോപ്യൻ പര്യടനത്തിന് ടീമിനെ അയച്ച ആദ്യ ഇന്ത്യൻ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ -1953 ൽ. യൂറോപ്പിലെ ടൂർണമെന്റിന് ക്ഷണിക്കപ്പെട്ട ആദ്യ ഇന്ത്യൻ ടീമും ഈസ്റ്റ് ബംഗാൾ തന്നെ. വിദേശ ടീമിനെ തോൽപിച്ച ആദ്യ ഇന്ത്യൻ ടീം ഈസ്റ്റ് ബംഗാളാണ് -1948 ൽ ചൈനയുടെ ഒളിംപിക് ടീമിനെ 2-0 ന് തോൽപിച്ചു. മോസ്‌കോയിൽ മോസ്‌കോ ടോർപിഡോയെ 3-3 ന് തളച്ചു. വിദേശ ടീമിനെ തോൽപിച്ച് ഐ.എഫ്.എ ഷീൽഡ് നേടുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബായി -1970 ൽ ഇറാനിലെ പാസ് ക്ലബ്ബിനെ ഫൈനലിൽ തോൽപിച്ചു. 2003 ൽ ജക്കാർത്തയിൽ നടന്ന ആസിയാൻ ക്ലബ് കപ്പിൽ ഈസ്റ്റ് ബംഗാൾ ചാമ്പ്യന്മാരായി. 1970 മുതൽ 1975 വരെയും 2010 മുതൽ 2017 വരെയും തുടർച്ചയായി കൊൽക്കത്ത ഫുട്‌ബോൾ ലീഗ് ചാമ്പ്യന്മാരായി. 1972 ലെ സീസണിൽ വെറും നാലു ഗോളാണ് ക്ലബ് വഴങ്ങിയത്, കൊൽക്കത്ത ലീഗ്, ഐ.എഫ്.എ ഷീൽഡ്, ബർദലോയ് ട്രോഫി, ഡ്യൂറന്റ് കപ്പ്, റോവേഴ്‌സ് കപ്പ് തുടങ്ങിയ ട്രോഫികൾ സ്വന്തമാക്കി. 
 

Latest News