ജൂലൈ പത്തിന് സുനിൽ ഗവാസ്‌കർക്ക് 70 തികഞ്ഞു. വെസ്റ്റിൻഡീസിനെതിരെ കരീബിയയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ അമ്പതാം വാർഷികമാഘോഷിക്കുന്നതിന് രണ്ടു വർഷം കൂടിയേയുള്ളൂ. വിൻഡീസിനെതിരെ 1971 ൽ നാല് ടെസ്റ്റിൽ നാല് സെഞ്ചുറിയടിച്ചാണ് ഗവാസ്‌കർ സമ്പന്നമായ ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. കരീബിയൻ ഗായൻ ലോഡ് റിലേറ്റർ അന്ന് ഗവാസ്‌കറെ പ്രകീർത്തിച്ച് പാട്ടെഴുതുക പോലുമുണ്ടായി -'ജസ്റ്റ് ലൈക്ക് എ വാൾ, വി കുഡ്ന്റ് ഔട്ട് ഗവാസ്‌കർ അറ്റോൾ' (ഞങ്ങൾക്കു മുന്നിൽ അജയ്യമായ മതിൽ, പുറത്താക്കാൻ പറ്റാതെ ഗവാസ്‌കർ..).
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത് ഗവാസ്‌കർക്ക് അഭിമാന നിമിഷമായിരുന്നു. കരീബിയൻ ക്രിക്കറ്റിന്റെ തകർച്ച അത്ര തന്നെ സങ്കടവും അദ്ദേഹത്തിന് നൽകുന്നു. പ്രതിഭാ ദാരിദ്ര്യം മാത്രമല്ല ഇന്ന് കരീബിയൻ ക്രിക്കറ്റ് അഭിമുഖീകരിക്കുന്നത്. അക്ഷരാർഥത്തിൽ ദരിദ്രമാണ് അവരുടെ ക്രിക്കറ്റ് ബോർഡ്. ഇപ്പോഴത്തെ ഇന്ത്യൻ പര്യടനം അവരുടെ നിലനിൽപിന് നിർണായകമാണ്. പരമാവധി റവന്യൂ വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യ രണ്ട് ട്വന്റി20 ഫ്‌ളോറിഡയിലെ ലോഡർഹില്ലിൽ സംഘടിപ്പിച്ചത്. പരമ്പരയിലെ നാലു മത്സരങ്ങൾ ട്രിനിഡാഡിലും ഗയാനയിലുമായാണ്. ഈ രാജ്യങ്ങളിലാണ് ദക്ഷിണേഷ്യയിൽ നിന്നുള്ള പ്രവാസികളും തലമുറകളും ഏറെയുള്ളത്.
കഴിഞ്ഞ വർഷം രണ്ടു കോടി ഡോളർ നഷ്ടമുണ്ടായതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോണി ഗ്രെയ്‌വ് പറയുന്നു. ഫ്‌ളോറിഡയിലെ മത്സരങ്ങൾക്ക് വൻ ജനക്കൂട്ടമെത്തി. ഇന്ത്യയുടെ പര്യടനങ്ങളിലെ അവശേഷിച്ച മത്സരങ്ങളിലും തിങ്ങിനിറഞ്ഞ ഗാലറിയാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയും വെസ്റ്റിൻഡീസും ആദ്യം ഏറ്റുമുട്ടിയത് 1948 നവംബർ 10 ന് ദൽഹിയിലാണ്. അന്ന് മുതൽ രണ്ട് ബോർഡുകളും തമ്മിൽ ഉറ്റ ബന്ധമുണ്ട്. 1953 ലാണ് ഇന്ത്യൻ ടീം ആദ്യമായി കരീബിയൻ പര്യടനം നടത്തിയത്. ഇന്ന് ചാർടേഡ് വിമാനത്തിലാണ് ഇന്ത്യൻ കളിക്കാർ സഞ്ചരിക്കുന്നത്. എന്നാൽ അന്ന് ലണ്ടനിലേക്ക് 10 മണിക്കൂർ കപ്പൽ യാത്ര ചെയ്താണ് പര്യടനത്തിന് തുടക്കമിട്ടത്. അവിടെ നിന്ന് ചെറിയ ചരക്കുകപ്പലിൽ രണ്ടാഴ്ച സഞ്ചരിച്ച് ബാർബഡോസിലെത്തി. അവിടെ എത്തുമ്പോഴേക്കും മികച്ച കളിക്കാരെയും കടൽചൊരുക്ക് ബാധിച്ചിരുന്നു.
എഴുപതുകളിലും എൺപതുകളിലും കരീബിയൻ താരങ്ങളായിരുന്നു ലോക ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറുകൾ. 1971 ലെ പ്രഥമ കരീബിയൻ പ്രകടനം ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് ഗവാസ്‌കർ ഓർക്കുന്നു. കളിക്കളത്തിൽ തിളങ്ങിയെന്നതുകൊണ്ടു മാത്രമല്ല അത്. ഒരുപാട് സുഹൃത്തുക്കളെയാണ് അന്ന് കിട്ടിയത്. വെസ്റ്റിൻഡീസുകാർ ജീവിതത്തെ സ്‌നേഹിക്കുന്നു. അതുകൊണ്ടാവണം അവരെ എനിക്ക് ഇഷ്ടമാണ് -ഗവാസ്‌കർ പറഞ്ഞു.
കരീബിയൻ ക്രിക്കറ്റിന് പ്രതാപ കാലത്തിലേക്കു തിരിച്ചുപോകാൻ കഴിയുമെന്ന് ഗവാസ്‌കർ വിശ്വസിക്കുന്നു. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ അവരുടെ പരമ്പര ശുഭസൂചകമാണ്. അവരുടെ ബൗളർമാർ മെച്ചപ്പെട്ട ലൈനിൽ പന്തെറിയുന്നുണ്ട്. ലെംഗ്തിലാണ് അവർക്കു പിഴക്കുന്നത്. നന്നായി ബൗൺസറുകൾ എറിയാമെന്ന് പാക്കിസ്ഥാനെതിരെ ലോകകപ്പിലും അവർ തെളിയിച്ചു -ഗവാസ്‌കർ പറഞ്ഞു.
ഇന്ന് കളിക്കളത്തിലും പുറത്തും ഇന്ത്യയെ മാതൃകയാക്കാനാണ് വെസ്റ്റിൻഡീസ് ശ്രമിക്കുന്നത്. കളിക്കളത്തിലും സാമ്പത്തികമായും ഭദ്രമാണ് ഇന്ത്യൻ ടീം. കളിക്കളത്തിലും പുറത്തും ദുരിത ഘട്ടത്തിലൂടെ കടന്നുപോവുന്ന വെസ്റ്റിൻഡീസ് ടീം പുതിയ തുടക്കത്തിനാണ് ആഗ്രഹിക്കുന്നത്.