കശ്മീരില്‍ ജുമുഅ നിര്‍വഹിച്ചവരുടെ കണക്കുമായി അധികൃതര്‍

ശ്രീനഗറില്‍ പള്ളികളില്‍നിന്ന് മടങ്ങിയ സ്ത്രീകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കന്നു.

ശ്രീനഗര്‍- കശ്മീരിലെ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ജുമുഅ നമസ്‌കരിച്ചവരുടെ കണക്ക് അധികൃതര്‍ പുറത്തുവിട്ടു. ശ്രീനഗറില്‍ 18000 പേരും ബുദ്ഗാമില്‍ 7500 പേരും അനന്തനാഗില്‍ 11,000 പേരും ജുമുഅയില്‍ പങ്കെടുത്തതായി സംസ്ഥാന ഭരണകൂടം വെളിപ്പെടുത്തി. ബാരാമുല്ല, ഷോപിയാന്‍, കുല്‍ഗാം എന്നിവടങ്ങളില്‍ നാലായിരത്തില്‍ താഴെ പേര്‍ മാത്രമാണ് പ്രാര്‍ഥനക്കെത്തിയത്. നെഹ്‌റു പ്ലേസ്, സോന്‍വാര്‍, ശിവ്പുര എന്നിവടങ്ങളിലെ പ്രധാന പള്ളികളിലേക്ക് പോകാന്‍ ശ്രമിച്ചവര്‍ക്ക് തടസ്സം നേരിട്ടു.

നിറഞ്ഞുകവിഞ്ഞ് ആളുകള്‍ റോഡുകളില്‍ നമസ്‌കരിക്കാന്‍ നിര്‍ബന്ധിതമാകാറുള്ള പള്ളികളാണിതെന്ന് കശ്മീരികള്‍ പ്രതികരിച്ചു. പള്ളികള്‍ക്കു ചുറ്റുമുള്ള കെട്ടിടങ്ങളിലെ ടെറസുകളില്‍ സൈനികര്‍ നിലയുറപ്പിച്ചിരുന്നു. വീടുകള്‍ക്ക് തൊട്ടുടത്ത പള്ളികളില്‍ പോകാന്‍ മാത്രമായിരുന്നു അനുമതി.

നമസ്‌കാരം ആര്‍ക്കും തടയാനാവില്ലെന്നും ആരു തടഞ്ഞാലും പോകുമെന്നും ലാല്‍ബസാര്‍ സ്വദേശി നൂര്‍ജഹാന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടില്ലെന്ന് പറഞ്ഞ അവര്‍, കശ്മീരിനെ വിഭജിച്ചതിനെ കുറിച്ചോ പ്രത്യേക പദവി നീക്കിയതിനെ കുറിച്ചോ പ്രതികരിച്ചില്ല.

ജാമിഅ മസ്ജിദ്, ഹസ്രത്ത് ബാല്‍ പള്ളി എന്നിവിടങ്ങളില്‍ ജുമുഅക്ക് പോകാന്‍ അനുവദിച്ചിരുന്നില്ല. സാധാരണ ഈ പള്ളികളിലാണ് വന്‍ തിരക്കുണ്ടാകാറുള്ളത്. പള്ളികള്‍ക്ക് സമീപത്തേക്ക് കാറുകളും ബൈക്കുകളും അനുവദിച്ചിരുന്നില്ല.
ലാല്‍ ചൗക്കിനു സമീപം മൗലാനാ ആസാദ് റോഡില്‍ നമസ്‌കാരത്തിനുശേഷം നൂറോളം പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. പോലീസ് ഇവരെ ഉടന്‍ പിരിച്ചുവിട്ടു.

നമസ്‌കാരം കഴിഞ്ഞ് സുരക്ഷിതമായി വീടുകളിലേക്ക് തിരികെ എത്തുന്നതിനെ കുറിച്ചായിരുന്നു പള്ളികളില്‍ എത്തിയവര്‍ക്ക് ആധിയെന്ന് പള്ളികള്‍ സന്ദര്‍ശിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞു.
പള്ളികളില്‍നിന്ന് മടങ്ങിയവര്‍ അത്യാവശ്യ പച്ചക്കറികളും മാംസവും വാങ്ങി. സാധാരണ കിലോക്ക് 350 മുതല്‍ 400 രൂപ വരെ വാങ്ങിയിരുന്ന പൂഞ്ച് ,രജൗരി, ജമ്മു എന്നിവിടങ്ങളിലെ ആട് വ്യാപാരികള്‍ കിലോക്ക് 250 രൂപ തോതിലാണ് വിറ്റത്.

 

Latest News