Sorry, you need to enable JavaScript to visit this website.

മദ്യവും സ്വർണവും പണവുമായി നിരവധി  ഇന്ത്യക്കാർ സൗദി അതിർത്തികളിൽ പിടിയിലാകുന്നു

ഹൗസ് ഡ്രൈവർമാരും നിരീക്ഷണത്തിൽ  

 ദമാം- മദ്യവും സ്വർണവും പണവുമായി നിരവധി ഇന്ത്യക്കാർ സൗദി അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ പിടിയിലാകുന്നതായി റിപ്പോർട്ട്. രണ്ടു മാസത്തിനകം നൂറു കണക്കിന് ഇന്ത്യക്കാരാണ് ഇത്തരം കേസുകളിൽ പിടിയിലായി അഴിയെണ്ണുന്നത്. കേരളത്തിന് പുറമെ, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മദ്യവും സ്വർണവും പണവും കടത്തുന്നതിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്. ബഹ്‌റൈനിലേക്ക് ആളുകളെ എത്തിക്കാനുള്ള ടാക്‌സി സർവീസ് എന്ന പേരിലാണ് നാട്ടിൽ നിന്ന് മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും വാഗ്ദാനം ചെയ്തു ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇവിടെ നിന്ന് ബഹ്‌റൈനിലേക്ക് പണവും തിരിച്ചു വരുമ്പോൾ മദ്യവും കടത്തുകയും ചെയ്യുന്ന ഇവർ നിരന്തരമായ യാത്രകൾക്കിടെ ഒരു ദിവസം പിടിയിലാകുന്നതോടെയാണ് ജയിലിലകപ്പെടുന്നത്. ഡ്രൈവർമാരിൽ ചിലർ അറിഞ്ഞു കൊണ്ടാണ് ഈ സംഘത്തിൽ ചേരുന്നത്. കൊല്ലം സ്വദേശികളായ പത്തോളം പേരും മലപ്പുറം, തൃശൂർ, കോഴിക്കോട് സ്വദേശികളായ 14 പേരും ഇതിനകം തുഖ്ബ ദമാം, അൽഹസ ജയിലുകളിൽ കഴിയുന്നുണ്ട്. കസ്റ്റംസ് അധികൃതരുടെ അറിവോടെയാണ് ഈ ബിസിനസ് എന്നാണ് സംഘത്തലവന്മാർ പാവപ്പെട്ട ഡ്രൈവർമാരെയും പറഞ്ഞു ഫലിപ്പിക്കുന്നത്. പിടിയിലാകുമ്പോൾ മാത്രമാണ് ഇത് വെറും വാഗ്ദാനങ്ങൾ മാത്രമാണെന്ന് അറിയുന്നത്. 
ഇതിനു സമാനമായി തന്നെയാണ് യു.എ.ഇ അതിർത്തിയായ ബത്ഹ വഴിയുള്ള സ്വർണക്കടത്തും അംഗീകരിച്ചതിലും കൂടുതൽ കറൻസിയും കടത്തി പിടിയിലാകുന്നത്. മംഗലാപുരം, മുംബൈ സ്വദേശികളായ നിരവിധി പേർ ഇവിടെ ഇതിനകം പിടിയിലായിട്ടുണ്ട്. നിരവധി ട്രെയിലർ ഡ്രൈവർമാർ സ്വർണക്കടത്തിലും ഹവാല പണമിടപാടിന്റെയും പേരിൽ ജയിലിൽ കഴിയുന്നുണ്ട്. കൂടാതെ അയൽ രാജ്യങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് പുകയില ഉൽപ്പന്നങ്ങളും സിഗററ്റും വാഹനങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന കേസിൽ അനേകം പേരും ജയിൽവാസം അനുഭവിക്കുന്നതായാണ് വിവരം. പിടിയിലാകുന്നവർ ഭീമമായ തുക പിഴ ഒടുക്കേണ്ടി വരുന്നതിന് പുറമെ, ജയിൽ ശിക്ഷ പൂർത്തിയാകുമ്പോൾ ആജീവനാന്തം സൗദിയിൽ പ്രവേശിക്കാൻ കഴിയാത്ത രൂപത്തിൽ കരിമ്പട്ടികയിൽ ചേർത്താണ് അവരെ നാട് കടത്തുന്നത്. നിലവിലെ നിയമങ്ങൾ അറിഞ്ഞും നൂറു കണക്കിനാളുകളാണ് ഇത്തരം നിയമ ലംഘന ജോലികളിൽ ഏർപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. 
കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും വർധിച്ചതോടെ ദമാമിൽ നിന്ന് ബഹ്‌റൈനിലേക്കും മറ്റു അയൽ രാജ്യങ്ങളിലേക്കുമുള്ള ടാക്‌സി ഓടുന്ന ഹൗസ് ഡ്രൈവർമാരെയും നിരീക്ഷിച്ചു വരുന്നുണ്ട്. നിരന്തരമായി ബഹ്‌റൈനിലേക്കും ദുബായിലേക്കും ടാക്‌സി ഓടുന്ന നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. നൂറുകണക്കിന് ഡ്രൈവർമാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് വിവരശേഖരണം നടത്തിവരികയാണെന്ന് മനസ്സിലാകുന്നു. യഥാർഥത്തിൽ ഹൗസ് ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ സേവനം സ്‌പോൺസർക്കും ബന്ധുക്കൾക്കും മാത്രമായി പരിമിതമാണ്. ലെവിയും മറ്റു നിബന്ധനകളിലും ഇളവു നൽകുന്ന തസ്തികയായ ഹൗസ് ഡ്രൈവർ വിസയിൽ എത്തി സ്വകാര്യമായി ടാക്‌സി ജോലി ചെയ്യുന്ന നൂറു കണക്കിന് ഡ്രൈവർമാരെയാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ പിടികൂടുന്നത്. ഇവർക്കൊപ്പം വ്യത്യസ്തരായ ആളുകളാണ് ഓരോ തവണയും സഞ്ചരിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് നിരീക്ഷണം ശക്തമാക്കുന്നത്. നിയമലംഘനം സ്ഥിരീകരിക്കപ്പെട്ടാൽ ഗവൺമെന്റ് സേവനം ബ്ലോക്ക് ചെയ്യുകയും ആജീവനാന്തം സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി നാടുകടത്തുകയുമാണ് ചെയ്യുന്നത്. 


 

Latest News