കണ്ണൂർ - കണ്ണൂരിൽ കനത്ത മഴ തുടരുന്നു. ഇരിട്ടി വള്ളിത്തോട് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മൂന്നു സ്ഥലങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3189 പേരെ മാറ്റിപ്പാർപ്പിച്ചു. 149 വീടുകൾ തകർന്നു. വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപും പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രവും വെള്ളത്തിനടിയിലായി. മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രക്ഷാ പ്രവർത്തനത്തിന് പട്ടാളം ഇറങ്ങി.
ഇരിട്ടിക്കടുത്ത് കോളിത്തട്ടിലെ വില്ലംപാ ജോയി (77) യാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ജോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പേരട്ട, കോളാരി, നീലാങ്കേരി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടലുണ്ടായത്. പേരട്ടയിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇരിട്ടി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ പലയിടത്തും ബസ് ഗതാഗതമടക്കം തടസ്സപ്പെട്ടു. കച്ചേരിക്കടവ് പാലം തകർന്നു. ശ്രീകണ്ഠാപുരം, ചെങ്ങളായി, ഇരിക്കൂർ, ഇരിട്ടി, ചപ്പാരപ്പടവ്, ആലക്കോട് തുടങ്ങിയ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. പഴശ്ശി അണക്കെട്ട് തുറന്നു വിട്ടതോടെ വളപട്ടണം പുഴയിൽ വെള്ളം ഉയർന്നു. കഴിഞ്ഞ ദിവസം മുതൽ പുഴ കരകവിഞ്ഞൊഴുകുകയാണ്. പുഴയോരത്തെ പറശ്ശിനി മുത്തപ്പൻ ക്ഷേത്രം ഇന്നലെ ഉച്ചയോടെയ പൂർണമായും വെള്ളത്തിനടിയിലായി. ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയധികം വെള്ളം ഉയരുന്നത്. വളപട്ടണം പുഴയിലെ പാമ്പുരുത്തി അടക്കമുള്ള ആറ് ദ്വീപുകളും മുങ്ങി. ഇവിടെയുള്ള 250 ഓളം കുടുംബങ്ങളെ കഴിഞ്ഞ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. മറ്റു ദ്വീപുകളിൽ ജനവാസമില്ല. കണ്ണൂരിലെ തീരമേഖലയായ പഴയങ്ങാടി, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. പഴയങ്ങാടി ടൗണിൽ വലിയ തോതിലാണ് വെള്ളം കയറിയത്.