അബുദാബി- അബുദാബിയിലെ ആദ്യ ടോള്‍ഗേറ്റ് മഖ്ത പാലത്തിനു മുന്നില്‍ സ്ഥാപിച്ചു. ഒക്ടോബര്‍ 15 മുതലാണു ടോള്‍ ഈടാക്കുക. നഗരവുമായി ബന്ധിപ്പിക്കുന്ന ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ ബിന്‍ സായിദ് പാലം, മുസഫ പാലം, അല്‍മഖ്ത പാലം എന്നീ നാലിടത്ത് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്ന കാര്യം ഗതാഗത വിഭാഗം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മറ്റ് മൂന്നു സ്ഥലങ്ങളില്‍ വൈകാതെ ടോള്‍ ഗേറ്റ് സ്ഥാപിക്കും. ഗതാഗതക്കുരുക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
തിരക്കുള്ള സമയങ്ങളില്‍ ടോള്‍ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനത്തിന് നാല് ദിര്‍ഹമും തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും രണ്ട് ദിര്‍ഹമും ആയിരിക്കും ഈടാക്കുക. ഒരു ദിവസം ഈടാക്കുന്ന പരമാവധി തുക 16 ദിര്‍ഹം.






